ആത്മഹത്യ! വിവാഹിതയുടെ അവകാശമോ?
-
വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ അവളെ സ്വയം ബഹുമാനിക്കാന്‍ പഠിപ്പിക്കുക. തന്റെ മാനാഭിമാനങ്ങളെ ഭേദ്യം ചെയ്യുന്നവനെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക. എന്നാല്‍ തന്നെ, തനിക്ക് വിലയിടുന്നവനെ വേണ്ടെന്ന് വെക്കാനുള്ള ധൈര്യം അവര്‍ ആര്‍ജ്ജിച്ചുകൊള്ളും.
- ശ്രീലക്ഷ്മി സുധീര്‍
കേരളത്തിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ചിലത് ചോദ്യക്കേണ്ടതുണ്ട്. നിങ്ങളുടെ മകള്‍ വിവാഹം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മനസില്‍ എവിടെയെങ്കിലും ഒരു അഗ്‌നിസ്ഫുലിംഗം അനുഭവപ്പെട്ടിട്ടുണ്ടോ? വിദ്യാഭ്യാസം, ജോലി, സ്വന്തമായി വരുമാനം, എന്തും അഭിമുഖീകരിക്കാനുള്ള ധൈര്യം, ഇവയെല്ലാം മകള്‍ക്കുണ്ടെന്ന വിശ്വാസം നിങ്ങള്‍ക്കില്ലേ? എന്നിട്ടും അത്തരത്തില്‍ ഒരു തീപ്പൊരി മനസ്സില്‍ വീഴാന്‍ കാരണമെന്താണ്?. അവസാനിക്കാത്ത ആത്മഹത്യാ വാര്‍ത്തകള്‍ നിങ്ങളുടെ മനസില്‍ വാരിയെറിയുന്ന കനലുകള്‍ ആണോ അത്തരം തീപ്പൊരികള്‍ക്ക് കാരണം?. നിങ്ങളെ പോലെ തന്നെ, മകള്‍ക്ക് ഏറ്റവും ഉചിതമെന്ന് കരുതി, പല കാര്യങ്ങളും നോക്കിയും അന്വേഷിച്ചും സന്തോഷത്തോടെ വിവാഹം നടത്തി കൊടുക്കുന്നവരല്ലേ എല്ലാ മാതാപിതാക്കളും?, പിന്നെ, എവിടെയാണ് ചിലരുടെയൊക്കെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നത്?
ഏതോ ഒരുവന്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങളുടെ നിര കേട്ട്, വര്‍ഷങ്ങളായി സമ്പാദിച്ച സകലതും, ഒപ്പം സ്വന്തം കുഞ്ഞിനെയും കൊടുത്തു വിടുന്നതിന് മുമ്പ് ഒരുവട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍?. നിങ്ങളുടെ മുന്നില്‍ ഒരു യാചകനെ പോലെ പണവും, വാഹനവും ഇരന്നുവാങ്ങുന്നവന് മകളുടെ കൂടെ ജീവിക്കാന്‍ ശരിക്കും അര്‍ഹതയുണ്ടോയെന്ന്?. അവന്‍ തന്റെ ആവശ്യകത നിരത്താന്‍ തുടങ്ങുമ്പോഴേ ആട്ടി വിടണം. നോ പറയേണ്ടിടത്ത് നോ പറയാന്‍ മലയാളികള്‍ ഇനിയെങ്കിലും ശീലിക്കണം. അവന്‍ ഒരുവന്‍ മാത്രമല്ലല്ലോ നാട്ടില്‍ ഉള്ളത്. സഹജീവികളെ ആദരിക്കാനും, മറ്റുള്ളവരുടെ ചിന്തകളെ മാനിക്കാനും അറിയാവുന്ന എത്രയോ പേര്‍ വേറെയുമില്ലേ?. നല്ല അച്ഛനമ്മമാരാല്‍ വാര്‍ത്തെടുക്കപ്പെട്ട പൗരന്മാര്‍ അനേകം കാണില്ലേ ഇവിടെ?. ഒന്നും പ്രതീക്ഷിക്കാതെ, അവള്‍ക്ക് നല്ല പങ്കാളിയാവാന്‍ കഴിവുള്ള ഒരുവന്‍ ആക്കൂട്ടത്തില്‍ തീര്‍ച്ചയായും കാണില്ലേ?.
വിവാഹം കഴിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ അവളെ സ്വയം ബഹുമാനിക്കാന്‍ പഠിപ്പിക്കുക. തന്റെ മാനാഭിമാനങ്ങളെ ഭേദ്യം ചെയ്യുന്നവനെ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക. എന്നാല്‍ തന്നെ, തനിക്ക് വിലയിടുന്നവനെ വേണ്ടെന്ന് വെക്കാനുള്ള ധൈര്യം അവര്‍ ആര്‍ജ്ജിച്ചുകൊള്ളും. ഒത്തുപോകാന്‍ പറ്റാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ അവളെ നിര്‍ബന്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും, ഒരു ഫോണ്‍ കോളിന്റെ മറുവശത്ത് നിങ്ങളുണ്ടെന്നുള്ള വിശ്വാസം അവള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും തന്റെ പ്രയാസങ്ങള്‍ അവള്‍ ആദ്യം പങ്കുവെക്കുക നിങ്ങളോടായിരിക്കും.
മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് സ്വന്തം മകള്‍ കരഞ്ഞുകൊണ്ട് വിളിച്ചു പറയുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ കടന്നുവരുന്ന ചില വിചിത്രമായ വിചാരങ്ങളുണ്ട്. നാട്ടുകാര്‍ എന്തു വിചാരിക്കും? ബന്ധുക്കള്‍ എന്ത് വിചാരിക്കും? അയലത്തുള്ളവര്‍ എന്തു വിചാരിക്കും? സുഹൃത്തുക്കള്‍ എന്ത് വിചാരിക്കും? അവരൊക്കെ നന്നായി ജീവിക്കുന്നു. എന്റെ ജീവിതത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ട് എന്ന് അറിഞ്ഞാല്‍ മോശമല്ലേ? ഇതൊക്കെ പുറത്തറിഞ്ഞാല്‍ മോശമല്ലേ? പോലീസില്‍ പരാതി കൊടുത്തത് പുറത്തറിഞ്ഞാല്‍ മോശമല്ലേ? അത്തരം വിചാരങ്ങള്‍ ചെന്നെത്തുന്നത് സഹനത്തിന്റെ മുന്നിലാണ്. ജീവിതം ഇങ്ങനെയാണ്. നമ്മള്‍ എല്ലാം സഹിച്ചും, ക്ഷമിച്ചും ജീവിക്കണം. അഡ്ജസ്റ്റ് ചെയ്യണം, വിട്ടു കൊടുക്കണം, സഹിച്ച് സഹിച്ച് ഒടുക്കം ചെന്നെത്തുന്നതോ? തൂക്കുകയറിന് മുന്നില്‍.
ദീര്‍ഘനാളായി അനുഭവിക്കുന്ന ഒരു പ്രശ്‌നത്തിന് തൂക്കുകയര്‍ പരിഹാരം കാണുമ്പോള്‍, ഇത്രയൊക്കെ എന്തിനാ ആ കുഞ്ഞിനെ കഷ്ടപ്പെടാന്‍ വിട്ടതെന്ന്, നിങ്ങള്‍ ഭയന്നിരുന്ന അതേ ബന്ധുക്കളും, സുഹൃത്തുകളും, നാട്ടുകാരും നിങ്ങളോട് ചോദിക്കും. അപ്പോള്‍ ഒരു മറുപടി നല്‍കാനാകാതെ നിങ്ങള്‍ വെറും മൗനമായി മാറും. പിന്നീടുള്ള നിങ്ങളുടെ ജീവിതം തീരാവേദനയുടെ തീച്ചൂളയിലായിരിക്കും. വീട്ടില്‍ ചിരി പടര്‍ത്തി നടന്ന സ്വന്തം മകള്‍ കണ്ണുനീര്‍ മഴ തോരാത്തൊരു പെണ്ണായി, പണക്കൊതി മൂത്ത ഒരുവന്റെ കൂടെ, വികൃത മനസും കുടിലഹൃദയങ്ങളും വസിക്കുന്ന, ദുഷ്ടതയുടെ കനല്‍ ചൂടുള്ള ഭവനത്തില്‍ എരിഞ്ഞെരിഞ്ഞ് ഇല്ലാതാവേണ്ടവള്‍ ആയിരുന്നോ എന്ന ചോദ്യം നിങ്ങളെ കൊത്തിവലിച്ചുകൊണ്ടിരിക്കും. അഭിപ്രായങ്ങളും, ഹാഷ്ടാഗുകളുമായി വന്നവര്‍ അടുത്ത വിഷയം കിട്ടി അതിന് പുറകെ പോകുമ്പോഴും, നിങ്ങളുടെ മനസ്സ് മാത്രം അവളുടെ ഓര്‍മകളില്‍ വെന്തു കൊണ്ടിരിക്കും.
‘ആത്മഹത്യ’, പലതവണ ചിന്തിച്ച ശേഷമാവും അത്തരം ഒരു തീരുമാനത്തില്‍ അവള്‍ എത്തിച്ചേരുന്നത്. ഒരു ചേര്‍ത്തുനിര്‍ത്തല്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് സ്വന്തം കുഞ്ഞിനൊപ്പമുള്ള ഒരുപാട് നാളുകളാണ്. അതുകൊണ്ട്, ഞാന്‍ പറയട്ടെ, മറ്റുള്ളവരുടെ വിചാരങ്ങള്‍ക്ക് മുന്നില്‍ ജീവിതം അഭിനയമാക്കാതിരിക്കുക. നമ്മുടെ ജീവിതത്തിന്റെ ജഡ്ജിയായി മറ്റുള്ളവരെ ഒരിക്കലും കാണരുത്. അത്, അത്യന്തം അപകടകരമാണ്. അങ്ങനെ കാണുന്നിടത്തോളം പലരും നമുക്ക് നഷ്ടമാവുന്നു. നഷ്ടമാവാത്തവര്‍ എവിടെയൊക്കെയോ മരിച്ചു ജീവിക്കുകയും ചെയ്യുന്നു.