ചര്‍ച്ചയാകേണ്ടത് തുടകളോ ?
നിലപാടുകള്‍ തിരസ്‌കരിക്കപ്പെടുന്ന കേരളത്തില്‍ നഗ്നമായ തുടകളിലൊതുങ്ങുന്ന ചര്‍ച്ചകളെ തുറന്നുകാട്ടുന്നു
- സരിത മുരളി
പെണ്ണ് വിളിച്ചു പറയുന്ന സത്യങ്ങളെ, വസ്തുതകളെ മറച്ചു കെട്ടുന്നത് ആദ്യമല്ല. ഇവിടെയത് അവളുടെ തന്നെ ശരീരം കൊണ്ടായെന്നു മാത്രം. അവളുടെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അവര്‍ തുടര്‍ച്ചയായി ചിലച്ചു. അവള്‍ സ്ത്രീ സമത്വത്തേക്കുറിച്ച് പറഞ്ഞു, കേട്ടതും മറ്റുള്ളവര്‍ നമ്മെ കേള്‍പ്പിച്ചതും പൊരിച്ച മീനിന്റെ കഥ. തൊഴിലിടത്ത് സുരക്ഷിതരായിരിക്കാന്‍ വേണ്ടതെന്തെന്ന് ചൂണ്ടിക്കാട്ടി, കണ്ടതും കാണിച്ചതും രണ്ട് തുടകളും കാലുകളും. ഈ കപട സദാചാര രാഷ്ട്രീയങ്ങള്‍ കൊണ്ട് ഇല്ലാതാകുന്നതല്ല പെണ്ണിന്റെ ഉള്‍കരുത്ത്. അരികുവത്കരണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ആര്‍ജ്ജിച്ച തീയാണത്.
സ്ത്രീയുടെ ശരീരം എക്കാലത്തും ചര്‍ച്ചയാകുന്നു. കാല്, മാറ്, തുട, യോനി, വയറ് തുടങ്ങി സ്ത്രീ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ദിവസവും മാറി വരുന്ന ചര്‍ച്ചകളിലെ വിഷയങ്ങള്‍.എന്തിന് പൊതുവിടങ്ങളില്‍ സ്ത്രീ ധരിക്കേണ്ട വസ്ത്ര മര്യാദകളെകുറിച്ച് സ്‌കൂളുകളിലടക്കം ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കുന്നു. സ്ത്രീ ചെയ്യരുത്, ധരിക്കരുത്, പറയരുത് എന്ന് സമൂഹം പ്രബലമായി വെച്ചു പുലര്‍ത്തുന്ന നിയന്ത്രണങ്ങളെ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പാത്രങ്ങളായി കൊണ്ടിരിക്കും. ഇപ്പോള്‍ കേരളത്തിലെ മുഖ്യ ചര്‍ച്ച നടി റിമ കല്ലിങ്കലിന്റെ കാലുകളിലാണ്…..
സമൂഹത്തിന്റെ സര്‍ഗാത്മക,രാഷ്ട്രീയ ഇടങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളും പ്രതികരണങ്ങളും തുറന്നു പറയുന്ന മലയാളത്തിലെ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍.അതുകൊണ്ട് തന്നെ അവരുടെ പരാമര്‍ശങ്ങള്‍ വിവാദങ്ങളാവുക സ്വാഭാവികമാണെങ്കിലും, സ്ത്രീയുടെ ശരീരം മാത്രം ഇന്നും സമൂഹത്തിലെ ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്. പുരുഷന്റെ നഗ്‌നമായ കാലുകളും, തുടയും ആരെയും അസ്വസ്ഥനാക്കുന്നുമില്ല.
സ്ത്രീ ശരീരം മാത്രം ഒരു ലൈംഗീക വസ്തുവായി പരിഗണിക്കപ്പെടുന്നു എന്നു പറയേണ്ടി വരും.പുരുഷ ശരീരത്തിന് ഇല്ലാത്ത എന്ത് ലൈംഗീക ബാധ്യതയായിരിക്കാം സ്ത്രീക്ക് സമൂഹത്തോട് ഉള്ളത്.സ്ത്രീയുട ശരീര ഭാഗങ്ങള്‍ പകര്‍ത്തുന്നത് മുതല്‍ അത് പ്രചരിപ്പിക്കുന്നതും അതിന് മേല്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതും വരെയുള്ള പ്രവര്‍ത്തികള്‍ക്ക് പുറകില്‍ മനുഷ്യന്‍ ശീലിച്ച വന്ന ചില പുരുഷാധിഷ്ഠിത ചിന്തകള്‍ക്ക് സ്ഥാനമുണ്ട്.
കാരണം കാലങ്ങളായി ലൈംഗീകതയുടെ ഭാരവും പേറി നടക്കുന്നത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ മാത്രമാണ്. പുരുഷന്‍ സ്ത്രീയുടെ നഗ്‌നത കാണേണ്ടത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണെന്ന പുരുഷ ബോധത്തില്‍ നിന്നുമാണ് ഇത്തരം ധാരണകള്‍ വ്യാപിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നതും.ഇക്കൂട്ടരുടെ വൈകൃതയമായ ചിന്തകളുടെ പ്രതിഫലനമെന്നോണം എവിടെയോ വെച്ച് സ്ത്രീയുടെ ശരീരം പൂര്‍ണമായും വസ്ത്രം കൊണ്ട് മറക്കപ്പെട്ടുവെന്ന് കരുതേണ്ടിയും വരും.
അതായത് സ്ത്രീ ശരീരത്തെ ലൈംഗീകതയുമായി മാത്രം ബന്ധപ്പെടുത്തി ചിന്തിക്കാനാണ് ഇക്കൂട്ടര്‍ താല്‍പര്യപ്പെടുന്നതും.എന്നാല്‍ മറുവശത്ത്, പല സന്ദര്‍ഭങ്ങളിലും പൂര്‍ണമായും വസ്ത്രം ധരിക്കാതെ നടന്നാലും പുരുഷ ശരീരത്തെ ലൈംഗീകതയുമായി ബന്ധപ്പെടുത്തി കാണാറില്ല,അതായത് പുരുഷന്‍ സ്ത്രീയെ ലൈംഗീക വസ്തുവോ അതുമായി ബന്ധപ്പെടുത്തിയോ കാണുമ്പോള്‍, സ്ത്രീ പുരുഷനെ അത്തരത്തില്‍ കാണുന്നില്ല എന്ന മനശാസ്ത്രമാണ് പുരുഷ നഗ്‌നത സമൂഹത്തില്‍ ചര്‍ച്ചയാകാത്തതിന്റെ പുറകില്‍.
സ്ത്രീയുടെ ശരീരം മാത്രമല്ല അവളുമായ ബന്ധപ്പെട്ട എന്തിനെയും ലൈംഗീക വസ്തുക്കളായി കാണുന്ന വിധത്തിലാണ് നമ്മുടെ സമൂഹത്തില്‍ പുരുഷന്‍ രൂപപ്പെട്ടിട്ടുള്ളത്.സ്ത്രീയുടെ ചലനങ്ങളിലും,അടിവസ്ത്രത്തിലും പോലും ചര്‍ച്ചകളുണ്ടാകുന്നത് ഇത്തരം മാനസിക ബോധമില്ലായ്മയില്‍ നിന്നുമാണ്….
സ്ത്രീയുടെ നഗ്നത എന്നാല്‍ സെക്സ് എന്ന് മാത്രം നമ്മുടെ പുരുഷന്‍മാരുടെ മനസില്‍ പതിഞ്ഞ് പോയതുകൊണ്ടാണ് പെണ്ണിന്റെ കിടപ്പിനും ഇരിപ്പിനും വരെ ഇക്കൂട്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യഗ്രത കൂട്ടുന്നതും. റിമ കല്ലിങ്കലിന്റെയും അനശ്വര രാജന്റെയും സയനോരയുടെയും കാലുകള്‍ ചര്‍ച്ചയാക്കുന്നതും ഇത്തരം ഉറച്ചു പോയ പുരുഷബോധത്തില്‍ നിന്നുമാണ്.ഇത്തരം പുരുഷ ചിന്തകള്‍ ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞ,സ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു കൂട്ടം മനുഷ്യര്‍ റിമയെ അനുകൂലിക്കുന്നതും നമ്മള്‍ കണ്ടു.
റിമ കല്ലിങ്കല്‍ മാത്രമല്ല കേരളത്തിലെ ധാരാളം സ്ത്രീകള്‍ അവര്‍ക്കിഷ്ടപ്പെട്ട വസത്രങ്ങള്‍ ധരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്.നോട്ടങ്ങളെയും ലൈംഗീക അതിക്രമങ്ങളെയും ഭയന്നാണ് പലരും ഇതില്‍ നിന്ന് പിന്തിരിയുന്നതും. കേരളത്തില്‍ ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടം വരെയും സ്ത്രീകള്‍ മാറിടവും കാലുകളും പുറത്ത് കാണിച്ച് നടക്കണമെന്നായിരുന്നു അന്നത്തെ പുരുഷസദാചാരവാദികളുടെ നിയമം.അങ്ങനെയെങ്കില്‍ അത് പുറത്തു കാണിക്കില്ലാ എന്ന പ്രഖ്യാപനത്തോടെ മുലക്കച്ചക്കായി വര്‍ഷങ്ങളോളം സമരം ചെയ്ത് അത് നേടിയെടുത്ത മലയാള സത്രീകളുടെ നാടാണ് കേരളം.അത്തരം പോരാട്ട വീര്യങ്ങളുടെ പുതുതലമുറയിലെ പ്രതിനിധിയായി റിമ കല്ലിങ്കല്‍ അടങ്ങുന്ന സ്ത്രീകളെ കാണേണ്ടി വരും.
അതിനൊപ്പം സ്ത്രീയുടെ നഗ്‌നതയെ ലൈംഗീകതയുമായി ബന്ധപ്പെടുത്താതെ കാണാന്‍ പുരുഷന്‍മാര്‍ക്ക് സാധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇത്തരം ചര്‍ച്ചകള്‍ അപ്രസക്തമാകും..
$