• നക്ഷത്ര മനോജ്

ആദ്യത്തെ ദിവസം രാത്രി മഴപെയ്തിരുന്നു. മഴയ്ക്ക് ശേഷമാണ് ക്യാമ്പങ്ങളുടെ കഥാവായനയുണ്ടായിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് എഴുതിയ ഒരു കുഞ്ഞു കഥ തിരുത്തലുകള്‍ക്ക് പോലും മിനക്കെടാതെ എടുത്തുവരേണ്ടിയിരുന്നില്ലെന്ന് തോന്നി.

കാറ്റ് പിടിച്ചുകിടന്ന കരിമ്പനകളായിരുന്നു പാലക്കാടേക്ക് ആദ്യമെന്നെ വിളിച്ചത്.ദൂരങ്ങളൊന്നുമറിയാതെ ഒരു കുട്ടി തന്റെ എല്ലാ കംഫര്‍ട്ട് സോണുകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഒറ്റയ്ക്ക് ആകാശം തേടി പറക്കുന്ന പോലെയാണത്.
അച്ഛനെയും അമ്മയെയും ഒരു പാകത്തില്‍ പറഞ്ഞൊപ്പിച്ചു ട്രെയിന്‍ കേറി പാലക്കാടേക്ക് വരുമ്പോള്‍ എത്തുന്ന ഇടത്തെക്കുറിച്ചോ കണ്ടുമുട്ടുന്ന മനുഷ്യരെക്കുറിച്ചോ യാതൊരു മുന്‍ധാരണയുമില്ലായിരുന്നു. ഒറ്റയ്ക്ക് നടക്കാനാറിയാത്തൊരു കുട്ടിയുടെ ,എപ്പോഴും ഒരു തോള് ധൈര്യത്തെപ്രതി കൂട്ടുപിടിച്ചിരുന്ന ഒരുത്തിയുടെ ആദ്യത്തെ സ്വാത്രന്ത്ര പ്രഖ്യാപനമായിരുന്നു പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കഥയിടം ക്യാമ്പിലേക്കുള്ള യാത്ര.

അതിരാവിലെത്തെ തണുത്ത കാറ്റും ഒലവക്കോട് റെയില്‍വേ സ്റ്റേഷനും ലോട്ടറിച്ചേട്ടനും പാലക്കാടന്‍ കട്ടനും അങ്ങനെ എല്ലാ പുതിയതും ഉടുപ്പിലെ കീശയിലേക്ക് എടുത്തു സൂക്ഷിക്കുന്ന കൊച്ചു കുഞ്ഞിനെപ്പോലെ ഞാന്‍ സ്വീകരിച്ചുകൊണ്ടേയിരുന്നു. താരേക്കാട് നിന്നും അഹല്യയുടെ ബസ്സിലേക്ക് കയറിപ്പോകുന്ന എല്ലാ മനുഷ്യരെയും ചിരിച്ചോണ്ട് ഞാനങ്ങനെ നോക്കി നിന്നു.എന്തൊരു പവറായിരുന്നു. ആരെയും മുന്‍പൊരിക്കലും കണ്ടിട്ടില്ലെന്ന് ഒരു തവണ കൂടി ഉറപ്പുവരുത്തി.

കുട്ടി മുതല്‍ ക്യാമ്പിലെ പല മനുഷ്യരിലും കോഴിക്കോട്ടുകാരെ തിരഞ്ഞ ഞാന്‍ പലരേയും താണ്ടി തൃശൂരും പാലക്കാടും മലപ്പുറത്തും ഇടങ്ങളായ ഇടങ്ങളിലൊക്കെയും പുതിയ സൗഹൃദങ്ങളുണ്ടാക്കി. ആയിരത്തി അഞ്ഞൂറ് ഏക്കറങ്ങനെ നീണ്ടുപരന്നു കിടന്ന അഹല്യ ക്യാമ്പസിന്റെ ഒരു കോണില്‍ ദിക്കറിയാതെ ദിശയറിയാതെ ക്യാമ്പിലെ നാല്പത് പേരും വന്നു കൂടി.എന്റെ നാല്പത് ലോകങ്ങള്‍.!

ഞാനങ്ങനെ ഇടങ്ങള്‍ തേടി നടന്നു.പലരിലും കുടുങ്ങി വീണ്ടും സ്വതന്ത്രമായൊഴുകി.കഥയിടം തീര്‍ത്തും തിരിച്ചറിവിന്റെ കൂടിയിടമായി. ഒരു സാഹിത്യക്യാമ്പും എഴുത്തുകാരെ സൃഷിക്കുന്നില്ലെന്ന പറച്ചില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടു.തിരിച്ചു ചെന്ന് മറിച്ചു നോക്കാന്‍ പാകത്തില്‍ കുറിപ്പുകളുണ്ടാക്കി. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകരുമായി സംവദിച്ചു. അവരെ കേട്ടിരുന്നു.മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വൈശാഖന്‍ മാഷ് കഥയിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു,പ്രിയപ്പെട്ട എഴുത്തുകാരായ അശോകന്‍ ചരുവില്‍,അഷ്ടമൂര്‍ത്തി, സുഭാഷ് ചന്ദ്രന്‍,ഈ സന്തോഷ് കുമാര്‍ , സന്തോഷ് ഏച്ചിക്കാനം,ടി പി വേണുഗോപാല്‍, ഫ്രാന്‍സിസ് നെറോണ ,സി വി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ടി ഡി രാമകൃഷ്ണന്‍, തുടങ്ങിയവരുടെ സാന്നിധ്യം മൂന്ന് ദിവസങ്ങളായി നീണ്ട് നിന്ന കഥാശില്പശാലയ്ക്ക് നിറം പകര്‍ന്നു.ഇവര്‍ക്ക് പുറമെ കെ ഈ എന്‍ ഷണ്മുഖ ദാസ് പിന്നെ പ്രിയപ്പെട്ട ബിന്ദു ടീച്ചറുമെല്ലാം കഥ അധികാരം വിമോചനം, കഥയും ചലച്ചിത്രവും കഥയും പ്രത്യയശാസ്ത്രവും എന്ന വിഷയങ്ങളില്‍ സംവദിച്ചു. വേറിട്ട കഥാവഴികളിലൂടെ നടക്കാന്‍ ഈ മൂന്ന് ദിനരാത്രങ്ങള്‍ കാരണമായി.

ആദ്യത്തെ ദിവസം രാത്രി മഴപെയ്തിരുന്നു. മഴയ്ക്ക് ശേഷമാണ് ക്യാമ്പങ്ങളുടെ കഥാവായനയുണ്ടായിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് എഴുതിയ ഒരു കുഞ്ഞു കഥ തിരുത്തലുകള്‍ക്ക് പോലും മിനക്കെടാതെ എടുത്തുവരേണ്ടിയിരുന്നില്ലെന്ന് തോന്നി. അവസരം കിട്ടിയാല്‍ മാത്രം പുറത്തെടുക്കാമെന്ന് കരുതി ഞാനത് ഒളിപ്പിച്ചു വച്ചു.. പക്ഷെ ആദ്യ വായനയ്ക്ക് എന്റെ കഥയൊരുങ്ങി. 2021ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച മോബിന്‍ മോഹനും ബിന്ദുടീച്ചറും കഥകേള്‍ക്കാന്‍ ഓപ്പമുണ്ടായിരുന്നത് ഒരു വലിയ അവസരമായും സന്തോഷമായും തോന്നി. ചുറ്റുമിരുന്നവരൊക്കെ കഥകളവതരിപ്പിച്ചു.അന്ന് രാത്രി കഥ പെയ്തു. കഥകളെഴുതണമെന്നും നിര്‍ത്തരുതെന്നും ഉള്ളിലുള്ളവളോട് കലഹം തുടങ്ങി. ചുറ്റുമുള്ള മനുഷ്യരൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് രാത്രികളില്‍ കഥ പറഞ്ഞു തീര്‍ത്തു. ഉള്ളങ്ങനെ നിറഞ്ഞു കൊണ്ട് മൂന്ന് പാലക്കാടന്‍ പകലിരവുകളില്‍ ജീവിച്ചു. ഒറ്റയ്ക്ക് നടക്കാന്‍ ഞാനിതിന് മുന്‍പൊന്നും ശ്രമിക്കാഞ്ഞതെന്തേയെന്ന് തോന്നി.

കഥയുടെ ചരിത്രത്തെ 105 കഥകളുടെ പ്രദര്‍ശനതിലൂടെ ക്യാമ്പങ്ങലിലേക്ക് എത്തിക്കാന്‍ ഇവരുടെ കൂടി ചേരലും പരിശ്രമതിന്റെയും വിജയം കൊണ്ട് മാത്രമാണെന്ന് തോന്നി പോവും.

സഹിത്യ-സാസ്‌കാരിക രംഗങ്ങളിലെ മുതിര്‍ന്ന മനുഷ്യരോടെല്ലാം സ്‌നേഹത്തോടെ അരികു ചേര്‍ന്നു നിന്നു മിണ്ടി. ക്യാമ്പ് രക്ഷാധികാരിയായിരുന്ന അജയന്‍ മാഷ് ക്യാമ്പ് ഡയറക്ടറും നിരൂപകനുമായ ഇ പി രാജഗോപാലന്‍ മാഷ് ,ക്യാമ്പ് കോര്‍ഡിനേറ്ററും കഥാകൃത്തുമായ രാജേഷ് മേനോന്‍ സാര്‍ എന്നിവരുടെ പ്രയത്‌നവും സംഘടനാമികവറും കഥാശില്പശാലയുടെ തലയെടുപ്പ് തന്നെയായിരുന്നു. കഥയുടെ ചരിത്രത്തെ 105 കഥകളുടെ പ്രദര്‍ശനതിലൂടെ ക്യാമ്പങ്ങലിലേക്ക് എത്തിക്കാന്‍ ഇവരുടെ കൂടി ചേരലും പരിശ്രമതിന്റെയും വിജയം കൊണ്ട് മാത്രമാണെന്ന് തോന്നി പോവും.

‘കഥയിട’ത്തില്‍ നിന്ന്

 

വായനയില്‍ പ്രിയപ്പെട്ടതായി കടന്നു വന്ന യുവ എഴുത്തുകാരും സഹ ക്യാമ്പങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നത് ഒരുപാട് സന്തോഷം നല്‍കി. സംസാരിച്ചു തുടങ്ങാനുള്ള ബുദ്ധിമുട്ട് കൊണ്ട് മാത്രം പരിചയപ്പെടലുകളില്ലാതെ ,ഒരു ചിരിയില്‍ തീര്‍ന്നവരെ ഞാനിപ്പോഴും ഒരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു.തിരിച്ചുള്ള ട്രെയിന്‍ രാത്രി 11 മണിക്കായിരുന്നതിനാല്‍ പെട്ടെന്ന് കിട്ടിയ മനുഷ്യരെയൊക്കെ ചേര്‍ത്തുകൊണ്ട് തസ്രാക്കിലേക്ക് വണ്ടി കയറി.അവിടിരുന്ന് ഒരു ഭൂതകാലത്തെ തുന്നി.കൂടെ വന്ന അഞ്ച്മനുഷ്യര്‍ അഞ്ചു ജില്ലകളും ചേര്‍ത്ത് ഒരു കൂടുണ്ടാക്കി.അങ്ങനെ കഥയിടം എന്നെ സ്വതന്ത്രയാക്കി.

അവരെ കേട്ടിരിക്കെ ആരുമില്ലാത്തവര്‍ വച്ചു നീട്ടുന്ന നാരങ്ങാ മിട്ടായി നുണഞ്ഞു. അതില്‍ ജീവിതത്തിന്റെ മാധുര്യം ഞാനറിഞ്ഞു.

 

നിങ്ങളുടെ അനുഭവക്കുറിപ്പുകള്‍ കൈപ്പടയില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ kaippadamagazine@gmail.com എന്ന മെയിലില്‍ അയക്കൂ.