മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള ചില കാലൊടിഞ്ഞ നിയമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കട്ടുറുമ്പുകളെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച കവയത്രി ഇതിലൊക്കെ അസ്വസ്ഥയാണെന്ന് ഉറപ്പ്. ഓരോ കവിതയും വീണ്ടും വീണ്ടും വായിച്ചു, നന്നായി ആസ്വദിക്കുകയും ചിരിക്കുകയും ചിന്തിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ഓരോന്നിലും ഞാന്‍ കണ്ടത്
വ്യത്യസ്ത നിറമുള്ള കാഴ്ചകളാണ്.

 

  • സരുണ്‍ പുല്‍പ്പള്ളി

”നല്ല നടനാകണമെങ്കില്‍ ജീവിതാനുഭവങ്ങള്‍ വേണം, നല്ല നിരീക്ഷണബോധം വേണം, നമുക്കുചുറ്റുമുള്ള ആളുകളെ കഥാപാത്രമാക്കി പഠിക്കാനുള്ള മനസുണ്ടാകണം…മോഹന്‍ നിങ്ങള്‍ നടനാകണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ആയിരിക്കും.”
ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് രഞ്ജിത്ത് എന്ന സംവിധായകന്‍ പറയുന്ന ഈ ഡയലോഗ് അഭിനയമോഹികള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. മനുഷ്യന് മാര്‍ഗദീപമാകുന്ന വാക്കുകള്‍ക്കോ വാചകങ്ങള്‍ക്കോ മലയാള ഭാഷയില്‍ ഒരു പഞ്ഞവുമില്ല. അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ ജീവിതയാത്രയിലേക്ക് ആവശ്യമായ ഇന്ധനം സംഭരിക്കുന്നത് ഇതുപോലെ എഴുതപ്പെട്ട വരികളില്‍ നിന്നാണ്.
വായന ശരിക്കും ഒരു മഹാത്ഭുതമാണ്. അക്ഷരം കൊണ്ടുള്ള ചിത്രരചന, ഒരോ വരികളിലെയും അക്ഷരങ്ങളെ കണ്ണുകള്‍ ആവാഹിച്ച് മനസ്സിന് നല്‍കുന്നു. മനസ്സ് ഒരു മായാജാലക്കാരനെ പോലെ ഞൊടിയിടയില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു. വായിക്കുന്നത് കറുത്തനിറമുള്ള അക്ഷരമാണെങ്കിലും മനസ്സില്‍ വിരിയുന്നത് ബഹുവര്‍ണങ്ങളായിരിക്കും.

തിരുവനന്തപുരം തിരുമല സ്വദേശിനി ജെ.എസ്. ഐശ്വര്യയുടെ ‘വേണി’ എന്ന കവിതാസമാഹാരവും നല്‍കുന്നത് അത്തരത്തിലുള്ളൊരു വായാനാനുഭവമാണ്. ഒറ്റവാക്കില്‍ വേണിയെ ‘അകക്കണ്ണുള്ളവള്‍’ എന്ന് വിശേഷിപ്പിക്കാം. ചിരിയും ചിന്തയും പ്രതിഷേധവും സഹതാപവും നിറഞ്ഞുനില്‍ക്കുന്ന 30 കവിതകള്‍. തിരച്ചിലിലില്‍ തുടങ്ങി ശത്രുവില്‍ അവസാനിക്കുന്ന സമാഹാരം കുട്ടിച്ചിന്തകള്‍ മുതല്‍ സമകാലിക പ്രശ്നങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നുണ്ട് വേണി. ആദ്യകവിതയായ ‘തിരച്ചില്‍’ മലയാളത്തെ കരയിച്ച ഒരു സംഭവുമായി ബന്ധപ്പെട്ടതാണ്. കവളപ്പാറ ദുരന്തഭൂമിയില്‍ യജമാനനെ തേടി അലയുന്ന നായയെ കുറിച്ചുള്ള പത്രവാര്‍ത്തയിലൂടെയാണ് ഈ കവിത ജനിക്കുന്നത്. ഇത് എഴുതപ്പെട്ട് ദിവസങ്ങള്‍ക്കകം ഞാന്‍ വായിച്ചിരുന്നു. അന്ന് കവിതയില്‍ ചില ഇംഗ്ലീഷ് വാക്കുകള്‍ കവിതയില്‍ ഉള്‍പ്പെടുത്തിയെന്ന നീരസവും ഞാന്‍ എഴുത്തുകാരിയുമായി പങ്കുവെയ്ക്കുകയുണ്ടായി. എന്നാല്‍ പിന്നീട് സൗഹാര്‍ദം സൃഷ്ടിക്കാനുള്ള എന്തോ ഒരു കഴിവ് ആ ഇംഗ്ലീഷ് വാക്കുകള്‍ക്കുണ്ടെന്ന് ഞാനും തിരിച്ചറിയുകയായിരുന്നു.

സ്വപ്നങ്ങള്‍ക്ക് പോലും അതിര്‍വരമ്പിടുന്ന കെട്ടകാലത്തോട് എനിക്കും നിങ്ങള്‍ക്കും സ്വപ്നമുണ്ടെന്ന് വിളിച്ചുപറയാന്‍ കൊതിക്കുന്ന എഴുത്തുകാരിക്ക് എന്തെന്നില്ലാത്തൊരു നക്ഷത്രത്തിളക്കം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നവരോട് അക്ഷരം കൊണ്ടുള്ള യുദ്ധം, തീര്‍ച്ചയായും വിജയം എഴുത്തുകാരിക്ക് തന്നെ.

Advert

പരിഷ്‌കൃത സമൂഹത്തിന്റെ തേച്ചാലും മായ്ച്ചാലും തീരാത്ത നാണക്കേടാണ് വര്‍ണവെറി, അതിനെതിരെയും ചിലത് കുറിച്ചിട്ടുണ്ട് വേണി. നിറത്തില്‍ വലിയ കഴമ്പുണ്ടെന്ന മട്ടില്‍ വാദിക്കുന്ന പകല്‍മാന്യന്റെ മുഖംമൂടി അഴിച്ചെടുക്കുന്ന കവിതയാണ് ‘വര്‍ണവിവേചനം തുലയട്ടെ’ എന്നത്. നിറമില്ലാത്തവന് നിറം വെയ്പ്പിക്കാനും നിറമില്ലായ്മ നാണക്കേടാണെന്നും പറഞ്ഞുനടക്കുന്നവന്‍…

”വീട്ടില്‍ തിരിച്ചെത്തി സണ്‍സ്‌ക്രീം പുരട്ടിയിട്ട്
ഫോട്ടോയെ നൂറില്‍ വെളുപ്പിച്ചെടുത്തിട്ട്
ഫെയ്സ്ബുക്കിലിട്ടീയടിക്കുറുപ്പോടെ
വര്‍ണവിവേചനം തുലയട്ടെ”

ചിരിപ്പിച്ചുകൊണ്ട് ചിന്തകള്‍ക്ക് തിരികൊളുത്തുന്ന കവിതയെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ബാല്യവും കൗമാരവും യൗവനവും എഴുത്തുകാരിക്ക് ജീവിതാനുഭവമാണ്. എന്നാല്‍ വാര്‍ധക്യമാകട്ടെ ലഭ്യമായ സ്നേഹത്തിന്റെ കണക്കിലൂടെയാണ് മനസിലാക്കിയിരിക്കുന്നത്. വെള്ളരിപ്രാവിന്റെ മുഖശ്രീയുള്ള അച്ഛനും പൊന്‍വെയിലിന്റെ തിളക്കമുള്ള അമ്മയും ഇമ്മിണി ചേലുള്ള മുത്തച്ഛനും നാടും വീടും കൂട്ടുകാരും എല്ലാം ഐശ്വര്യക്ക് കാവ്യവിഷയങ്ങളാണ്. നിസാരമെന്ന് കരുതുന്ന കാഴ്ചകളെ പോലും വലിയൊരു വിഷയത്തിലേക്ക് പറിച്ചുനടാനുള്ള കഴിവിനെയാണല്ലോ സര്‍ഗാത്മകതയെന്ന് വിളിക്കേണ്ടത്. കുളിമുറിയിലേക്ക് നുഴഞ്ഞുകയറുന്ന കട്ടുറമ്പുകളെ വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുമായി ഉപമിച്ച രചനാരീതി അത്ഭുതപ്പെടുത്തുന്നതാണ്.

”ഭരിച്ച മണ്ണും മരവും തന്റേതല്ലെന്നറിഞ്ഞ്
കരഞ്ഞോടിയവരാകാം
ഇനമേതെന്ന് തിരക്കിയവരെ
കടിച്ച് നോവിക്കാതെ
ഒഴിഞ്ഞു മാറിയവരാവാം
അസ്ഥിത്വലബ്ധിക്ക്
‘ആധാര്‍’ വേണമോയെന്ന് ചിന്തിച്ചതാകാം”

മനുഷ്യാവകാശങ്ങള്‍ക്ക് മേലുള്ള ചില കാലൊടിഞ്ഞ നിയമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ കട്ടുറുമ്പുകളെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച കവയത്രി ഇതിലൊക്കെ അസ്വസ്ഥയാണെന്ന് ഉറപ്പ്. ഓരോ കവിതയും വീണ്ടും വീണ്ടും വായിച്ചു, നന്നായി ആസ്വദിക്കുകയും ചിരിക്കുകയും ചിന്തിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ഓരോന്നിലും ഞാന്‍ കണ്ടത് വ്യത്യസ്ത നിറമുള്ള കാഴ്ചകളാണ്. കവിതയാകട്ടെ കഥയാകട്ടെ ശബ്ദമില്ലാത്ത ആ അക്ഷരങ്ങള്‍ ഓരോരുത്തരിലും ഓരോ രീതിയിലാണ് ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കുക. മഴയുടെ സൗന്ദര്യം നനയുന്നവന്റെ മാനസീകാവസ്ഥ പോലെയാണെന്ന് പറയുന്നത് പോലെ കവിത വായിക്കുന്നവരുടെ മനസ്സിനനുസരിച്ച് അത്ഭുതങ്ങള്‍ കാട്ടികൊണ്ടിരിക്കും. ഈ സമാഹാരത്തിലെ ‘വേണി’യെന്ന കവിതയെക്കുറിച്ച് ഞാനൊന്നും കുറിക്കുന്നില്ല… കാരണം അത് എഴുതേണ്ടതല്ല വായിച്ച് അനുഭവിക്കേണ്ടത് മാത്രമാണ്. ഐശ്വര്യ മലയാളത്തെ അറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് വേണി. ഇനി മലയാളവും ഐശ്വര്യയെ അറിഞ്ഞുതുടങ്ങും. സ്വന്തം പേരോ നമുക്കുവേണ്ടി മറ്റൊരാളോ സംസാരിക്കാതെ സാഹിത്യലോകത്തേക്കുള്ള വാതില്‍ തുറക്കപ്പെടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഐശ്വര്യക്ക് ധൈര്യമായി മുന്നോട്ട് നീങ്ങാം, കാരണം അവള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ‘വേണി’യുണ്ട്. സുന്ദരിയായ വേണിക്ക് കരിങ്കണ്ണ് ഏല്‍ക്കാതിരിക്കാന്‍ അവളുടെ കവിളില്‍ ഇത്തിരി കരിമഷി തൊട്ടുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

  • രചനകള്‍, അവലോകനം, ലേഖനം അയക്കാം
    kaippadamagazine@gmail.com