• കെ.ജയചന്ദ്രന്‍

ഭരതന്‍.എസ്.പുത്തന്റെ നോവല്‍ ‘നെഞ്ചുരുക്കങ്ങള്‍ ‘ വായിച്ചു. ഭരതന്‍ എഴുത്തില്‍ ഏറെ മുന്നേറിയിരിക്കുന്നു. ഗൗരവമുള്ളതും വ്യത്യസ്തവുമായ ഒരു വിഷയം ഒരു കൊച്ചു നോവലിന്റെ ചട്ടക്കൂട്ടില്‍ നന്നായി ഒതുക്കിയിരിക്കുന്നു. കഥ പറച്ചിലിന്റെ ഒഴുക്കിനെ സഹായിക്കുന്ന ഭാഷ. അനാവശ്യമായ വിവരണങ്ങളിലേക്ക് വഴിമാറാതെ ചെറിയ അധ്യായങ്ങളാക്കിയുള്ള അവതരണം ഹൃദ്യമാണ്.

ഒരാളായിരിക്കെ തന്നെ മറ്റൊരാളായി ജീവിക്കുന്നവരെ ധാരാളമായി നമുക്ക് ചുറ്റും കാണാം. അറിഞ്ഞു കൊണ്ട് തന്നെ പൊയ്മുഖമണിഞ്ഞ് സ്വയം നിശ്ചയിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവര്‍. എന്നാല്‍, ഒരാളുടെ പിറവിയില്‍ ജീവ ശാസ്ത്രപരമായ കാരണങ്ങളാല്‍ അയാളറിയാതെ മറ്റൊരാള്‍ കൂടി ഒളിച്ചിരിക്കുകയും അത് തിരിച്ചറിയപ്പെടാതെ സമൂഹം വരച്ചുറപ്പിച്ച കളങ്ങളില്‍ നിലകൊള്ളേണ്ടിവരികയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ഘോരമായ നിസ്സഹായതയുണ്ട്! ബിയാട്രീസ് എന്ന കോളേജ് അധ്യാപിക തന്നിലെ അപരയെ (ഒരു പക്ഷെ ശരിയായ തന്നെ) തിരിച്ചറിയാനാകാതെ അനുഭവിക്കുന്ന നെഞ്ചുരുക്കങ്ങളാണ് നോവലിന്റെ ഉള്ളടക്കമെന്ന് പൊതുവെ പറയാം. പിന്നീടത് അവര്‍ക്കു ചുറ്റുമുള്ള പലരുടേയും ജീവിത സങ്കീര്‍ണ്ണതകളായി മാറുന്നുണ്ട്.

ഒരിക്കലും ഒരു പുരുഷനെ തന്റെ ലൈംഗിക പങ്കാളിയായി കാണുവാന്‍ കഴിയാത്ത ബിയാട്രീസ് എന്ന സ്വവര്‍ഗ്ഗാനുരാഗി അനുഭവിക്കുന്ന വരണ്ട ലൈംഗികത, ഭാര്യ, തന്നെ താനാഗ്രഹിക്കും വിധം ഇഷ്ടപ്പെടുന്നില്ലെന്ന ബോധ്യപ്പെടുന്ന ഭര്‍ത്താവ്, അവരുടെ മകളുടെ അവസ്ഥ, അങ്ങനെ പലതും നമ്മെ അസ്വസ്ഥരാക്കും.

ബ്രിയാട്രീസിന്റെ ഒരു വിദ്യാര്‍ത്ഥിനി (അമല) ‘യൂ ആര്‍ എ ലെസ്ബിയന്‍. മിസ്സ് മാത്രമല്ല ഞാനും’ എന്ന് സധൈര്യം പ്രഖ്യാപിക്കുന്നതോടെ നോവലിന്റെ സഞ്ചാരം മറ്റൊരു വഴിക്ക് തിരിയുന്നു.

സ്വത്വം തിരിച്ചറിഞ്ഞ ബിയാട്രീസിന്റെ ജീവിതത്തിലുണ്ടാകുന്ന പരിണാമം ചുറ്റുമുള്ള എല്ലാവരേയും ബാധിക്കുന്നുണ്ട്. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ വ്യാപകമായി അവതരിപ്പിക്കപ്പെടാത്ത ഒരു വിഷയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ‘…പഴയ കുറേ ധാരണകള്‍ നിങ്ങള്‍ക്ക് നഷ്ടമാകും. പക്ഷെ ,ആ നഷ്ടപ്പെടലിലും ഈ ലോകം ഇങ്ങനെയൊക്കെ കൂടെയാണെന്നും, ഇവരുടെയൊക്കെ കൂടെയാണെന്നുമുള്ള തിരിച്ചറിവിലേക്ക് നിങ്ങളെത്തും ‘ എന്ന് അവതാരികയില്‍ അജയ് വേണു പെരിങ്ങാശ്ശേരി ശരിയായി നിരീക്ഷിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ ഒരു നാല്‍ക്കവലയിലാണ് നോവല്‍ അവസാനിക്കുന്നത്. ഏതു വഴിയിലൂടെയും മുന്നോട്ടു പോകാവുന്ന ഒരിടത്താണ് നോവലിന് ഒരു ക്ലൈമാക്‌സ് ഉണ്ടാകുന്നത്. നോവല്‍സാഹിത്യം ഒട്ടേറെ നവീകരണത്തിനും പരീക്ഷണങ്ങള്‍ക്കും വിധേയമാകുന്ന കാലത്താണ് ഭരതന്റെ ആദ്യ നോവല്‍ വായനക്കാരിലെത്തുന്നത്. നോവലിന് വളരെ സ്‌പെസിഫിക്കായ ഒരു ക്ലൈമാക്‌സ് അവശ്യമുണ്ടോ എന്ന ചോദ്യം കൂടുതല്‍ ചര്‍ച്ചയും വിശകലനവും അര്‍ഹിക്കുന്നുണ്ട്. കഥയിലെന്നപോലെ നോവലിലും ഭരതന് ഇനിയും മുന്നേറാന്‍ കഴിയുമെന്നത് തീര്‍ച്ച.