• അര്‍ച്ചന എന്‍ ഇളയത്

 

മാന്ത്രിക നോവല്‍ സാഹിത്യ രചനയില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിക്കുകയാണ് അഖിലേഷ് പരമേശ്വര്‍ തന്റെ രണ്ടാമത്തെ മാന്ത്രിക നോവല്‍ ഏഴാം പൗര്‍ണമിയിലൂടെ. കാന്തല്ലൂര്‍ സ്വാമിയെന്ന സുനില്‍ പരമേശ്വരന്റെ അവതാരികയോട് കൂടി പുറത്തിറക്കിയ ഈ പുസ്തകം തന്റെ ആധികാരികത വിളിച്ചോതുന്നു.

കണിയാര്‍ ദേശവും മാമ്പുള്ളി തറവാടും പേടിയോടെ മാത്രം ഓര്‍ക്കുന്ന കല്ലടിക്കോട് കാളിയനും അയാളുടെ ഗുരു ബ്രഹ്മഗിരി ഭൈരവനും അടക്കി വാഴുന്ന ദേശത്തേക് റിസീവര്‍ ആയി എത്തുന്ന പൂര്‍ണിമയെന്ന അഡ്വക്കേറ്റ്….മാമ്പുള്ളി തറവാടിന്റെ കാവല്‍ക്കരനായ വാസുദേവന്‍… ഇവരിലൂടെ മുന്നേറുന്ന കഥയില്‍ മാന്ത്രിക നോവലിന്റെ കാതലായ മന്ത്രവാദവും ആഭിചാരവും ചേരുന്നപ്ലോട്ട് ഉദ്വേഗ പരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു…

പൗര്‍ണമിയെന്ന പെണ്‍കുട്ടിയുടെ തടവിലാക്കപ്പെട്ട ആത്മാവ് സ്വന്തന്ത്രയായി പൂര്‍ണിമയില്‍ ചേരുന്നു… റിസീവര്‍ ഭരണം ഏറ്റെടുത്തു മാമ്പുള്ളി തറവാട്ടില്‍ എത്തുമ്പോള്‍ തന്നെ കാര്യസ്ഥനെ തറവാട്ടിലെ മുക്കും മൂലയും ചിരപരിചിതയെ പോലെ പെരുമാറുന്ന പൂര്‍ണിമ അത്ഭുതപെടുത്തുന്നു.. എന്നാല്‍ ആ നിമിഷം മുതല്‍ വാസുദേവന്‍ ഭയാശങ്കയില്‍ ആണ്. കാളിയന്‍ എന്ന ക്രൂരനായ ശക്തിയെ നാട്ടുകാര്‍ക്കെന്ന പോലെ അയാള്‍ക്കും ഭയമാണ്.ആ ഭയം അസ്ഥാനത് അല്ലെന്ന് പിറ്റേന്ന് പ്രഭാതം തെളിയിക്കുന്നു.

അങ്ങനെ ഒന്നിനു പിറകെ ഒന്നായി കാളിയന്റെ എതിര്‍പ്പിന് പൂര്‍ണിമയും കണിയാര്‍ ദേശവും സാക്ഷ്യം വഹിക്കുന്നു. ഇതിനെ ഒക്കെ നേരിടാന്‍ പൂര്‍ണിമയ്ക്കാവുമോ? അവള്‍ക് സഹായത്തിനു എത്തുന്നതാര്? അവരുടെ നീക്കങ്ങള്‍ കാളിയന്‍ തിരിച്ചറിയുമോ? പൗര്‍ണ്ണമിയെന്ന ദേവയക്ഷിയെ തളയ്ക്കാന്‍ കാളിയന് കഴിയുമോ? അതോ ഇതിനെല്ലാം പുറമെ മറ്റൊരു കഥാപാത്രം അവര്‍ക്കിടയില്‍ ഉണ്ടാകുമോ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഏഴാം പൗര്‍ണ്ണമി… ആദ്യ നോവലിനെക്കാള്‍ മികച്ചൊരു അവതരണം ആണ് അഖിലേഷിന്റെ ഈ രണ്ടാം ഉദ്യമം…. മാന്ത്രിക നോവല്‍ ഇഷ്ടപെടുന്നവര്‍ക്ക് ഒരു മികച്ച അനുഭവം തരാന്‍ ഈ നോവലിനു കഴിയും. അഖിലേഷിനു ആശംസകള്‍.. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.

ഏഴാം പൗര്‍ണമി
അഖിലേഷ് പരമേശ്വര്‍
പ്രസാദനം: ബുക്കര്‍
വില: 180/