മന്ദഹാസം പോലെ
- ഉണ്ണി ശുകപുരം
ആലങ്കോട് ലീലാകൃഷ്ണന്‍,
എഴുത്തുവഴിയില്‍ 50 വര്‍ഷം
മലയാളത്തനിമയുടെ ലാളിത്യമത്രയും ചാലിച്ചെഴുതിയ ഒരു കവിത തന്നെയാണ് ആലങ്കോടെന്ന സ്ഥലനാമത്താല്‍ നാടറിയുന്ന ആലങ്കോട് ലീലാകൃഷ്ണന്‍. വാക്കുകളുടെ അനര്‍ഗളമായ ഒഴുക്കും ലാസ്യഭംഗിയും അദ്ദേഹത്തിന്റെ മന്ദഹാസം പോലെ മനോഹരമാണ്. കഥാപ്രസംഗത്തിലൂടെ ഗ്രാമീണ വേദികളിലും ഉത്സവപ്രറമ്പുകളിലും നാലു പതിറ്റാണ്ടു മുന്‍പ് മുഴങ്ങിക്കേട്ട ആ സ്വരമാധുരി ഇന്ന് മലയാളത്തിന്റെയാകെ അഭിമാനമാണ്. കേരളത്തില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ വരെ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ മാതാവായ മാതൃഭാഷയുടെ സൗന്ദര്യത്തെയും സമ്പന്നതയെയും പ്രൗഢിയേയുമാണ്.
സംസ്‌കാരത്തിനും മതസൗഹാര്‍ദ്ദത്തിനും പേരുകേട്ട പൊന്നാനിയുടെ തീരഗ്രാമമായ ആലങ്കോട് 1960 ഫെബ്രുവരി ഒന്നിന് വെങ്ങേത്ത് ബാലകൃഷണന്‍ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി പിറന്ന ലീലാകൃഷ്ണന്‍ കഷ്ടപ്പാടുകളുടെയും കദനത്തിന്റെയും കൈവഴികളിലൂടെയാണ് ബാല്യം പിന്നിട്ടത്. പ്രസിലെ അച്ചു നിരത്തുകാരനായിരുന്ന പിതാവിന്റെ വരുമാനം കൊണ്ടുള്ള ജീവിതത്തിനിടയിലും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു ലീലാകൃഷ്ണന്റെ വാസം. വായനയും യാത്രകളും അദ്ദേഹത്തിന്റെ സന്തത സഹചാരിയായി.
പ്രാഥമിക പഠനം കഴിഞ്ഞതോടെ തന്നെ കഥാപ്രസംഗമെന്ന കലയിലായിരുന്നു ലീലാകൃഷ്ണന്റെ രംഗപ്രവേശം. വി.സാംബശിവനെപ്പോലുള്ള പ്രസിദ്ധര്‍ നിറഞ്ഞാടിയിരുന്ന കഥാപ്രസംഗ വേദികളിലേക്ക് ഒറ്റയാള്‍ പോരാളിയായി ലീലാകൃഷ്ണനും പുരാണവും ചരിത്രവുമടങ്ങുന്ന കഥകളുടെ ഭാണ്ഡവുമായി ഇറങ്ങി.
അസാധാരണമായ സ്വരശുദ്ധിയും കാവ്യാലാപാന സിദ്ധിയും അന്നേ ഇദ്ദേഹത്തിന് കൈമുതലായിരുന്നു. വേദികള്‍ക്കു മുന്നില്‍ കാണികളെ പിടിച്ചിരുത്താന്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന കൈമുതലും ഇതൊക്കെ തന്നെയായിരുന്നു. മതിലേരിക്കന്നിപോലുള്ള അദ്ദേഹത്തിന്റെ കഥകള്‍ അന്നു കേട്ടവര്‍ പോലും ഇപ്പോഴും അത് മറക്കാതിരിക്കണമെങ്കില്‍ ആ കഥാവിഷ്‌കാര ശൈലിയുടെ മാഹാത്മ്യമെന്നല്ലാതെ അതിനെ എന്തുവിശേഷിപ്പിക്കും.
മനുഷ്യന്റെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കണ്ണീരിന്റെയും കനവിന്റെയും കാവ്യങ്ങളായി പ്രസരിപ്പിച്ച എം.ടി.യുടെ കഥകള്‍ ആലങ്കോടിന്റെ മനസിലെ സ്വപ്നങ്ങളായിരുന്നു. എം.ടി.യെപ്പോലെയാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ വലിയ സ്വപ്‌നം. ഗുരുവായും ജ്യേഷ്ഠനായുമെല്ലാം മനസില്‍ അന്നേ അദ്ദേഹത്തെ കുടിയിരുത്താനും അദ്ദേഹം മറന്നില്ല.
ഒരിക്കലും അതാവുമെന്നോ അദ്ദേഹത്തിനൊപ്പം കാവ്യലോകത്ത് സഞ്ചരിക്കാനുവുമെന്നോ ഒന്നും അദ്ദേഹം അക്കാലത്ത് ചിന്തിച്ചിരിക്കില്ല. മനസിലെ സ്വപ്നക്കൂട്ടുകളില്‍ ചാലിച്ചു ചേര്‍ന്ന ചില ഭാവനകളായി അവയും കിടന്നു. എന്നാല്‍ ഈശ്വരാനുഗ്രഹമെന്നോ നിയോഗമെന്നോ ഒക്കെ വിശേഷിപ്പിക്കാവും വിധമായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വളര്‍ച്ച. കഥാപ്രസംഗം മലയാളക്കരയുടെ വേദികളില്‍ നിന്നകന്നതും എഴുത്തിന്റെ ലോകത്തേക്കുള്ള പാത ഇദ്ദേഹത്തിനു മുന്നില്‍ അനായാസം തുറന്നതുമെല്ലാം കണ്‍ചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു.
നിളയുടെ തീരങ്ങളിലൂടെ സഞ്ചരിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ നീരുറവകളെയെല്ലാം ഹൃദയധമനികളിലാവാഹിച്ച് ഇദ്ദേഹമെഴുതിയ നിളയുടെ തീരങ്ങളിലൂടെ എന്ന പുസ്തകം നിളയെക്കുറിച്ചുള്ള ഒരു പാഠപുസ്തകം തന്നെയായി. സൗന്ദര്യത്തിനും പ്രണയത്തിനും പിറകെ നിളയുടെ തീരങ്ങളിലൂടെ അലഞ്ഞു നടന്ന പി.കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള പിയുടെ പ്രണയപാപങ്ങള്‍, മനുഷ്യനെ തൊടുന്ന വാക്ക് തുടങ്ങി അദ്ദേഹമെഴുതിയ പുസ്തകങ്ങളെല്ലാം മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടായി. ഇതിനിടയില്‍ എം.ടി.വാസുദേവന്‍നായരെ മനസിലാരാധിച്ച് നടന്ന ആലങ്കോടിന് അദ്ദേഹത്തിന്റെ സന്തത സഹചാരിയെപ്പോലെയാകാനുള്ള ഭാഗ്യവും ലഭിച്ചു.
തിരൂര്‍ തുഞ്ചന്‍ പറമ്പിനെ മലയാള സാഹിത്യത്തിന്റെ തറവാടാക്കി മാറ്റാന്‍ എം.ടി.ചുക്കാന്‍ പിടിക്കുമ്പോള്‍ ആ ഓളത്തിനൊപ്പം നിന്നവരില്‍ പ്രമുഖ സ്ഥാനം ആലങ്കോടിനുള്ളതാണ്. മലയാളത്തോടും മണ്ണിനോടും നമ്മുടെ നാടിന്റെ സംസ്‌കാരത്തോടുമെല്ലാമുള്ള ഇദ്ദേഹത്തിന്റെ സ്നേഹം കേവലം കെട്ടുകാഴ്ചകളായിരുന്നില്ല. മനസില്‍ നിന്ന് പൊട്ടിമുളച്ച് പൂവും കായുമായ വസന്തമായിരുന്നു അവയത്രയും.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, വാരാന്തപ്പതിപ്പ്, കലാകൗമുദി, മലയാളം തുടങ്ങി മലയാളത്തിന്റെ സാഹിത്യത്തിന്റെ അവസാനവാക്കുകളായിരുന്ന പ്രസിദ്ധീകരണങ്ങളെല്ലാം ആലങ്കോടിന്റെ കവിതകളാലും ലേഖനങ്ങളാലും സമ്പന്നമായി. എഴുത്തിനൊപ്പം പ്രഭാഷണവും യാത്രകളുമെല്ലാം ലീലാകൃഷ്ണന്റെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത വഴിവിളക്കുകളാണ്.
ഇടശ്ശേരിയും ഉറൂബും കടവനാട് കുട്ടികൃഷ്ണനും അക്കിത്തവുമടക്കമുള്ള മഹാരഥന്‍മാന്‍ തേര്‍തെളിച്ച പൊന്നാനിക്കളരിയുടെ പുതിയ കാലത്തെ തേരാളിയായി ലീലാകൃഷ്ണന്‍ മാറുമ്പോള്‍ തികച്ചും അര്‍ഹത തെളിയിച്ചാണ് അദ്ദേഹം മലയാള സാഹിത്യത്തറവാട്ടിന്റെ പൂമുഖമലങ്കരിക്കുന്നത്.