പോത്ത്
- ബാബു ജോര്‍ജ് അതിരുങ്കല്‍
ഫേസ്ബുക്കില്‍ ഒരു ദിവസം അവള്‍ക്കൊരു ഫ്രണ്ട്് റിക്വസ്റ്റ് വന്നു. അറിയാത്ത ആളുകളുടെ റിക്വസ്റ്റ് സ്വികരിക്കാന്‍ പാടില്ലെന്ന് അറിയാമായിരുന്നിട്ടും. അവള് അത് സ്വീകരിച്ചു. ഫോട്ടോയില്‍ ഒരു പോത്തിന്റെ പടമായിരുന്നു…. പോത്തിനെ അവള്‍ക്ക് കണ്ണെടുത്താന്‍ കണ്ടുകൂടാത്ത മൃഗമായിരുന്നു. എങ്കിലും അങ്ങനൊക്കെ സംഭവിച്ചു. പ്രൊഫൈല്‍ ചെക്ക് ചെയ്തു നോക്കിയത് പിന്നീടാണ്. എഡ്യൂക്കേഷന്‍ സ്റ്റാറ്റസ്- പത്താം ക്ലാസ്സില്‍ തോറ്റു. സ്ഥലം – എല്ലായിടത്തും ഉണ്ട്. ജണ്ടര്‍- ആണ്. ഇവന് വട്ടനാണോ? ഞാന്‍ എന്തൊരു പൊട്ടിയാ. ഇതെല്ലാം ചിന്തിച്ചു ആധികേറിനില്‍കുമ്പോളാണ് ‘ഫോണ്‍ നമ്പര്‍ തരുമോ എന്നൊരു റിക്വസ്റ്റ്…. അവള് കൊടുത്തില്ല…. പിന്നെ മെസ്സേജുകളുടെ പ്രളയം.
അവള് ഒന്നിനും മറുപടി നല്‍കിയില്ല… അവള് കൂട്ടുകാരികളോട് പറഞ്ഞു. അവര്‍ മെസ്സേജ് കണ്ടിട്ട് പറഞ്ഞു. ‘ആളു പോത്താണെങ്കിലും ഡീസന്റ് ആണെന്ന്നു തോന്നുന്നു.’ അവളുടെ മറുപടി ഇല്ലെങ്കിലും അയാള്‍ മെസ്സേജ് അയച്ചു കൊണ്ടേയിരുന്നു. അയാളുടെ പ്രായം എന്താണെന്നോ. അയാള്‍ എവിടെ ആണെന്നോ ഒന്നും അവള് അന്വേഷിക്കാന്‍ പോയില്ല.. അവളുടെ ഫ്രണ്ട്സിനെല്ലാം ഡെയിലി അവളുടെ മെസ്സേജ് വായിച്ചു രസിക്കുക എന്നത് ഓരോ ഹോബി ആയി. ദിവസം കഴിയുംതോറും അയാളോട് ദേഷ്യവും വെറുപ്പും അവള്‍ക്ക് തോന്നിത്തുടങ്ങി. ‘ഞാന്‍ അയാളെ റിമൂവ് ചെയ്യാന്‍ പോവ്യ.’ അവള് പറഞ്ഞു. ‘എടി അയാള്‍ക്ക് നിന്നോട് ലവ് ആണെന്നോ.. മോശമായ ഒരു വാക്കോ അയാള്‍ എഴുതിയിട്ടില്ല, പിന്നെ നീ എന്തിനാ അണ്‍ഫ്രണ്ട് ചെയുന്നത്,’ അവളുടെ കൂട്ടുകാരികള്‍ പറഞ്ഞു. ‘അയാള്‍ക്ക് മറ്റുപണിയൊന്നുമില്ലേ.’ അവള് ചൊടിച്ചു. ‘എടി അയാളുടെ വയസും ഫോട്ടോയും നീ ഒന്ന് ചോദിക്ക്,’ കൂട്ടുകാരികള്‍ അവളെ ഒന്നു പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു.
അത് കേട്ടപ്പോള്‍ അവള്‍ക്ക് കലി കയറി… അറിയാവുന്നതും അറിയാത്തതുമായ എല്ലാ സഹായ ക്രിയകളും ഉപയോഗിച്ച് അവളുമാരെ അവള് തുരത്തി. മൊബൈല്‍ എടുത്ത് ഫേസ്ബുക്കില്‍ അണ് ഫ്രണ്ട് ചെയ്യാന്‍ വിരലുകള്‍ തൊട്ടപ്പോള്‍ മൊബൈല്‍ ഓഫായിപ്പോയി. ആ ദേഷ്യത്തില്‍ മൊബൈല്‍ അവള് വെളിയിലേക്ക് വലിച്ചെറിഞ്ഞു… ‘എന്താ മോളെ നിനക്കെന്തു പറ്റി.’ അമ്മ വന്ന് ചോദിച്ചു. അവള് അമ്മയ്ക്ക് നേരെ ചീറി. ‘എന്റശ്വരാ ഈ കുട്ടിക്കിതെന്തു പറ്റി.’ അമ്മ പരിതപിച്ചു. കൂട്ടുകാരികള്‍ എല്ലാം മറന്നു വീണ്ടും അവളെ കാണാന്‍ വന്നു. ‘എടി മെസ്സേജ് വന്നോടി.’ ‘ഇന്നലെ രാവിലെ ഒരു മെസ്സേജ് വന്നു, പിന്നെ ഒന്നും വന്നില്ല, പോത്തിനു മനസിലായിക്കാണും അവനുദ്ദേശിക്കുന്ന പെണ്ണല്ല ഞാനെന്നു.’ അവള് തെല്ലു ഉത്സാഹത്തോടെ പറഞ്ഞു. ‘അയ്യോ, കഷ്ടമായിപ്പോയല്ലോടി.’ കൂട്ടുകാരികളുടെ മുഖം മങ്ങി… ദിവസങ്ങള്‍ ഓരോന്നും കടന്നു പോയി. പോത്തിന്റെ മെസ്സേജ് ഒന്നും വരാതെയായി… അവള്ക്ക്ഉ റക്കം നഷ്ടപ്പെട്ടു…എന്താ തനിക്ക് സംഭവിച്ചത്…. ആകെ ഒരു നിരാശ… ഉറക്കമില്ലാത്ത രാത്രികളില്‍ അവള് മൈബൈല്‍ കൈയില്‍ പിടിച്ചിരുന്നു… മെസ്സേജിനായി കാത്തിരുന്നു… ചിലപ്പോള്‍ ഉറക്കത്തില്‍ ഒരുപോത്ത് മുക്രായിട്ട് അവളുടെ നേരെ ചീറിവരുന്നത് കണ്ട് അവള് ഞെട്ടിയുണരും…