‘കുറിക്ക് കൊള്ളുന്ന വാക്കുകള്‍’, മനുഷ്യനെ ചിന്തിപ്പിക്കുന്ന രീതിയില്‍ ആരെങ്കിലും സംസാരിച്ചാല്‍ അതിനെ വിശേഷിപ്പിക്കാന്‍ കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നൊരു പ്രയോഗം. മലയാളിയുടെ മനസ്സിലേക്ക് കുറിക്ക് കൊള്ളുന്ന വാക്കുകള്‍ തൊടുത്ത് വിട്ട് അവന്റെ ചിന്തകളെ ഉദ്ബോധിപ്പിച്ച മഹാകവിയുടെ ഓര്‍മ്മ ദിവസമാണ് ഇന്ന്. പ്രണയം, വിരഹം, വിപ്ലവം, ഭക്തി തുടങ്ങിയ എല്ലാ മേഖലകളിലും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മലയാളിയെ ശീലിപ്പിച്ച വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 47 വയസ്സ്.

കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്. സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകള്‍ വയലാര്‍ തന്റെ തൂലികയിലൂടെ പകര്‍ത്തിയപ്പോള്‍ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി. കാലമെത്ര കഴിഞ്ഞാലും വയലാര്‍ കുറിച്ചിട്ട വരികളില്‍ ആസ്വാദകന്‍ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും ഒരുപോലെ ഒഴുകി. മലയാള ചലച്ചിത്ര ഗാനശാഖക്ക് വയലാര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകള്‍ വയലാര്‍ തന്റെ തൂലികയിലൂടെ പകര്‍ത്തിയപ്പോള്‍ അവയൊക്കെയും മനോഹരമായ പാട്ടുകളും കവിതകളുമായി മാറി.

ഇതിഹാസങ്ങളും പുരാണങ്ങളും വയലാറിന്റെ രചനകളിലൂടെ പുനര്‍ജനിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് അഴകും മിഴിവും ഏറി. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകളില്‍ ഏറെയും വയലാറിന്റെ തൂലികയില്‍ പിറന്നതാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന എത്രയെത്ര പാട്ടുകള്‍. അക്ഷരങ്ങളിലൂടെ മനസ്സുകളെ നടത്തിയ കവിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കൈപ്പടയുടെ പ്രണാമം.