ഓരോ പേജിലും ആകാംക്ഷ…
- ജസീം ജാസി
അലക്‌സി എന്ന കഥാപാത്രത്തിന്റെ അന്വേഷണവും അയാളുടെ രീതികളുമെല്ലാം നല്ല രീതിയില്‍ താല്പര്യമുണര്‍ത്തിക്കൊണ്ട്, ഇടയില്‍ ഒരിടത്ത് പോലും ഡൗണ്‍ ആവാതെ ഒരേ വേഗതയില്‍.. ഓരോ പേജിലും ആകാംക്ഷ ജനിപ്പിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്.
ഒരു ഗ്ലാസ്സില്‍ മുറിച്ചു വച്ച രണ്ട് വിരലുകള്‍.!
തറയില്‍ തളം കെട്ടിക്കിടക്കുന്ന രക്തം.!
ആന്റിക് സാധനങ്ങള്‍ ഓണ്‍ലൈന്‍ കച്ചവടം നടത്തുന്ന ‘ആന്റിക്‌സ് ഡീല്‍’ എന്ന സ്ഥാപനത്തിന്റെ, പട്ടണത്തിന് നടുവിലെ ഒരു ഓഫിസിലാണ് വിചിത്രമായ ഈ കുറ്റകൃത്യം നടന്നിരിക്കുന്നത്. കട തുറക്കാനായി പതിവ് പോലെ രാവിലെയെത്തിയ കടയുടമ കാണുന്നത് തന്റെ ഓഫിസ് മുറിയിലിരിക്കുന്ന രണ്ട് മുറിഞ്ഞ വിരലുകളും രക്തവുമാണ്.!
ആരുടേതാണാ വിരലുകള്‍? അതിന്റെ ഉടമസ്ഥന്‍ ജീവനോടെയുണ്ടോ അതോ കൊല്ലപ്പെട്ടോ.. എന്ന ചോദ്യങ്ങളെക്കാള്‍ പോലീസിനെ കുഴച്ചത്.. നാല് മൂലയിലും ഓരോ സെക്കന്റിലും ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരുന്ന സിസിടിവി ക്യാമറകളില്‍ പതിയാതെ എങ്ങനെയാണാ വിരലുകള്‍ ആ മുറിയിലെത്തിയത് എന്ന ചോദ്യമായിരുന്നു.!
പോലിസ് നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി അന്വേഷണങ്ങളുമായി അലക്‌സി എന്ന പ്രൈവറ്റ് ഡീറ്റെക്റ്റിവും അയാളുടെ സഹയാത്രികനായ ജോണും എത്തുന്നു. മുറിഞ്ഞ വിരലുകള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ തേടുന്ന അലക്‌സിക്കും ജോണിനും, പല ഘട്ടത്തിലും അതി സങ്കീര്‍ണവും ഞെട്ടിക്കുന്നതുമായ സംഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.! അത്യന്തം നിഗൂഢത നിറഞ്ഞ ഈ കേസിന് പിന്നിലെ രഹസ്യങ്ങള്‍ ഓരോന്നായി.. തന്റെ അപാരമായ നിരീക്ഷണ പാടവവും കൂര്‍മ്മ ബുദ്ധിയും ഉപയോഗിച്ച് കൊണ്ട് ആ ഡീറ്റെക്റ്റീവ് മറ നീക്കി പുറത്തു കൊണ്ട് വരുമ്പോള്‍, കഥ കൂടുതല്‍ ഉദ്വേഗഭരിതമായ നിമിഷങ്ങളിലേക്ക് ചുവട് വയ്ക്കുകയാണ്.!
രഞ്ജു കിളിമാനൂര്‍ എഴുതിയ ‘ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും’ എന്ന കുറ്റാന്വേഷണ നോവല്‍ കയ്യില്‍ക്കിട്ടിയ ദിവസം തന്നെ വായിച്ചു തീര്‍ത്തു. വളരെ എന്‍ഗേജിങ് ആയൊരു വായനാനുഭവം നല്‍കിയ പുസ്തകമാണിത്. അധികം വലിച്ചു നീട്ടലുകളില്ലാതെ, എന്നാല്‍ ചടുലമായി വളരെ ത്രില്ലിംഗ് ആയി എഴുതിയിരിക്കുന്ന നോവല്‍ ഒറ്റയിരിപ്പിന് വായിക്കാം.
അലക്‌സി എന്ന കഥാപാത്രത്തിന്റെ അന്വേഷണവും അയാളുടെ രീതികളുമെല്ലാം നല്ല രീതിയില്‍ താല്പര്യമുണര്‍ത്തിക്കൊണ്ട്, ഇടയില്‍ ഒരിടത്ത് പോലും ഡൗണ്‍ ആവാതെ ഒരേ വേഗതയില്‍.. ഓരോ പേജിലും ആകാംക്ഷ ജനിപ്പിച്ചു കൊണ്ടാണ് കഥ മുന്നേറുന്നത്.
വായനക്കാരന്റെ ഊഹങ്ങളെ മറികടന്ന് ഓരോ നിമിഷവും അവന് സര്‍പ്രൈസ് നല്‍കുന്ന രീതിയില്‍ പഴുതുകളടച്ച് എഴുത്ത് മുന്നോട്ട് കൊണ്ട് പോവുക എന്നത് ഒരു സസ്‌പെന്‍സ് ത്രില്ലെര്‍ എഴുത്തിലെ വലിയ വെല്ലുവിളിയാണ്. നന്നായി ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകള്‍ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്ത് കലങ്ങിത്തെളിഞ്ഞ ഒരുത്തന് മുന്‍പില്‍, എത്ര ബ്രില്ലിയന്റ് ആയി എഴുതിയ കഥ കൊണ്ട് ഇട്ട് കൊടുത്താലും, കഥയിലെ അന്വേഷകന്‍ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ വില്ലനെ അവന്‍ കണ്ടെത്തുകയോ.. പ്രധാന സസ്‌പെന്‍സ് മനസ്സിലാക്കുകയോ ചെയ്യാന്‍ സാധ്യത ഏറെയാണ്.

അവിടെയാണ് രഞ്ജു എന്ന എഴുത്തുകാരന്റെ മികവ് പ്രകടമാവുന്നത്. എത്ര സമര്‍ത്ഥമായാണയാള്‍ യഥാര്‍ത്ഥ വില്ലനെ മറച്ചു പിടിച്ചിരിക്കുന്നതെന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. അത്രയും കൂര്‍മ്മതയോടെയാണ് ഇതിന്റെ ക്ലൈമാക്‌സ് അടക്കം എഴുതി തയ്യാറാക്കിയിരിക്കുന്നത്. എഴുത്തുകാരന്‍ പറയുന്നതിന് മുന്നേ നിങ്ങളാ സസ്‌പെന്‍സ് ബ്രെക്ക് ചെയ്യാന്‍ സാധ്യതയില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെത്ര സാധ്യതകള്‍ മുന്നില്‍ക്കണ്ടാലും.. ആ ഊഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തുന്നൊരു, ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് നോവലിന് എഴുത്തുകാരന്‍ സെറ്റ് ചെയ്തിട്ടുണ്ട്.!
–
ശ്രീജയുടെ തിരോധനം ‘ എന്ന കഥ പ്രതിലിപിയില്‍ വായിച്ച ദിവസമാണ്, അലക്‌സി എന്ന കഥാപാത്രത്തെയും സൃഷ്ട്ടാവായ രഞ്ജുവിനെയും ആദ്യമായി പരിചയപ്പെടുന്നത്. അലക്‌സിയെയും ആ കഥയും നന്നായി ബോധിച്ചത് കൊണ്ട് തന്നെ, പുള്ളി എഴുതിയ ‘അലക്‌സി കഥകള്‍’ എന്ന പുസ്തകം വാങ്ങി വായിക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടിയിരുന്നില്ല. അലക്‌സിയും ജോണും അന്വേഷണം നടത്തിയ അതി നിഗൂഢമായ അഞ്ചു കേസുകളുടെ കഥകള്‍ പറയുന്ന ആ പുസ്തകം, ഉഗ്രന്‍ എക്‌സ്പീരിയന്‍സാണെനിക്ക് നല്‍കിയത്. അന്ന് മുതലുള്ള രഞ്ജുവിന്റെ പുതിയ പുസ്തകത്തിനായുള്ള.. അലക്‌സിയുടെ അടുത്ത വരവിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല. വായിച്ചു ഇഷ്ട്ടപ്പെട്ട ക്രൈം ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് ‘മുറിഞ്ഞ വിരലുകളും’ ചേര്‍ത്ത് വയ്ക്കുന്നു ?
ഷെര്‍ലക് ഹോംസും മുറിഞ്ഞ വിരലുകളും
രഞ്ജു കിളിമാനൂര്‍