• എഡിറ്റോറിയല്‍ ഏപ്രില്‍ 2022

‘നവോത്ഥാനം’ ആധുനിക ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ്. അര്‍ത്ഥമറിയാതെയുള്ള ആ ചര്‍ച്ച കേട്ട് ആകാശത്തൊരു നക്ഷത്രം കണ്ണുനിറയ്ക്കുന്നുണ്ട്. ചട്ടങ്ങളെ മാറ്റിമാറ്റി, നിയമങ്ങളെ ലംഘിച്ച് ലംഘിച്ച്, അനാചാരങ്ങളെ എതിര്‍ത്തെതിര്‍ത്ത് മാനവീകതയുടെ കവാടം മലര്‍ക്കെ തുറന്നിട്ട യഥാര്‍ത്ഥ നവോത്ഥാന നായകന്‍, കുമാരനാശാന്‍. ഇന്നത്തെ പേക്കൂത്തുകള്‍ക്ക് നേരെ കണ്ണുനിറയ്ക്കാതെ മറ്റെന്ത് ചെയ്യാനാകും ആ സാധുവിന്.

മഹാകാവ്യം എഴുതിയിട്ടില്ലെങ്കിലും മലയാളം അദ്ദേഹത്തെ മഹാകവിയെന്ന് വിളിച്ചു. ആശാനില്ലാത്ത മഹാകവി പട്ടം മറ്റാര്‍ക്കും വേണ്ടെന്ന് ശഠിച്ചു. ഒരു പൂവിന്റെ ജനനം മുതല്‍ മരണം വരെയുള്ള അതിസൂക്ഷ്മമായ ഘട്ടങ്ങള്‍ അവതരിപ്പിച്ച് മനുഷ്യമനസ്സിനെ ഉദ്ബോധിപ്പിച്ച കവിയെയല്ലാതെ മറ്റാരെ മഹാകവിയെന്ന് വിളിക്കും?.

‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ!
ശ്രീഭൂവിലസ്ഥിര- അസംശയം- ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താ

‘ഹ’ കൊണ്ട് തുടങ്ങി ‘കഷ്ടം’ കൊണ്ട് അവസാനിപ്പിക്കുന്ന കേവലം 41 ശ്ലോകങ്ങള്‍ മാത്രമുള്ള വീണപൂവെന്ന ഈ കവിതയാണ് ആശാനെ ശ്രദ്ധേയനാക്കുന്നത്. അക്കാലത്തെ ഒട്ടുമിക്ക സാഹിത്യ പ്രസിദ്ധീകരണങ്ങളിലും വീണപൂവ് സ്ഥാനംപിടിച്ചു. നളിനി, ലീല, കരുണ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ബാലരാമായണം, ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, ഒരു സിംഹപ്രസവം തുടങ്ങി അനേക വിശിഷ്ട കാവ്യങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. സമൂഹത്തില്‍ നിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയും അതിനുള്ള ഉദ്ബോധനവും ഇതിവൃത്തമാക്കികൊണ്ട് മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ കുമാരനാശാന്‍ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തര്‍ജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് ഇതിലെ നായികാനായകന്മാര്‍.

1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കര ഗ്രാമത്തില്‍ തൊമ്മന്‍വിളാകം വീട്ടില്‍ ജനിച്ച കുമാരു എന്ന കുമാരനാശാന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത് ഭാരതത്തിന്റെ അഭിമാനമായ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവനുമായുള്ള കണ്ടുമുട്ടലാണ്. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിയിരുന്നു കുമാരനാശാന്‍. 1903 ജൂണ്‍ നാലിന് എസ്എന്‍ഡിപി യോഗം സ്ഥാപിതമായ കാലത്ത് യോഗത്തിന്റെ സംഘടനാപരമായ ചുമതലകളര്‍പ്പിക്കാന്‍ ശ്രീനാരായണഗുരു തെരഞ്ഞെടുത്തതും ഈ പ്രിയശിഷ്യനെയായിരുന്നു. കവി എന്ന രണ്ടക്ഷരത്തില്‍ കുമാരനാശാനെ ഒതുക്കി നിര്‍ത്താന്‍ മലയാളത്തിനാകില്ല, കാരണം സമൂഹത്തിലെ ഏറ്റവും എളിയ മനുഷ്യജീവനെയും മലയാള കാവ്യഭാവനയുടെ കേന്ദ്രബിന്ദുവായി അംഗീകരിക്കാന്‍ കഴിയുംവിധം നമ്മിലുളവാക്കിയ ഭാവുകത്വപരിണാമത്തിന്റെ പേരില്‍ അദ്ദേഹത്തെ സാമൂഹിക പരിഷ്‌ക്കാര്‍ത്താവെന്നും നവോത്ഥാന നായകനെന്നും ഉറക്കെ വിളിക്കാം.

കര്‍മമണ്ഡലത്തില്‍ നിറസാന്നിദ്ധ്യമായി നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് 1924 ജനുവരി 16ന് പുലര്‍ച്ചെ മൂന്നുമണിക്ക് പല്ലനയാറ്റില്‍ ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ മോട്ടോര്‍ സര്‍വീസിന്റെ റെഡീമര്‍ എന്ന ബോട്ട് മറിഞ്ഞ് കുമാരനാശാന്‍ അന്തരിച്ചത്. ഇഹലോകവാസം വെടിഞ്ഞിട്ട് നൂറുവര്‍ഷത്തോടടുക്കുമ്പോഴും ആശാന്റെ 150-ാം ജന്മദിനം പിന്നിടുമ്പോഴും ആ മുഖം തെളിമയോടെ ആ വാക്ക് എല്ലാ ഊര്‍ജ്ജത്തോടെയും മലയാളി ഏറ്റെടുക്കേണ്ടതുണ്ട്. കാരണം ആശാനില്ലെന്ന ധൈര്യത്താല്‍ ചില ദുഷ്ടശക്തികള്‍ അങ്ങിങ്ങായി തലപ്പൊക്കി തുടങ്ങിയിട്ടുണ്ട്. മലയാളത്തെ ലാളിച്ച് വളര്‍ത്തിയ മഹാപ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കൈപ്പടയുടെ സ്നേഹാദരം.

ടീം കൈപ്പട