‘പ്രണയം തെറ്റാണോ’

ചോദ്യത്തിനൊപ്പം പെണ്‍കുട്ടിയുടെ നെറ്റിയിലെ കറുപ്പിച്ച പുരികക്കൊടി വില്ല് പോലെ വളഞ്ഞു. ചോദ്യമുന്നയിച്ച പെണ്‍കുട്ടിയുടെ മുഖത്തേക്ക് പോലീസുകാരന്‍ രൂക്ഷമായി നോക്കി.

‘പ്രണയം തെറ്റല്ല പക്ഷേ ഇതിന്…’

അയാള്‍ മുഴുമിക്കാതെ മാറി നില്‍ക്കുന്ന യുവാവിനെ നോക്കി. അപഹാസ്യനായ ധീരനെ പോലെ അയാളുടെ മുഖവും
ശരീരവും വിറക്കൊള്ളുന്നുണ്ടായിരുന്നു.
‘അപ്പോള്‍ ഇയാളോ’
നിരാശനായി നില്‍ക്കുന്ന യുവാവിനെ നോക്കിയ ശേഷം എസ്.ഐ പെണ്‍കുട്ടിയോട് ചോദ്യമുയര്‍ത്തി.

‘ഒണ്‍ലി ഫ്രണ്ട്ഷിപ്പ്, അതിനെ അയാള്‍ തെറ്റായി കണ്ടതിനു, ഞാനെന്തു ചെയ്യാന്‍’

പെണ്‍കുട്ടി ചിറി കോട്ടി നിശബ്ദ്ധനായി നില്‍ക്കുന്ന യുവാവിനെ നോക്കി, തല വെട്ടിച്ചു. അതിനു പിന്തുണ പോലെ പുതുകാമുകന്‍ ഹിപ്പിതലമുടിക്കെട്ട് കുലുക്കി സഗൗരവത്തോടെ, തന്റെ പ്രിയതമയ്ക്ക് പിന്തുണ നല്‍കി.

തന്നില്‍നിന്നുമപഹരിച്ച, സമയത്തെയും അധ്വാനത്തിന്റെ ശേഷിപ്പുകളെയും കലര്‍പ്പിലാതെ താന്‍ നല്‍കിയ പ്രണയത്തെയും അയാള്‍ അക്കമിട്ടു നിരത്തിയെങ്കിലും ശക്തമായ നിഷേധത്തിന്റ ഒരുനിമിഷത്തില്‍ എല്ലാം വെള്ളത്തിലെ വര പോലെ മാഞ്ഞു പോയിരുന്നു.

നിയമം, നിസ്സഹായനായി നില്‍ക്കുന്ന പഴയ കാമുകനെ നോക്കി കണ്ണീര്‍ പൊഴിക്കുന്നതായി പോലീസുകാരനു തോന്നി.

ക്ഷണികമായ കൊതിയുടെയും കെട്ടുറപ്പിലാത്ത ജീവിത ബന്ധങ്ങളുടെ കറുത്തിരുണ്ട പാതയിലൂടെ പൃഷ്ടമുയര്‍ന്ന ബൈക്കില്‍ അവളും പുതുകാമുകനും പഴയ കാമുകന്റെ കിതച്ചു നീങ്ങുന്ന ബൈക്കിനെ മറികടന്നു ആവേശത്തിന്റെ പുതുമയോടെ ശരവേഗത്തില്‍ കടന്നുപോയി.