ഓരോരോ പ്രാര്‍ഥനകള്‍
- സേവ്യര്‍.ജെ
ഓരോരുത്തര്‍ക്കും പ്രാര്‍ഥിക്കാന്‍ ഓരോ കാരണമുണ്ട്. പക്ഷേ പ്രാര്‍ഥനകള്‍ പലവിധമാകും. ഓരോരുത്തര്‍ക്കും ഓരോ വഴികള്‍. ചിലപ്പോള്‍ മൗനമാകും പ്രാര്‍ഥന. ഇടയ്ക്ക് കുറെക്കാലം ബിഥോവന്റെ ഫിഫ്ത്ത് സിംഫണി കേട്ടിരുന്നു. ഗാന്ധിക്ക് വളരെ പ്രിയമായിരിന്നു ഈ സിംഫണി. പിന്നെ കുറെക്കാലം ജറുസലേമ കേട്ടു. ലോകം കീഴടക്കിയ സ്റ്റെപ് ഡാന്‍സ് മ്യൂസിക്കാണ് ജറുസലേമ, അതിന്റെ മലയാള വെര്‍ഷന്‍ പോലുമുണ്ട്.
കാലുകളുടെ താളവും സംഗീതമേളവും കലര്‍ന്നൊരു ശുഭാപ്തിവിശ്വാസത്തിന്റെ സംഗീത കാല്‍ച്ചുവടുകളാണത്.
എന്നാല്‍ ഇപ്പോള്‍ കുറെ ദിവസം കേട്ടത് അലന്‍വാക്കറുടെ ഫേഡഡ്, എലോണ്‍ തുടങ്ങിയ സംഗീത ആല്‍ബങ്ങളാണ്, തലവഴി താടിയില്‍ തുണികെട്ടി കറുത്ത കണ്ണട വെച്ച് മുഖം മറച്ച അലന്‍ വാക്കര്‍, പഴയ ഫാന്റത്തെ മറ്റൊരു തരത്തില്‍ ഓര്‍മിപ്പിക്കുന്നു. ബ്രിട്ടീഷ് നോര്‍വീജിയന്‍ ചെറുപ്പമായ അലന്‍ ഇന്ന് ലോകം ആര്‍പ്പുവിളിക്കുന്ന മ്യൂസിക് കണ്ടക്റ്ററാണ്.
വന്യ സൗന്ദര്യത്തിന്റെ കരുത്തുള്ള വാക്കില്‍ തീര്‍ത്ത ഫേഡഡ് ഏകാന്തതയുടെ അപാരതയും സ്വത്വബോധ നിറവുമുള്ള വരികളുടെ കൂട്ടായ്മയാണ്. നിങ്ങളിപ്പോള്‍ എവിടെയാണെന്ന ആവര്‍ത്തന ചോദ്യം പ്രണയവിരഹത്തിന്റെ അന്വേഷണം കൂടിയാകുന്നു. സംഗീതവീചികള്‍ മനസിലേക്ക് മുട്ടിത്തുറന്നു വരുമ്പോള്‍ ഉണ്ടാകുന്ന തരള സ്പര്‍ശം അവാച്യമാണ്. ഒന്നിനോടും പൊതുവെ കമ്പമില്ലെങ്കിലും എഴുത്തിനോടും വായനയോടുമുളള പ്രത്യേക ഇഷ്ടം ഒന്നു വേറെ.
പുസ്തകം നല്‍കുന്ന ഊര്‍ജം മറ്റൊന്നിനും തരാനാവുന്നതല്ല. വായന പുതിയ അന്വേഷണത്തിന്റെ ഭൂഖണ്ഡം കണ്ടെത്തും പോലെയാണ്. ഒരു പ്രവാചക വചന നിര്‍മിതി മാതിരി. ഓരോ എഴുത്തുകാരന്റേയും ഉള്ളിലുള്ള ആന്തരിക മനുഷ്യന്റെ സൃഷ്ടിയാണ് പുസ്തകമായി പുറത്തു വരുന്നത്. എഴുത്തുകാരന്റെ ആന്തരിക ഭൂഖണ്ഡം അയാള്‍ രചനയായി ലോകത്തിനു സമ്മാനിക്കുന്നു.
ക്രിസ്റ്റഫര്‍ കൊളംമ്പസിന്റെ ഉള്ളിലായിരുന്ന അമേരിക്കന്‍ ഭൂഖണ്ഡം അന്വേഷിച്ചാണ് അദ്ദേഹം യാത്ര തിരിച്ചതെന്ന് നമ്മള്‍ പറയാറുണ്ട്. അതു പോലെ എഴുത്തുകാരനിലെ ഭാവനാ പ്രപഞ്ചം തന്നെയാണ് അയാളുടെ പുസ്തകം. ചില പുസ്തകങ്ങള്‍ നല്‍കുന്ന ഗംഭീര ആശയങ്ങള്‍ വായനക്കാരിലേക്ക് ആഴ്ന്നിറങ്ങും. അവ സൃഷ്ടിക്കുന്ന സര്‍ഗാത്മക അലോസരങ്ങള്‍ വലുതാണ് അവ മനുഷ്യനെ മാറ്റിത്തീര്‍ക്കും. അത് ലോകത്തേയും. അതുകൊണ്ട് വാക്കുകളുടെ കരുതലും പുസ്തകത്തിന്റെ ജാഗ്രതയും തീര്‍ക്കുന്ന രക്ഷാകവചം നിസാരമല്ല. അതിനാല്‍ വായനയാണ് വലിയ പ്രാര്‍ഥനയെന്ന് മനസിലാക്കുന്നു.