തൃക്കാക്കര ഉപതെരഞ്ഞെടുപ്പടുപ്പിനെ മുന്‍നിര്‍ത്തി
എന്‍.എം പിയേഴ്‌സണ്‍ രാഷ്ട്രീയം പറയുന്നു

  • ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണം

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ ഇന്നുകാണുംവിധം മൂല്യശോഷണത്തിന് വിധേയമായതിന് പിന്നില്‍ ചരിത്രപരവും രാഷ്ട്ട്രീയപരമായുമുള്ള നിരവധി വിഷയങ്ങളുണ്ടെന്ന സത്യം നമുക്ക് തള്ളിക്കളയാനാകില്ല. സ്വാതന്ത്ര്യലബ്ദിക്കായി ആദര്‍ശാത്മകവും ധാര്‍മികവുമായിരുന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് സ്വജനപക്ഷപാതപരവും അധാര്‍മികവുമായ രാഷ്ട്രീയ ജീവിതത്തിലേക്ക് പരിണമിക്കുന്നതായി വ്യക്തമാകുന്നു. സ്വാതന്ത്യസമരത്തിനായി പ്രവര്‍ത്തിച്ചിരുന്നവര്‍ വിവിധ രാഷ്ട്രീയആശയങ്ങള്‍ പിന്തുടരുന്നവരായിരുന്നുവെങ്കിലും അവയെല്ലാം ബ്രിട്ടീഷ് അധിനിവേശത്തെ തുടച്ചുനീക്കാനായി അവര്‍ മാറ്റിവെക്കാന്‍ തയ്യാറായി. സ്വാതന്ത്ര്യമെന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ഇന്ത്യന്‍ ജനത ത്യാഗസമ്പന്നവും ആദര്‍ശാത്മകവുമായ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ടുവച്ചു. അതിന്റെ അടിത്തറ സത്യസന്ധതയും ധാര്‍മ്മികതയുമായിരുന്നു. പിന്നീട് നമുക്ക് അധികാരവും, നാം ഭരണാധികാരികളുമായതോടെയാണ് ഇന്നത്തെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തിലേക്കുള്ള നമ്മുടെ യാത്ര ആരംഭിച്ചത്. അധികാരം നേതൃത്വങ്ങളെ മാത്രമല്ല അണികളേയും സമൂഹത്തേയും ദുഷിപ്പിച്ചു. അതിന്റെ ഫലമായി കളവിന്റെയും ചതിയുടേയും അധികാരമോഹത്തിന്റെ പുതിയ രാഷ്ട്രീയ ശൈലിതന്നെ രൂപപ്പെട്ടു.

  • അധികാരങ്ങളില്‍ നിന്നിറങ്ങി നടന്ന ഗാന്ധിയും പിന്‍മുറക്കാരും

സ്വാതന്ത്യാനന്തരം അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ കുത്തൊഴുക്കില്‍ വേറിട്ടുനിന്നത് മഹാത്മ ഗാന്ധിയായിരുന്നു. അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ അധികാരകേന്ദ്രമാകാന്‍ ശ്രമിക്കാതെ അവരില്‍ നിന്നകന്ന് അതിര്‍ത്തിയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തടയിടാനുള്ള വഴികള്‍ തേടിയിറങ്ങുകയാണ് ചെയ്തത്. എന്നാല്‍ സ്വാതന്ത്യലബ്ദിക്ക് ശേഷം അധികാരമുള്ളവരും ഇല്ലാത്തവരും എന്ന വേര്‍തിരിവിലേക്കെത്തി. പൂര്‍ണ്ണമായും കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജ്യത്ത് അടിയന്തരാവസ്ഥയോടെ ചെറു പ്രാദേശിക പാര്‍ട്ടികള്‍ അധികാരം നേടിയടുക്കാന്‍ തക്ക വളര്‍ച്ചയിലേക്കെത്തി. ഇവയുടെയെല്ലാം ആത്യന്തിക ലക്ഷം അധികാരമോഹമായിരുന്നു. 1957 ല്‍ കേരളത്തില്‍ ഭരണത്തിലെത്തിയ ഇടതുപക്ഷ പാര്‍ട്ടിയുടെ വളര്‍ച്ച പ്രാദേശികമായ സമരങ്ങളും പോരാട്ടങ്ങളും ചെറുത്തു നില്‍പ്പുകളുമായിരുന്നുവെങ്കിലും അധികാരലബ്ദിയോടെ ആദര്‍ശ രാഷ്ട്രീയം പതിയെപതിയെ ഇല്ലാണ്ടവുന്നകാഴ്ച്ചയും നാം കണ്ടു.

അന്ന് ഇഎംഎസ് പറഞ്ഞതോര്‍ക്കുന്നു… ‘ഏത് ചെകുത്താനെ കൂട്ടുപിടിച്ചും അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസിനെ നീക്കം ചെയ്യുക’ എന്നതായിരുന്നു. ആ പ്രസ്താവന തന്നെ അധികാരത്തിലെത്താനുള്ള കുറുവഴിയന്വേഷിക്കുന്ന ഒന്നായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം ത്യാഗമെന്ന് കരുതിയിരുന്നിടത്തുനിന്ന് അധികാരരാഷ്ട്രീയത്തിലേക്കെത്തിയതോടെ അധികാരത്തിനായി എന്തും ചെയ്യാമെന്ന നിലയിലേക്ക് കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും മാറി.

മറ്റ് സംസ്ഥാനങ്ങളാകട്ടെ അധികാരത്തിനായി പ്രദേശിക പാര്‍ട്ടികള്‍ ഉപയോഗിച്ചത് വ്യത്യസ്ഥ ‘ഫോര്‍മുല’ കളായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം. മഹാരാഷ്ട്രയില്‍ ‘മണ്ണിന്റെ മക്കള്‍’ വാദമുയര്‍ത്തി ശിവസേന ഉയര്‍ന്നുവന്നു. ഇന്നവര്‍ മഹാരാഷ്ട്ര ഭരിക്കുന്നു. ഇത്തരത്തില്‍ അധികാരം പിടിക്കാനുള്ള ഓട്ടത്തിനിടയിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇന്നുകാണുന്ന തരത്തിലുള്ള അഴിമതിക്കറ ഒഴുകിയെത്തിയത്.

  • അഴിമതിക്കെതിരെയുള്ള പോരാട്ടവും ആം ആദ്മിയും

അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ ഇന്ത്യന്‍ ജനത എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് രാജ്യതലസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയം വഴി തെളിയിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്ന ബോധ്യം ജനങ്ങളിലുണ്ടാക്കാനായതാണ് ആം ആദ്മിയുടെ വിജയം. അത് അവരെ അധികാരത്തില്‍ എത്തിച്ചു. അവര്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങളായും സേവനമായും പലതും നല്‍കി. പുതിയ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുന്നു. അഴിമതിയും വര്‍ഗീയതയും പ്രധാന പാര്‍ട്ടികളെ അസ്വീകാര്യമാക്കുന്നതാണ് ആം ആദ്മിപോലുള്ള പാര്‍ട്ടികളുടെ വളര്‍ച്ചക്ക് കരുത്തുകൂട്ടുന്നത്. അണ്ണാഹസാരെ മുന്നോട്ടുവച്ച അഴിമതി വിരുദ്ധതയുടെ പാത തെളിച്ചെടുത്താണ് കേജ്‌രിവാള്‍ ആം ആദ്മിയുമായി ഡല്‍ഹി നിവാസികള്‍ക്കുമുന്നിലേക്കെത്തിയത്. അതിനായി നന്നായി ഗൃഹപാഠം ചെയ്ത് ജനത്തിന്റെ ആവശ്യം മനസിലാക്കിയെടുക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയം. പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭത്തിലൂടെ ബിജെപിക്കെതിരായി ഉയര്‍ന്നു വന്ന ജനവികാരമാണ് കോണ്‍ഗ്രസിനെ പുറത്താക്കുന്നതിലും അഴിമതി രഹിതമായ ആം ആദ്മിയെ തെരഞ്ഞെടുക്കുന്നതിലും എത്തിച്ചേര്‍ന്നത്.

  • ട്വന്റി 20 യും കേരളവും

സാബു ജേക്കബിന്റെ കോര്‍പ്പറേറ്റ് രാഷ്ട്രീയം ‘ആപ്പി’നോട് ചേര്‍ത്തുവെക്കുന്നതുകൊണ്ട് മാത്രം കേരളത്തിലെ ശക്തിയായി വളരാന്‍ ഇരുവര്‍ക്കുമാകുമെന്ന് കരുതുന്നില്ല. കോര്‍പ്പറേറ്റ് ഭീമനായ കിറ്റെക്‌സ് ഗ്രൂപ്പിന്റെ കീഴില്‍ ജോലിയെടുക്കുന്നവരുടെ ബലത്തില്‍ മാത്രം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാബുജേക്കബ് എന്ന ബിസിനസുകാരനുമാകില്ല. കിറ്റെക്‌സ് തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമൊഴികെ മറ്റ് മണ്ഡലങ്ങളില്‍ സാബു ജേക്കബ് എന്ന രാഷ്ട്രീയ നേതാവിന് ഒരു പ്രസക്തിയുമില്ല. കേജരിവാളും സാബു ജേക്കബും ആദര്‍ശ രാഷ്ട്രീയത്തില്‍ ഇരുദ്രുവങ്ങളിലുള്ളവരാണെന്ന സത്യം കേരളജനതക്കും അറിവുണ്ട്. അതിനാല്‍ തന്നെ ഈ സഖ്യത്തിന് അടുത്തകാലത്തൊന്നും കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. സാബു ജേക്കബ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിലും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ് കേരളത്തിലെ വോട്ടര്‍മ്മാരെന്നതിനാല്‍ തന്നെ വലിയ സമ്മേളനങ്ങള്‍ക്കപ്പുറം രാഷ്ട്രീയ നേട്ടങ്ങളിലേക്കെത്താന്‍ സമയമെടുക്കുമെന്നുതന്നെ വിലയിരുത്താം.

 

  • ക്ഷേമരാഷ്ട്രവും സൗജന്യങ്ങളും

രാഷ്ട്രീയത്തില്‍ സൗജന്യങ്ങള്‍ക്കും പ്രാധാന്യമുണ്ട്. കേരളത്തിലെത്തിയ കേജരിവാള്‍ ജനങ്ങളോട് ചോദിച്ചത് നിങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതിവേണ്ടേ… സൗജന്യമായി വെള്ളം വേണ്ടേ… ഇതെല്ലാം സൗജന്യമായി നല്‍കുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലേത് എന്നാണ്. വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാരന്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും ലഭിച്ചാല്‍ അത് നല്‍കാന്‍ തയ്യാറാവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അത്ഭുതമില്ല. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വരവിന് ഇത്തരം ചില സൗജന്യങ്ങളും കാരണമായിയെന്നുവേണം കരുതാന്‍. ‘ക്ഷേമരാജ്യ’ സങ്കല്‍പത്തിന്റെ ചെറിയ രൂപങ്ങളാണ് കിറ്റും സൗജന്യ വൈദ്യുതി ബില്ലും.
ദുരന്ത സമയത്ത് സര്‍ക്കാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സേവനങ്ങളുമായി രംഗത്തെത്തിയെങ്കിലും ഇടത് യുവജന സംഘടനകള്‍ക്ക് ഈ രംഗത്ത് നേടാനായ മേല്‍ക്കൈ ജനങ്ങളില്‍ കരുതലിന്റെ സ്പര്‍ശനമായി മാറി. തുടര്‍ഭരണത്തില്‍ ഇത് വോട്ടായി മാറിയതോടെ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തി. ഓഖി, പ്രളയം, കോവിഡ് 19 തുടങ്ങി മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തിയെന്ന ജനവികാരത്തില്‍ സ്വര്‍ണ്ണക്കടത്തും മറ്റ് ആരോപണങ്ങളും ഇല്ലാതായി.

 

  • രാഷ്ട്രീയത്തോട് മുഖംതിരിക്കുന്ന യുവത്വം

സ്വാതന്ത്യസമര കാലത്ത് യുവാക്കളെ അത് സ്വാദീനിക്കുകയും അവര്‍ കൂട്ടമായി ഒഴുകിയെത്തുകയും ചെയ്തു. എന്നാല്‍ ഇന്ന് യുവാക്കളെ രാഷ്ട്രീയത്തിലേക്കടുപ്പിക്കുന്ന ഒന്നും തന്നെയില്ലെന്നതാണ് സത്യം. ഇപ്പോള്‍ രാഷ്ട്രീയം ഒരു ‘കരിയറാ’യി മാറിയിരിക്കുന്നു. യുവാക്കള്‍ക്ക് അത് സ്വീകരിക്കാന്‍ താല്‍പര്യം കുറഞ്ഞിരിക്കുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളന മുദ്രാവാക്യം ‘തൊഴിലില്ലായ്മക്കതിരെ വര്‍ഗീയതക്കെതിരെ എന്നതായിരുന്നു. എന്നാല്‍ തൊഴില്ലായ്മക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍ എന്നല്ല ഇന്ത്യയിലെങ്ങും നടക്കുന്നുമില്ല. യുവാക്കള്‍ തൊഴില്‍ തേടിയിറങ്ങിരിക്കുന്ന ഈ കാലത്ത് സര്‍ക്കാരിനോട് ‘ഗുസ്തി പിടിച്ച്’ ജോലിനേടാന്‍ യുവാക്കള്‍ സമയം പാഴാക്കുന്നില്ല. ഗ്ലോബലൈസേഷന്റെ ഭാഗമായി അവര്‍ക്ക് ഈ ലോകമാസകലം ജോലിസാധ്യതകള്‍ തുറന്നിരിക്കുന്നു. ആദര്‍ശശാലികളായ യുവാക്കള്‍ അത് തേടിപോകുന്നു. അവര്‍ രാഷ്ട്രീയക്കാരന്റെ ‘കാലുനക്കി’കളായി സ്ഥാനമാനങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാരം. ഇവരുടെ അഭാവത്തില്‍ രാഷ്ട്രീയത്തിലെക്കെത്തുന്നതാവട്ടെ ഇത്തരം കഴിവില്ലാത്തവരാകും. അങ്ങനെ കഴിവില്ലാത്തവര്‍ അടിങ്ങുകൂടുന്ന കുപ്പത്തൊട്ടിയായി ഇന്ത്യന്‍ രാഷ്ട്രീയം മാറി. ഐസിഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ സുഭാഷ് ചന്ദ്രബോസിന്റെ നാട്ടില്‍ ഇത്തരമൊരു ഗതിയുണ്ടാതോര്‍ത്ത് ലജ്ജിക്കാം.

 

ഇടതു സര്‍ക്കാരിന്റെ പൂര്‍ണ്ണശക്തിയുപയോഗിച്ച് നേരിടുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തോല്‍വിയുണ്ടായാല്‍ പോലും അത്ഭുതപ്പെടാനില്ല.

  • തൃക്കാക്കര രാഷ്ട്രീയം

തൃക്കാക്കരയില്‍ മുന്നണികള്‍ ഇത്തവണ പയറ്റുന്നത് അധികാര രാഷ്ട്രീയം മാത്രമാണ്. എങ്ങനെയും അധികാരം പിടിച്ചെടുക്കാനുള്ള നീക്കം. കോണ്‍ഗ്രസിന് ഏറ്റവും ഉചിതമായ സ്ഥാനാര്‍ത്ഥിയാണ് ഉമ. മറ്റൊരാള്‍ വന്നാല്‍ ഒരുതരത്തില്‍ പിളര്‍പ്പ് വരെയുണ്ടായേക്കാം. എല്‍ഡിഎഫിന് സ്വന്തം കൈയ്യിലില്ലാത്ത സീറ്റ് ഏതുവിധേനയും പിടിച്ചെടുക്കാനുള്ള തന്ത്രവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായ ബിജെപിക്കാവട്ടെ അഭിമാന മത്സരവും. എഎപി-ട്വന്റി 20 മത്സരത്തിനില്ലെന്നും അറിയിച്ചു. ഇവരുടെ വോട്ടുകള്‍ ആര് നേടുമെന്നതാണ് ശ്രദ്ധാകേന്ദ്രം. ഈ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകാനാണ് സാധ്യത. കെ.റെയില്‍ വിരുദ്ധതയും സാബു ജേക്കബിന്റെ ഇടത് സര്‍ക്കാരുമായുള്ള സംഘര്‍ഷങ്ങളും ഇതിന് കാരണമാകും. ഇടതു സര്‍ക്കാരിന്റെ പൂര്‍ണ്ണശക്തിയുപയോഗിച്ച് നേരിടുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തോല്‍വിയുണ്ടായാല്‍ പോലും അത്ഭുതപ്പെടാനില്ല.

ഇതില്‍ സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ കെ.റെയില്‍ വിരുദ്ധവികാരം മാത്രമാണ് അനുകൂലഘടകമായി യുഡിഎഫിനുള്ളത്. മുഖ്യമന്ത്രിയടക്കം തൃക്കാക്കരയില്‍ കേന്ദ്രീകരിച്ച് ഏകോപനം നടത്തുകയാണ്. ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലില്‍ കൂടി തൃക്കാക്കരയില്‍ ഇടത് വിജയമുണ്ടായാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത പ്രത്യാഘാതമുണ്ടാക്കും. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പിന്നെ യുഡിഎഫ് ഉണ്ടാവില്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ ലൈസന്‍സായി വിജയം സര്‍ക്കാര്‍ ആഘോഷിക്കും. സര്‍ക്കാരിനെതിരായ ബദല്‍ശബ്ദം ഉയര്‍ത്തണമെങ്കില്‍ യുഡിഎഫ് വിജയിക്കണം. ആരെതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുമെന്നുള്ള സ്വേഛാധിപത്യ പ്രഖ്യാപനം ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.

ഒരു പക്ഷെ അധികാരദുര്‍ വിനിയോഗത്തിലൂടെ ഇടത്പക്ഷം വിജയിച്ചാല്‍ തന്നെ അതിന്റെ പേരില്‍ കേരളം വലിയ വിലകൊടുക്കേണ്ടി വരുമെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ജനങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ അംഗീകാരമെന്ന നിലയില്‍ ആ വിജയം ദുരുപയോഗം ചെയ്‌തേക്കാം. ബദല്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തപ്പെട്ടേക്കാം. കെ.റെയില്‍ അടക്കമുള്ള വന്‍ കടബാധ്യതയുണ്ടാക്കുന്ന പദ്ധതികള്‍ നമ്മുടെ തലയില്‍ കെട്ടിവെച്ചേക്കാം. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണത്തെ തുടര്‍ന്നുണ്ടായ എല്ലാ വിവാദ തീരുമാനത്തിലും മറയായിപിടിച്ചത് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന വാക്കായിരുന്നുവെന്നത് നാം മറക്കരുത്.