നുണ
- നിസാര്‍ പിള്ളാട്ട്
കാര്യമിവര്‍ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇടക്കിടക്കിടക്കുള്ളതാണ് ഈ തല്ലുപിടി. സുരേഷന്‍,രാജന്റെ വയറ്റത്തു കയറിയിരുന്ന് പെടലിയില്‍ ശക്തമായി അമര്‍ത്തി. സുരേഷന്റെ നഖപ്പാടുകള്‍ പതിഞ്ഞു ചോര പൊടിഞ്ഞു വന്നപ്പോള്‍, ഊക്കിലൊരു തള്ള് വെച്ചു കൊടുത്തു രാജന്‍.ദാ കെടക്ക്ണ് തിരിഞ്ഞുമറിഞ്ഞു രാജന്‍ സുരേഷന്റെ മുകളില്‍.
ഇയ്യെന്തിനാണ്ടാ… ഇന്നേ.. ഒരു കാര്യോല്ലാതെ വേദനാക്ക്ണ്?
ദേഷ്യത്തിലല്പം സഹതാപം കലര്‍ത്തി രാജന്‍ ചോദിച്ചു.
അതണക്കറിയണോ..,
പുറത്തു തറച്ചു കയറുന്ന ചരലിന്റെ ഊക്കൂടെ സുരേഷന്‍ രാജനെ നോക്കി.
സുരേഷന്റെ മേലുള്ള പിടി രാജനൊന്ന് അയച്ചപ്പോള്‍ ത്രാസിന്റെ കണക്ക് പോലെ സുരേഷന്‍ പൊങ്ങിനിന്നു.
ഇയ്യ് സാവിത്രിന്റെ പെരേല് പോകല്ണ്ട് ലേ… ഡാ ഇന്നോട് ഈ ചതി വേണ്ടായിരുന്നു,
അതാണോ കാര്യം.!
രാജനും സുരേഷനും സാവിത്രിയെ മത്സരിച്ചു പ്രണയിച്ചു. തിരിച്ചവള്‍ പ്രണയവും നടിച്ചു. ചോക്ലേറ്റ് മധുരവും, കുപ്പിവളക്കിലുക്കവും മാറ്റിയിടുന്ന ഉടയാടകളും രണ്ടു പേരില്‍ നിന്നും നിര്‍ലോഭം സാവിത്രി സ്വീകരിച്ചു.
ഒടുവിലത്തെ കുപ്പിവളക്കിലുക്കം അവളുടെ അച്ഛന്‍ പിടിക്കപ്പെട്ടപ്പോള്‍, അന്യനാട്ടില്‍ നിന്നും യോഗ്യനായ ഒരുവന്‍ വരനായി വന്നു സാവിത്രിയുടെ കഴുത്തില്‍ മിന്നിട്ടു പൂട്ടി.
അതോടെ സുരേഷനും, രാജനും തങ്ങളുടെ ജോലിയില്‍ ആത്മാര്‍ത്ഥ കാട്ടിത്തുടങ്ങി. തെങ്ങിന്റെ മണ്ടയില്‍ നിന്നും തേങ്ങയും ഓലയും മടലും വെട്ടിമാറ്റുമ്പോള്‍ ഇരുവരുടെ മനസ്സിലേക്കും സാവിത്രിയുടെ കണ്ണും മൂക്കും,മൊലയും അരയും പാഞ്ഞു വരും.അപ്പോഴെക്കെ താഴോട്ട് ഊര്‍ന്ന് വീഴുന്ന നാളികേരത്തിന് കയ്യും കണക്കും ഇല്ലാതായി. വെട്ട് തന്നെ വെട്ട്.
കൂട്ടത്തില്‍ രാജനൊരു ദുശീലവും പഠിച്ചു. ബീഡിവലി. ഇടക്ക് കഞ്ചാവും കുത്തിക്കേറ്റും അതില്‍.
തെങ്ങിന്റെ മണ്ടയില്‍ പിടിച്ചു കയറിയതില്‍ പിന്നെ രണ്ടുപേരുടെയും ആ പഴയ പുളുന്താന്‍ തടിയൊക്കെ ഒതുങ്ങി ദൃഡമായിട്ടുണ്ട്.
ഒരൂസം സിനിമ കാണാന്‍ വേണ്ടി ഇരുവരും ഒരുമിച്ച് നാട്ടിലെ ഓലമേഞ്ഞ തിയേറ്ററില്‍ കയറി. കൊട്ടകയുടെ മേല്‍വശത്തെ ഓലമേഞ്ഞ ഓട്ടകളിലൂടെ നിലാവിന്റെ പൊട്ടുകള്‍ തിയേറ്ററിനകത്ത് അവിടെയവിടെയായി വീണുകിടക്കുന്നുണ്ട് .തിരശീലയില്‍ രംഗങ്ങള്‍ ഇരുട്ട് വെളിച്ചമായി മാറിമറയമ്പോഴാണ് ചിലരെങ്കിലും പരസ്പരം മുഖമറിയുന്നത്.അപരിചിതര്‍.
ചലിക്കുന്ന ചിത്രത്തിലെ നാട്യക്കാരുടെ മാനസീകവിക്ഷോഭങ്ങള്‍ തങ്ങളുടേത് കൂടിയാക്കി പ്രേക്ഷകര്‍ ഒന്നടങ്കം അതില്‍ ലയിച്ചിരിക്കുകയാണ്. കണ്ണ് നനയുന്നവരും കണ്ണില്‍ ചിരിയെ കൊല്ലുന്നവരും, പൊട്ടിച്ചിരിക്കുന്നവരും, രണ്ടു കയ്യുംകൂട്ടി ആഞടിക്കുന്നവര്‍ പോലും ഉണ്ടതില്‍. ജീവിതം തന്നെയൊരു തമാശയാണല്ലോ. കരച്ചിലും ചിരിയും കയ്യടിയും പോലെ!
തിയേറ്റര്‍ ഇരുട്ടില്‍ സ്വയം മറന്നു സിനിമയില്‍ മുഴുകിയിരിക്കുകയാണ് സുരേഷന്‍. ഇടക്കൊന്നു തലവെട്ടിച്ചപ്പോള്‍ രാജന്‍, ഇരുന്നിരുന്ന തൊട്ടടുത്ത സീറ്റ് കാലിയായി കിടക്കുന്നു. നിസ്സാരമായ ഒരു ചിരി ഉള്ളിലൊതുക്കി സുരേഷന്‍ സിനിമയില്‍ തന്നെ ശ്രദ്ധയൂന്നി.
സിനിമയുടെ അവസാനത്തെ ബെല്‍ മുഴങ്ങിയപ്പോഴും തിരിച്ചു തിയേറ്ററില്‍ കയറാത്ത രാജനെ, തിരഞ്ഞു നേരം കളയാന്‍ തയ്യാറല്ലാത്തത് കൊണ്ട് സുരേഷന്‍ തിയേറ്ററിന്റെ വെളിയിലറങ്ങി.
ഡാ… സുരേഷാ…,
പുറത്തെ നിലാവില്‍ നിന്നൊരു വിളി കേട്ടു.
നിലാവ് കണ്ടാല്‍ പിന്നെ… അന്റെ സൂക്കേട്‌ന് ഒരു മാറ്റോം ഇല്യാ.. ലേ..ഇനി വേറെ.. വല്ലോം ഒപ്പിച്ചോ..മേത്തു മൊത്തം പൊടിയാണല്ലോ..?
അത് കേട്ട് രാജന്‍ തലതാഴ്ത്തി ചിരിച്ചു.
ബാ… പോകാം.
സുരേഷനും രാജനും തോളില്‍ കയ്യ് ചേര്‍ത്ത് മുന്നോട്ട് വെച്ച് പിടിച്ചു.
കവലയിലെ, ലീന തിയേറ്ററിന്റെ പരിസരത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ചെറുപ്പക്കാരന്റെ മൃതദേഹം കണ്ടെത്തി.,
കവുങ് കൊണ്ട് നാലുഭാഗവും നിലയുറപ്പിച്ച്, അതിനിടയിലും മേല്‍ഭാഗത്തും ഓല കൊണ്ട് മറച്ച ചായക്കടയില്‍ നിന്നും ഒരാള്‍ വാര്‍ത്ത വായിച്ചു.
അത് രണ്ടൂസം മുന്‍പ്ള്ള പത്രമാണ്,
നരച്ച മുടിയും ചുളുങ്ങിയ തൊലിയുമായുള്ള കൂട്ടത്തിലെ മറ്റൊരാള്‍ അഭിപ്രായം പറഞ്ഞു.
ഇന്ന് പുത്യേ..വാര്‍ത്ത കിട്ടീട്ട്ണ്ട് ആരോ..കൊന്നതാണ്ന്ന്.
ആരാ… എന്തിനാ..,?
ആളെ പിടിച്ചു,
ആരാണ് പ്രതി?
ഇന്നത്തെ പത്രത്തില്‍ വാര്‍ത്തണ്ട് നോക്ക്,
അത് ചത്തോന്റെ കൂട്ടാരന്‍ തന്നെ ചെയ്തതാണ്,
ങേ!
അതെ..,
എന്താ… കാരണം?
അത് പുറത്തായിട്ടില്ല,
പ്രദേശത്തെ ചായക്കടയില്‍ നിന്നും നരച്ച കൂട്ടങ്ങള്‍ തമ്മില്‍ ചോദ്യോത്തരങ്ങള്‍ പരസ്പരം പങ്കിട്ടു.
അപ്പോള്‍.. പത്രവായനയില്‍ കിട്ടിയതല്ലാതെ ഇതിനെക്കുറിച്ച് ഇവര്‍ക്കൊരു ധാരണയുമില്ല. അതിവരുടെ സംഭാഷണങ്ങളില്‍ നിന്നും നിങ്ങള്‍ക്കും എനിക്കും ഏകദേശം പിടികിട്ടിയല്ലോ.
വായനക്കാരെ ഇനി ഞാന്‍ പറയട്ടെ.
സിനിമ കാണുന്നതിനടക്ക്, രാജന്‍, തിയേറ്ററിന്റെ വെളിയില്‍ ഇറങ്ങി. ഗേറ്റും മറികടന്ന് പുറത്തെ അരണ്ട വെളിച്ചത്തിലൂടെ കുറച്ചധികം മുന്നോട്ടു നടന്നു.തിങ്ങിനിറഞ്ഞ മരങ്ങളുടെ കൂട്ടായ്മ രാജന്റെ മുകളിലൂടെ നിഴലൊപ്പിച്ചു മുഖാമുഖം പിന്നോട്ട് ചലിക്കുന്നുണ്ട്.
ഇലത്തലപ്പുകളില്‍ തട്ടി മുറിഞ നിലാവ് കഷ്ണങ്ങള്‍ ഭയത്തോടെയാണ് താഴേക്ക് നോക്കിക്കാണുന്നത്.മുഴുവനായും ഒലിച്ചിറങ്ങാന്‍ വെമ്പല്‍ കൊണ്ട അവയുടെ മോഹത്തെ മരങ്ങള്‍ ഒന്നടങ്കം തടഞ്ഞു നിര്‍ത്തിയിരിക്കുന്നു.
തടഞ്ഞിടത്തു നിന്നും കുറച്ചകലേക്ക് നിലാവിന്റെ ഒളിച്ചു മാറല്‍, തന്നോടൊപ്പമുള്ളതായി രാജന് തോന്നി. പൂര്‍ണമായി ഒഴിഞ്ഞ പറമ്പില്‍ വെച്ച് രാജന്‍ നിലാവിനെ കെട്ടിപ്പുണര്‍ന്നു.
നിലാവിനെ തൊട്ടറിഞാല്‍ മുഴുവനായി അതവന് ആസ്വദിക്കണം. ആസ്വാദനത്തിന് കൂട്ടിരിക്കാനാണ് അവന്‍ കഞ്ചാവ് ബീഡി ഉപയോഗിച്ചിരുന്നത്. ഒരു തരത്തില്‍ ചിന്തയെ ഏകീകരിച്ചു മേലോട്ട് തന്നെ നോക്കി പുക വിടാം. പലതും മറക്കാം.നിലാവുള്ള രാത്രികളില്‍ പുകച്ചുരുളുകള്‍ക്ക് ശക്തിക്ഷയം സംഭവിക്കുമത്രെ. അത് കൊണ്ടുമാവാം അകം കരിയിച്ചു പുറത്തേക്ക് ചാടുന്ന പുകയടിക്കാന്‍ നിലാവിനെയവന്‍ കൂട്ട് പിടിച്ചത്.
ഒന്ന് രണ്ടു തവണ പുക ഉള്ളിലോട്ട് എടുത്തുവലിച്ചാല്‍ ഒരുതരം ഉന്മാദാവസ്ഥ അവനെ പൊതിയും. പിന്നെയൊരു മായികലോകത്തകപ്പെട്ട പോലെ ചാരുതയും വൈവിദ്ധ്യവുമാര്‍ന്ന പല കാഴ്ച്ചകളും കാണുന്നു.അതിന്റെ അനുരണനത്തില്‍ അവന്‍ മുഴുകി നില്‍ക്കും.
അങ്ങനെ നിലാവിനെയും നോക്കികിടക്കുമ്പോള്‍, പറമ്പിന്റെ ഒരു മൂലയില്‍ സ്ഥിതി ചെയ്യുന്ന ഉപയോഗശൂന്യമായ കിണറിനരികില്‍ നിന്നും ആരുടെയൊ ക്കെയോ സംസാരം അവന്‍ കേട്ടു.ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
അവ്യക്തമായ കാഴ്ചയില്‍, അവന്‍ അവരെ കണ്ടു. രണ്ടുപേരുണ്ട്. അവരുടെ നിഴലുകള്‍ തമ്മിലുള്ള വലിപ്പവ്യത്യാസത്തില്‍ ഒരാള്‍ കുറിയവനും മറ്റൊരാള്‍ ആജാനുബാഹുവുമാണെന്ന് അവനൂഹിച്ചു.
അവരുടെ കയ്യില്‍ ഭക്ഷണമെന്ന് തോന്നിക്കുന്ന ഒരു പൊതിക്കെട്ടും, ഒന്നു രണ്ടു കുപ്പികളും കാണാം. എന്താണവര്‍ പരസ്പരം പറയുന്നതെന്ന് വ്യക്തമാവുന്നില്ല. കുറച്ചുനേരം രാജന്‍ അവരെത്തന്നെ സൂക്ഷമമായി വീക്ഷിക്കുന്നുണ്ടായിരുന്നു. ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ മദ്യപന്‍മാര്‍ തമ്മിലുള്ള രസതന്ത്രമെന്ന് രാജന്‍ ഉറപ്പിച്ചു.
അവരുടെ ഒഴിയും കുടിയും അല്പനേരം നീണ്ടപ്പോള്‍ അത് തന്നെ, നോക്കികാണുന്ന രാജനും, പിന്നെയവര്‍ക്കും തലക്കനം വന്നു കാണും.
പൊടുന്നനെ അതിലൊരുവന്‍ രണ്ടാമനെ അടിച്ചു കിണറ്റില്‍ വീഴ്ത്തുന്നതായി കാണപ്പെട്ടു. എന്തോ കനമുള്ള വസ്തു വെച്ചാണ് ഒരാള്‍ മറ്റൊരാളുടെ തലയില്‍ ആഞടിച്ചത്. രാജന് ആ നേരം അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് കാര്യമാരായാന്‍ ധൈര്യം തോന്നിയെങ്കിലും, താന്‍ കാണുന്നത് യഥാര്‍ത്ഥനിരൂപിതമായ കാഴ്ച്ചയല്ല എങ്കില്‍ വെറുതെ അവിടെ വരെ പോയി നിലാവിന്റെ മുന്നില്‍ നാണം കെടേണ്ടിവരും. മുന്‍പ് സമാനാനുഭവം ഉണ്ടായതിനാല്‍ അതിന് മുതിര്‍ന്നില്ല. വേഗം അവിടെ നിന്നും മറ്റൊരു വഴിയിലൂടെ തിയേറ്റര്‍ പരിസരത്തെത്തി. അവിടെ വെച്ച് സുഹൃത്തായ സുരേഷന്റെ കൂടെ വീട്ടിലേക്കുള്ള വഴിയില്‍ ഒത്തുചേര്‍ന്നു നടന്നു.
ഇത് കൊണ്ടൊന്നും കൊലപാതകത്തിലേക്ക് എത്തിചേര്‍ന്ന കാരണമോ വഴിയോ കണ്ടു പിടിക്കാനായിട്ടില്ല. ആകയുള്ളൊരു സാക്ഷിയാണെങ്കില്‍ കഞ്ചാവടിച്ചു നിത്യേന ഇത്‌പോലെ ഓരോന്ന് കാണുന്നവനും.യഥാര്‍ഥ്യ ബോധതലത്തിലുള്ള ഒരുത്തനെ സാക്ഷിയായിട്ട് കിട്ടിയാല്‍ മതിയായിരുന്നു. വേണ്ട. പണത്തിന്റെ ഹുങ്കില്‍ സാക്ഷി പറയുന്നവന്റെ ബോധം പോയില്ലെങ്കില്‍ മഹാഭാഗ്യം!
കൃത്യം നടന്ന സ്ഥലത്തെ പോലീസ് പരിശോധനയില്‍ കിണറിന്റെ നൂറുമീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്നും തലക്കടിക്കാന്‍ ഉപയോഗിച്ച മരത്തടിയും, കൃത്യം നടക്കുന്നതിന് അല്പം സമയം മുന്‍പ് നിഷാന്തും, പ്രദീപും കൂടി മദ്യപിച്ചിരുന്ന കുപ്പി.അവര്‍ കഴിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ പൊതി. പൊതിയിലെ എല്ലിന്‍കഷ്ണങ്ങള്‍. എന്നിവ ഡോഗ് സ്‌ക്വാഡിന്റെ സഹായത്താല്‍ കണ്ടെത്തി.
ടൗച്ചിങ്‌സായി അവന്‍മാര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ കോഴിക്കാലുകള്‍ മുഴുവനായി തിന്നാത്തത് കാരണം, പോലീസ് നായ ആദ്യം തന്നെ അതിലേക്ക് മണം പിടിച്ചെത്തിയിരുന്നു. അത് അന്വേഷണത്തിന് സഹായകമായി.
നുണപരിശോധനക്ക് വിധേയമാക്കാന്‍ പ്രതിയായ നിഷാന്ത് സഹകരിച്ചില്ല. തനിക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് പ്രതി പറഞ്ഞപ്പോള്‍, വൈദ്യപരിശോധനക്ക് വിധേയമാക്കുകയും അതിലൂടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തു.
മേലുദ്യോഗസ്ഥനും ബാക്കിയുള്ള പോലീസുകാരും പ്രതിയെ ചോദ്യം ചെയ്തു തുടങ്ങി. പക്ഷെ അതിലൊന്നും ഫലം കണ്ടില്ല.
സാറെ.. ഈ കൊലപാതകവുമായി ബന്ധപെട്ട് പുറത്തെ ആളുകളില്‍ നിന്നും കിട്ടിയ വിവരം വെച്ച് ഞാനൊരു കഥ ഒപ്പിച്ചെടുത്താലോ… ചിലപ്പോള്‍ സത്യമാണെങ്കില്‍..ഇതൊക്കെയൊരു ഊഹാപോഹത്തിന്റെ പുറത്തല്ലേ.. നിലനില്‍ക്കുന്നത്.
അങ്ങിനെയാണേല്‍ ബാക്കി എവന്‍ തന്നെ പറഞ്ഞു തരും.,
പൊതുവെ
സരസനും അത്യാവശ്യം വായനാപ്രേമിയുമായ ഒരു പോലീസുകാരന്‍ പ്രതിയുടെ അസാനിദ്ധ്യത്തില്‍ സ്വകാര്യം പറഞ്ഞു.
ഇത് കേട്ട മേലധികാരിയുടെ തല പെരുത്തു. മുഖം കറുത്തു.
ടോ.. ഇത് തന്റെ ടൂക്കിലി വാരികയിലെ കളിയല്ല. സംഗതി പുറത്തയാല്‍ ആദ്യം തെറിക്കുന്നത് എന്റെ തൊപ്പിയായിരിക്കും.,
സാറെ.. ഇത്ര നേരമായിട്ടും അവന്‍ വല്ലതും പറഞ്ഞോ.. ഇല്ലല്ലോ.. ഇനി ഈ വഴിയിലൂടെ ഒരു ശ്രമം നടത്തി നോക്കാം. സാറൊന്ന് നിന്ന് തന്നാല്‍ മതി..,
ഉം… എന്നിട്ട് വൈകുന്നേരം കള്ളുംപുറത്തു നിന്ന് ത്രില്ലടിക്കുമ്പോള്‍ ഇതെല്ലാം എല്ലാരോടും വിളിച്ചു കൂവാന്‍ അല്ലെ…,
സാറെ.. അങ്ങനെയൊന്നും ഉണ്ടാവൂല.. സത്യം,
എന്നാല്‍ ഒണ്ടാക്ക്,
ഇനി നമുക്ക് പോലീസുകാരന്റെ കഥ കേള്‍ക്കാം.
ലീന തിയേറ്ററിന്റെ ഉടമയായിരുന്ന പ്രഭാകരന്‍, മരിച്ചിട്ട് ഇന്നേക്ക് പത്തു വര്‍ഷത്തിലധികമായിരിക്കുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു പുത്രി, ലീന.
സുന്ദരി. ഇവിടെ നിന്നും ഹയര്‍ സെക്കന്ററി വിദ്യഭ്യാസം കഴിഞ്ഞ ശേഷം ബാംഗ്ലൂരിലായിരുന്നു അവളുടെ തുടര്‍പഠനം. മെഡിസിന്. അവിടെ വെച്ച് ഒന്നിലധികം കാമുകന്‍മാരുമായി കറങ്ങിനടപ്പും യാത്രയൊക്കെയായി.
ഓരോ വരവിനു നാട്ടില്‍ വരുമ്പോഴും അച്ഛന്റെ കയ്യില്‍ നിന്നും വന്‍ തുക കൈപറ്റിയാണ് തിരിച്ചുപോക്ക്. ഇങ്ങോട്ട് വരാത്ത നാളുകളില്‍ അവളുടെ ആവശ്യപ്രകാരം അച്ഛന്‍ അവളുടെ അക്കൗണ്ടില്‍ പണമിട്ട് കൊടുക്കും.
അത് മിക്കപ്പോഴും കോളേജില്‍ പോകാതെ കറങ്ങി നടക്കാനുള്ള ഉപാധിയായി അവളുപയോഗിച്ചു.പഠിക്കുന്ന കുട്ടിക്ക് ഇത്രയും പണമെന്തിനാണ് നല്‍കുന്നതെന്ന് അടുത്ത ബന്ധുക്കള്‍ പലപ്പോഴും അവളുടെ അച്ഛനോട് ആരാഞ്ഞിരിന്നു.അപ്പോഴൊക്കെ ഓരോയൊരു മോളല്ലേ.. അവള്‍ക്കല്ലാതെയാര്‍ക്കാണ് ഞാന്‍ ചിലവാക്കേണ്ടതെന്നും, പറഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
ബാംഗ്ലൂരില്‍ കച്ചോടം ചെയ്യുന്ന നാട്ടുകാരന്‍ ഒരു ദിവസം, ലീന, യേയും കൂടെയൊരു പയ്യനെയും ലോഡ്ജ് റൂമിലേക്ക് കയറിപ്പോകുന്നത് കാണുകയും ആ വിവരം അവളുടെ അച്ഛനായ പ്രഭാകരനെ അറിയിക്കുകയും ചെയ്യുന്നു.
അന്നേ ദിവസം
ഇവിടെ നിന്നും കാറെടുത്ത് പോയി മകളുടെ പഠിപ്പ് അവസാനിപ്പിച്ചു തിരിച്ചു കൊണ്ടു വരുന്നു. എന്നിട്ടും അവള്‍ ആ പയ്യനുമായുള്ള അടുപ്പത്തില്‍ പിന്‍മാറിയില്ല.
ആ നേരം അവള്‍ മറ്റു കാമുകന്‍മാരോടുള്ള കപടസ്‌നേഹമെല്ലാം ഒതുക്കി വെച്ച് ഒന്നില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്നു.
പയ്യന്‍ ഇവരുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും വീട്ടില്‍ ആളില്ലാത്ത സമയം ലീന, അവന്റെ കൂടെ ഇറങ്ങിപ്പോകുകയും ചെയ്തു.
പിന്നെയെപ്പോഴാ.. ഈ പ്രഭാകരന്‍ മുതലാളി മരിക്കുന്നത്,
താല്പര്യമുണര്‍ത്തുന്ന കഥ കേട്ട് മേലധികാരി ഇടക്ക് കയറി ചോദിച്ചു.
അത് ഞാന്‍ പറയാം സാര്‍,
പ്രതിയുടെ സഹകരണമനോഭാവം കണ്ടു രണ്ടു പോലീസുകാരും പരസ്പരം കണ്ണിറുക്കി.
ഈ ലീന, മാഡത്തിന്റെ ദുര്‍വാശിയും ദുര്‍നടപ്പും കാരണം, മുതലാളി ആകെ മനോവിഷമത്തിലായിരുന്നു. ആദ്യമൊക്കെ ഞായറാഴ്ചകളില്‍ മാത്രമായൊതുങ്ങുന്ന കള്ള്കുടി പിന്നീട് സ്ഥിരമായി. സ്ഥിരമെന്ന് പറഞ്ഞാല്‍ രാവിലെ എണീറ്റു ബ്രഷ് ചെയ്യുന്നതിന് മുന്‍പ് തുടങ്ങും. അങ്ങനെ കുടിച് കുടിച് കരള്‍ ദ്രവിച്ചാണ് പോയത്.
എന്നിട്ട്..,
പോലീസുകാരന്‍ പ്രതിയെ പ്രോത്സാഹിപ്പിച്ചു.
പിന്നീട് ലീന, മാഡവും അയാളും കല്യാണം കഴിക്കാതെ തന്നെ ഒരുമിച്ചു താമസമാക്കിയിരുന്നു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുറച്ചു പണവുമായി അവന്‍ കടന്നു കളഞ്ഞു.
താന്‍ എത്ര കാലമായി ഇവരുടെ കൂടെ,
പതിനഞ്ചു വര്‍ഷം ആകുന്നു.
ഇവരുടെ ഒട്ടുമിക്ക കച്ചോട സ്ഥാപനങ്ങളുടെ നോട്ടക്കാരന്‍ ഞാന്‍ ആയിരുന്നു. എല്ലാ സ്ഥലങ്ങളിലും പോയി പണം കളക്ട് ചെയ്യുക. അതിവരെ ഏല്‍പ്പിക്കുക.
ബാക്കി കൂടെ പറയെടാ….എന്തിനാണവനെ കൊന്നത്.
ഒരു പോലിസുകാരന്‍ പ്രതിയുടെ നെഞ്ചില്‍ ഊക്കൂടെ തള്ളി.
താഴെ വീണപ്പോള്‍ പിടിച്ചെടുഴുന്നേല്‍പ്പിച്ചു. പിന്നീട് സമീപമുള്ള
ബെഞ്ചില്‍ കമിഴ്ത്തി കിടത്തി. ലാത്തി ഉപ്പൂറ്റിയെ ചുവപ്പിച്ചു. അവിടെ ചോര കനം വെച്ചു.
എണീറ്റു നിര്‍ത്തി നാഭിഭാഗത്തൊരു ബെല്‍റ്റു കെട്ടി.
ബെല്‍റ്റില്‍ പിടിമുറുക്കിയ മുഷ്ടിചുരുട്ടുകള്‍ പിറകോട്ടാഞ്ഞു മുന്നോട്ടു തള്ളി.
പിറ്റേ ദിവസം രാവിലെ തന്നെ, ലീനാമാഡം മേലുദ്യോഗസ്ഥനെ സ്വകാര്യമായി സന്ധിച്ചു.
മറയ്ക്കുവാനുള്ളതിനെ മരിക്കുവോളം മറച്ചുവെക്കുക
തുറന്നുവിട്ടൊരാ
അപ്രിയസത്യങ്ങള്‍
ഫണം വിടര്‍ത്തി തിരിഞ്ഞു
കൊത്തിയാകാം.
കവിതയറിയാത്ത മേലധികാരി മറ്റുള്ള പോലീസുകാരുടെ ചെവിയില്‍ കള്ളക്കവിത മൂളി.
അത് കേട്ട പരിവാരങ്ങള്‍ ഉപചാരം കാണിച്ചു.
കാലചക്രം പിന്നെയും മുന്നോട്ടുരുണ്ടു.. രാജന്‍ കഞ്ചാവടിയും നിര്‍ത്തി. ദൃവിച്ച ഓലക്കെട്ടുകളില്‍ നിന്നും സിനിമാകൊട്ടകകള്‍ ശീതീകരിച്ച ഹാളിലേക്ക് പറിച്ചു നടപ്പെട്ടു.സുരേഷന്റെ സിനിമാഭ്രാന്തിന്റെ കൂടെ രാജനും കൂട്ട് നടന്നു.
അവരും ചങ്ങായിമാരായിരുന്നു.
നിഷാന്തും, പ്രദീപും.
ഒരു പെണ്ണിന്റെ പേര് പറഞാണ് ഒരുത്തന്‍ മറ്റൊരുത്തനെ തലക്കടിച്ചു കിണറ്റിലിട്ടത്. പക്ഷെ.. ആ പേര് ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നില്ല.,!
നിലാവ് കണ്ണെത്തിനോക്കാത്ത ശീതീകരിച്ച സിനിമാ തിയേറ്ററിന്റെ അകത്തു നിന്നും, രാജന്‍ ആ പഴയകാലം ഓര്‍ത്തെടുത്തു.
തൊട്ടടുത്തിരിക്കുന്ന സുരേഷന്‍ പതിവ് പോലെത്തന്നെ ചലച്ചിത്രപ്രദര്‍ശിനിയുടെ സ്പര്യയിലാണ്.