• നന്ദിനി ബി നായര്‍

കോഫി ഹൗസ് വായനയ്ക്ക് ശേഷം വളരെ ആകാംക്ഷയോടെയാണ് രണ്ടാം ഭാഗമായ ഹൈഡ്രേഞ്ചിയയ്ക്ക് വേണ്ടി കാത്തിരുന്നത്.

ബുക്ക് കയ്യില്‍ കിട്ടിയപാടെ കവര്‍ പൊട്ടിച്ചു വായന തുടങ്ങി. ആര്‍ത്തിയോടെ വായിച്ചു തുടങ്ങിയ വായന ഒറ്റ ഇരുപ്പില്‍ തന്നെ അവസാനിച്ചു.

ആദ്യ നോവലിനെക്കാളും മികച്ച വായനാ അനുഭവം നല്‍കുവാന്‍ എഴുത്തുകാരന് സാധിച്ചു.
കോഫീ ഹൗസില്‍ നിന്നും ഹൈഡ്രാഞ്ചിയയിലേക്ക് കടക്കുമ്പോള്‍ ഒരുപാട് പുതിയ കഥാപാത്രങ്ങളെ കാണുവാന്‍ സാധിക്കുന്നു.
നോവല്‍ വായിക്കുന്തോറും കഥാപാത്രങ്ങളോട് കൂടുതല്‍ ഇഴുകിചേരുവാനും ഓരോ സന്ദര്‍ഭങ്ങളും വിഷ്വലൈസ് ചെയ്യുവാനും സാധിച്ചിരുന്നു.

സ്ത്രീകളെ കൊല്ലുന്നതിന് മുന്‍പ് അവരുടെ വീഡിയോ പകര്‍ത്തി പോലീസ് മേധാവികള്‍ക്ക് അയക്കുകയും, തുടര്‍ന്ന് ഇരകളെ ക്രൂരമായി പീഡിപ്പിക്കുകയും പ്രസ്തുത മുറിയില്‍ പിങ്ക് നിറത്തിലെ ഹൈേഡ്രഞ്ചിയ പൂക്കള്‍ വിതറുകയും മെഴുകുതിരികള്‍ കത്തിച്ചുവെക്കുകയും ചെയ്യുന്ന റൊമാന്റിക് കില്ലര്‍. ആ അജ്ഞാത കൊലയാളിയെ തേടിയിറങ്ങുന്ന എസ്തര്‍ ഇമ്മാനുവലിന്റെയും ടീമിന്റെയും കഥയാണ് ഇതിവൃത്തം.

ലാജോയുടെ ആദ്യ പുസ്തകമായ കോഫി ഹൗസ് വായിച്ചപ്പോള്‍ കൊലയാളി ആരെന്ന് അവസാനം ഒരു ഊഹം ഉണ്ടായിരുന്നു എങ്കിലും, ഹൈഡ്രാഞ്ചിയ വായിച്ചപ്പോള്‍ അവസാന നിമിഷം വരെ സീരിയല്‍ കില്ലറിനെ കുറിച്ചു യാതൊരു ഊഹവും ഇല്ലായിരുന്നു. മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നു തന്നെ പറയാം.