ഒടുക്കം തുടക്കം
എ.കെ. അനില്‍കുമാര്‍
മേല്‍ക്കൂരയില്ലാത്ത
കിനാവിനുള്ളില്‍
മഴ നനഞ്ഞ്
പനിച്ചു വിറച്ചു
ചുരുണ്ടു കിടക്കുന്നുണ്ട്
ഒരുകൂട്ടം ഓര്‍മ്മക്കനലുകള്‍.
ഉള്ളിലെ തീകെട്ടു
പുകമൂടിയ ശരിതെറ്റുകള്‍
ചിന്തകള്‍ ചായം പൂശിയ
തുരുമ്പിച്ചയഴിക്കുള്ളില്‍
മുഖംകോര്‍ത്തേതോ
ആകാശം പരതുന്നു.
നനഞ്ഞയാകാശം
നിറഞ്ഞു പാറുന്നു
ഏകയാം കിളിയൊച്ചകള്‍
വിജനതയിലുപേക്ഷിച്ച
കറുത്ത രാവിന്റെ
നനഞ്ഞ തൂവല്‍ച്ചിറകുകള്‍.
ജീവന്റെ ചിറകുകള്‍
കോര്‍ത്തകലയായ്
തുഴഞ്ഞു വരുന്നുണ്ട്
നിഴല്‍ വിത്തു പാകിയ
ചെറു മിന്നാമിന്നിത്തെളിച്ചം.
ഓര്‍മ്മകള്‍ക്കൊടുക്കമൊരു
പുതു തുടക്കത്തിനാരംഭം.