പ്രണയം പൂവിടുന്ന ‘ജക്കരന്ത’
സഫല പ്രണയത്തിന് സാഹിത്യത്തില്‍ പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. വിഫലവും തിരസ്‌കൃതവുമായ പ്രണയമാണ് വാസ്തവത്തില്‍ എഴുത്തിനു വിഷയമാകേണ്ടത്. പ്രണയം സഫലമായി വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിന്റെയത്രയും പരിതാപകരമായ ഒരു വിഷയം സാഹിത്യത്തിനുണ്ടോ?
- ബെന്നി ഡൊമിനിക്
യൂറോപ്യന്‍ പശ്ചാത്തലത്തില്‍, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അത്ര സാധാരണമല്ലാത്ത കഥ പറയുകയാണ് മോബിന്‍ മോഹന്‍ തന്റെ പ്രഥമ നോവലില്‍. പ്രണയമാണ് ആത്യന്തിക സത്യമെന്നും സൗഹൃദം വിശുദ്ധമായ ഒരനുഭവമാണെന്നും ജക്കരന്ത എന്ന നോവല്‍ സൗമ്യമായും സമൃദ്ധമായും പറയുന്നു. പ്രണയവും സൗഹൃദവുമാണ് ജീവിതത്തെ വശ്യമാക്കിത്തീര്‍ക്കുന്നതെന്നും അതിന്റെ തണലില്‍ മാത്രമാണ് ജീവിതം ജക്കരന്തയെപ്പോല്‍ പുഷ്പിക്കുന്നതെന്നും ഈ നോവല്‍ വ്യക്തമാക്കുന്നു.
കര്‍ണോവിയയില്‍ ജക്കരന്ത വൃക്ഷങ്ങള്‍ ധാരാളമായി വളരുന്നു. വയലറ്റ് നിറമുള്ള പൂക്കളാല്‍ അവ പ്രണയികളുടെ ഹൃദയത്തെ എന്തെന്നില്ലാതെ വശീകരിക്കുന്നുണ്ട്. ഒക്ടേവിയസ് രാജാവ് ഹൃദയവേദനയോടെ, തന്റെ പ്രണയിനിയുടെ കബറിടത്തില്‍ കുഴിച്ചിട്ട ജക്കരന്തയായിരുന്നു കര്‍ണോവിയയിലെ ആദ്യത്തെ ജക്കരന്ത വൃക്ഷം. നഷ്ടപ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി ഒക്ടേവിയസ് രാജാവ് തന്നെ ജക്കരന്ത തൈകള്‍ കര്‍ണോവിയയിലെമ്പാടും നട്ടു പിടിപ്പിച്ചു. പ്രണയത്തിന്റെ അലൗകികമായ അനുഭൂതികള്‍ ജക്കരന്തയുടെ വയലറ്റു നിറമാര്‍ന്ന പൂക്കളായി കര്‍ണോവിയയില്‍ നിറഞ്ഞു.
ഐതിഹ്യങ്ങളും ചരിത്രവും പുഷ്പിച്ചു നില്‍ക്കുന്ന, ജക്കരന്ത വൃക്ഷങ്ങള്‍ നിറഞ്ഞ യൂറോപ്യന്‍ ഭൂപ്രകൃതിയും ഒത്തുചേര്‍ന്ന് പ്രണയസൗഹൃദങ്ങളുടെ ഒരു സ്വപ്‌നസദൃശമായ ഒരു ലോകം സൃഷ്ടിക്കുന്നുണ്ട് ഈ യുവ സാഹിത്യകാരന്‍.സ്വച്ഛന്ദമായി പ്രവഹിക്കുന്നു ഇതിലെ ആഖ്യാനം. കാല്‍പനികത അതിതരളമായി നിലം പതിക്കാതെ, ബാലിശതകള്‍ക്കിടം കൊടുക്കാതെ ആഖ്യാനത്തില്‍ പക്വതയും സൗന്ദര്യവും നിറയ്ക്കുന്നു ഈ എഴുത്തുകാരന്‍.
റോമാ സാമ്രാജ്യത്തിന്റെ ചരിത്രസന്ധികളില്‍ പോംപിയും സീസറും തമ്മിലുള്ള യുദ്ധം, നെപ്പോളിയന്റെ യുദ്ധവീര്യം, ജോസഫൈനോടുണ്ടായിരുന്ന തീവ്രപ്രണയം ഒടുവില്‍ നെപ്പോളിയന്റെ പതനം ഒക്കെ മിന്നല്‍ക്കാഴ്ചകളായി നോവലില്‍ ഇടം പിടിക്കുന്നുണ്ട്. റാക്കിയസിന്റെയും സിബില്ലയുടെയും പ്രണയ കഥ, ഒക്ടേവിയസ്സിന്റെയും കാതറൈന്റേയും ദുരന്ത പര്യവസായിയായ പ്രണയം, പ്രണയികളുടെ മധ്യസ്ഥയായ വിശുദ്ധ ഡൈന്‍ വെന്നിന്റെ കഥ – ഇവയിലൊക്കെ വിഫലമായ പ്രണയത്തിന്റെ വേദനകള്‍ വിഷാദം നിറയ്ക്കുന്നുണ്ട്. സാല്‍വദോര്‍ – അമേലിയ മാരുടെ സഫല പ്രണയം ഈയൊരു വൈഷാദിക പശ്ചാത്തലത്തിലാണ് ഉരുവം കൊള്ളുന്നത്. അതു നന്നായി. ഇവരുടെ സഫല പ്രണയത്തെക്കാള്‍ മനസ്സിലേക്കു എളുപ്പം പ്രവേശിക്കുന്നത് പ്രണയത്തിനായി സ്വയം സമര്‍പ്പിച്ച്, ജീവത്യാഗം ചെയ്യേണ്ടിവന്ന അഗസ്റ്റാനൊയാണ്. ചിലര്‍ക്ക് പ്രണയം ജീവന്‍ കൊടുക്കാനും മറ്റു ചിലര്‍ക്ക് ജീവനെ പൂച്ച തട്ടിക്കളിക്കുന്നതു പോലെ കളിക്കാനുമാണ്! അഗസ്റ്റാനൊയുടെ ഭഗ്‌നപ്രണയം നോവലിന് ഒരു ഗൗരവം പ്രദാനം ചെയ്യുന്നുണ്ട്.
സഫല പ്രണയത്തിന് സാഹിത്യത്തില്‍ പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല. വിഫലവും തിരസ്‌കൃതവുമായ പ്രണയമാണ് വാസ്തവത്തില്‍ എഴുത്തിനു വിഷയമാകേണ്ടത്. പ്രണയം സഫലമായി വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിന്റെയത്രയും പരിതാപകരമായ ഒരു വിഷയം സാഹിത്യത്തിനുണ്ടോ? ജീവിതത്തില്‍ അങ്ങനെ അല്ലായിരിക്കാം. ഒരു ചോദ്യചിഹ്നത്തോടെ മാത്രമേ മേല്പറഞ്ഞ വാക്യം അവസാനിപ്പിക്കാനാവൂ.
പ്രണയമാണ് നോവലിന്റെ കേന്ദ്ര പ്രമേയം എങ്കിലും സൗഹൃദത്തിന്റെ വിശുദ്ധി നിറഞ്ഞ അനുഭവങ്ങളും ശക്തമായി അനുഭവപ്പെടുന്നുണ്ട്. സാല്‍വദോറിന്റെയും അഗസ്റ്റാനൊയുടെയും സൗഹൃദത്തിന് ആഴത്തിലുള്ള ആത്മസ്പര്‍ശമുണ്ട്.
യൂറോപ്പിലെവിടെയും സഞ്ചരിക്കാതെ യൂറോപ്പ് പശ്ചാത്തലമായി എഴുതിയ ഈ നോവലില്‍ അകൃത്രിമഭാവന ഒരു പ്രസാദാത്മകതയായി നിലകൊള്ളുന്നുണ്ട്.ഇതില്‍ ഉപയോഗിച്ചിട്ടുള്ള ഭാഷയും പ്രമേയത്തെ പരിപോഷിപ്പിക്കുന്നതു തന്നെ. എങ്കിലും ഭാഷയെ കുറച്ചു കൂടിയൊക്കെ സ്വച്ഛന്ദമായി വിഹരിക്കാന്‍ അനുവദിക്കാവുന്നതാണ്. ഉദാഹരണങ്ങള്‍ മനസ്സിലുണ്ടെങ്കിലും ഇവിടെ പരാമര്‍ശിക്കുന്നില്ല.
റക്കോണ മലയും അതോടനുബന്ധിച്ചുള്ള ഐതിഹ്യവും ചരിത്ര പരാമര്‍ശങ്ങളും ഒക്കെ നോവലിന് ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
കേവലമൊരു പ്രണയകഥയായി മാത്രം ചുരുങ്ങിപ്പോവാതിരിക്കാന്‍ നോവലിസ്റ്റ് മനസ്സിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. വില്ലോ മരങ്ങളും മേപ്പിള്‍ മരങ്ങളും വയലറ്റു പൂക്കളുടെ കുട നിവര്‍ത്തി നില്‍ക്കുന്ന ജക്കരന്ത വൃക്ഷങ്ങളും സൈഗ നദിയുംറൈന്‍ നദിയുടെ ഓളപ്പരപ്പുകളും ഒക്കെക്കൂടി ഒരു മനോഹര ഭൂഭാഗത്തെ ഭാവനയില്‍ പുന:സൃഷ്ടിച്ച് പ്രണയവും സൗഹൃദവും തളിര്‍ക്കുന്ന ഒരു ലോകത്തെ വായനക്കാരനു സമ്മാനിക്കുന്നുണ്ട് മോബിന്‍ മോഹന്‍.ഇദ്ദേഹം മലയാള നോവലിന് ഒരു വാഗ്ദാനമായി മാറുന്നുണ്ട് എന്ന് ആദ്യ കൃതി പറയാതെ പറയുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021 ലെ യുവ പുരസ്‌കാര്‍ ലഭിച്ച ഈ നോവല്‍ വായന ആഹ്‌ളാദകരമായ ഒരനുഭവം നല്‍കുന്നു. പ്രണയമല്ലേ വിഷയം എന്നാരും വില കുറച്ചു കാണേണ്ടതില്ല.
പ്രണയത്തിന്റെ നിറവും മുറിവും വിങ്ങലും ഒക്കെ അനുപാതത്തോടെ ആവിഷ്‌കരിക്കുന്ന എഴുത്ത് സാഹിത്യത്തിനു അന്യമാവുന്ന കാലം വന്നു ചേര്‍ന്നിട്ടില്ല.
വന്നിട്ടുള്ള ചില്ലറ പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ചു കാണേണ്ടതില്ല എന്ന അഭിപ്രായമാണ് ഇതെഴുതുമ്പോള്‍ എനിക്കുള്ളത്.
രചനകളും ലേഖനങ്ങളും അയക്കാം
kaippadamagazine.com
JBxUaYmjztDqKVfr
3 seconds ago Your comment is awaiting moderation.rhGtmYywsx