തൃപ്പൂണിത്തുറ: ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചനകള്‍ നടത്താനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കേണ്ടതെന്ന് ചിന്തകനും അദ്ധ്യാപകനുമായ എന്‍.എം. പിയേഴ്സണ്‍. അത്തരത്തില്‍ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ സൃഷ്ടികളാണ് പിന്നീട് ക്ലാസിക്ക് പുസ്തകങ്ങളായി മാറിയത്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ കൊച്ചി റീജണല്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് വായനയിലും എഴുത്തിലും സംഭവിച്ചിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. വായനയുടെ തലങ്ങളും മാധ്യമവും മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്, പക്ഷേ വായന മരിക്കുകയാണെന്ന പ്രചാരണം അസത്യവുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എം ഫുഡ് കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമാ തോമസ് എംഎല്‍എ, സിസ്റ്റര്‍ ലൂസി കളപ്പുര എന്നിവര്‍ സംസാരിച്ചു. സര്‍ഗോത്സവം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച 13 പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. തൃപ്പൂണിത്തുറ ചൂരക്കാട് ആരംഭിച്ച കൈപ്പട ഓഫീസിന്റെ ഉദ്ഘാടനം കെ. ബാബു എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നു.