ഇല ഹൃദയം
- സി.ഹനീഫ് വയനാട്
ബിലാല്‍ എന്ന ബംഗാളി താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിനിടയിലാണ് കട്ടിയുള്ള കടലാസില്‍ വരച്ചിട്ട ആ ചിത്രം ഹൈദറിന്റെ ശ്രദ്ധയില്‍ പെട്ടത്. അതാവട്ടെ ചാര നിറത്തിലുള്ള ഒരു കവറിലിട്ട് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു. ആ ചിത്രം സംശയത്തിന്റെ വലിയൊരു മേഘപടലം അവനില്‍ ഉണര്‍ത്തി. ക്രമേണ അതു അന്തരീക്ഷത്തില്‍ ഇരുള്‍ വീഴ്ത്തി ആര്‍ത്തലച്ചു വരുന്ന പേമാരിയായി ചുറ്റുമുള്ളവരിലേക്ക് കൂടി പടര്‍ന്നു കയറുകയും ചെയ്തു.
ചിലരൊക്കെ ഹൈദരിന്റെ കയ്യില്‍ നിന്നത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. അത് ഒരു ഇലയുടെ ചിത്രമായിരുന്നു. ഹൃദയത്തിന്റെ രൂപത്തിലുള്ള ഒരില. ചിത്രകല ആസ്വദിക്കാന്‍ മാത്രം വലിയ പരിജ്ഞാനമൊന്നുമില്ലാത്ത സാധാരണ കൂലിക്കാരായിട്ടും ഹൈദരും കൂട്ടുകാരും അതില്‍ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു. അതിനു പ്രത്യേക കാരണമുïായിരുന്നു. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ വേറെയും ചിത്രങ്ങള്‍ അവര്‍ കïെത്തി. സ്വര്‍ണ്ണ മല്‍സ്യങ്ങള്‍, വീട് എന്നിവയോടൊപ്പം ഹിന്ദിയില്‍ ചില വാക്കുകളും കുറിച്ചിരുന്നു.
സുലൈമാന്‍ തന്റെ കടയുടെ മുകള്‍ ഭാഗത്തെ മുറി പാഴ് വസ്തുക്കള്‍ കൂട്ടിയിടാനായിരുന്നു കുറെക്കാലം ഉപയോഗിച്ചിരുന്നത്. തലയില്‍ സാധനങ്ങളുമായി ഏണി വെച്ച് ഒരു സര്‍ക്കസുകാരന്റെ വൈഭവത്തോടെയായിരുന്നു സുലൈമാന്‍ അവിടേക്ക് കയറിപ്പോയിരുന്നത്. കാലപ്പഴക്കം കൊï് പഴകിദ്രവിച്ച കഴുക്കോലുകള്‍ ഓടുകളെ താങ്ങി നിര്‍ത്തുന്നതില്‍ ഏതു നിമിഷവും പരാജയപ്പെടുന്ന തരത്തിലായിരുന്നു. ബിലാല്‍ എന്ന താമസക്കാരന്‍ വന്നതോടു കൂടി അവിടെത്തെ അന്തേവാസികളായിരുന്ന എലികള്‍, പൂച്ചകള്‍, മാടപ്രാവുകള്‍, ചിതലുകള്‍ തുടങ്ങി മറ്റനേകം ജന്തുക്കള്‍ക്ക് വാസസ്ഥാനം നഷ്ടപ്പെടുകയുïായി. എന്നിട്ടും അവയില്‍ ചിലരൊക്കെ ബിലാലിനെ അഡ്ജസ്റ്റ് ചെയ്യാന്‍ തയാറാവുക തന്നെ ചെയ്തു.
ഇക്കാലത്ത് ആയിരം രൂപ വാടകക്ക് താമസിക്കാനൊരു മുറി എവിടെ കിട്ടുമെന്നായിരുന്നു സുലൈമാന്റെ വാദം. അതും വേദശിവപുരം പോലുള്ളൊരു അങ്ങാടിയില്‍. അതു കൊï് സുലൈമാന്റെ തട്ടിനുമീതെ പലപല സാധനങ്ങള്‍ക്കിടയില്‍ ഒരല്‍പം ഇടമുïാക്കി അയാളൊരു കിടപ്പറ ശരിയാക്കി. ബിലാലിനെക്കൊï് വേറെയും ചില ഗുണങ്ങള്‍ സുലൈമാനുïായിരുന്നു. ഉരുളക്കിഴങ്ങ്, ഉള്ളി, ഗോതമ്പ്‌പൊടി, മുരുകന്റെ റേഷന്‍ കടയില്‍ നിന്നും തന്ത്രത്തില്‍ ഒപ്പിച്ചെടുക്കുന്ന മണ്ണെണ്ണ എന്നിവ അല്‍പം വിലകൂട്ടി വില്‍ക്കാമെന്നുള്ളതായിരുന്നു അത്. ബിലാലി
നും അയാള്‍ വഴി ഒഡീഷ, ജാര്‍ഖണ്ധ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന മറ്റ് സുഹൃത്തുക്കള്‍ക്കും ചെറിയ പറ്റ് പുസ്തകത്തില്‍ കുറിച്ച് വെച്ച് സുലൈമാന്‍ ഒരാഴ്ച നീളുന്ന കടം കൊടുക്കുമായിരുന്നു.
ബലൂണ്‍ വില്‍പനയായിരുന്നു ബിലാലിന്റെ ആദ്യകാല തൊഴില്‍. അതില്‍ പിന്നീട് ഹോട്ടല്‍ തൊഴിലാളിയായും കെട്ടിട നിര്‍മ്മാണക്കാരനായും, പെയിന്റ് ജോലിക്കാരനായും അയാള്‍ ഉപജീവനം നടത്തി. പെയിന്റടിക്കുന്ന ജോലിക്കിടയിലാണ് ബിലാലിന്റെ രï് ബന്ധുക്കള്‍ കൂടി ബംഗാളില്‍ നിന്നും വന്നത്. അവരൊക്കെയും പള്ളി വകയുള്ള കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു കഴിഞ്ഞിരുന്നത്. അതും ശെരിയാക്കിക്കൊടുത്തത് സുലൈമാന്‍ തന്നെ.
ആയിടക്കാണ് തന്റെ പരിചയത്തില്‍ പെട്ട ധീരജിന്റെ വീട്ടില്‍ പെയിന്റിംഗിനായി പണിക്കാരെ തിരയുന്നത് സുലൈമാന്‍ അറിഞ്ഞത്. അറിഞ്ഞ ഉടനെ അയാള്‍ ധീരജിനെ പോയിക്കïു.
”ബിലാലും സംഘവും എല്ല് മുറിയെ പണിതു കൊള്ളും. കൂലിയാണെങ്കില്‍ നമ്മുടെ പെയിന്റുകാര്‍ക്ക് കൊടുക്കേïതിന്റെ നേര്‍ പകുതി കൊടുത്താല്‍ മതി.”
”വീടങ്ങനെ മുഷിഞ്ഞിട്ടൊന്നുമില്ല. എന്നാലും ഒന്നു പെയിന്റു ചെയ്തു കളയാമെന്നു വെച്ചു.”
ധീരജ് താന്‍ സൂചിപ്പിച്ചതിനല്ല മറുപടി പറഞ്ഞത് എന്നറിഞ്ഞിട്ടും സുലൈമാന്‍ തുടര്‍ന്നു.
”നിങ്ങളെ മനസ്സിലുള്ളത് ഓന്‍ ചെയ്തു തരും. ഒരാഴ്ചക്കാലം കൊï് നിങ്ങളെ പൊര പുതുപുത്തനാക്കി മാററും. പൊറത്ത് കൊടുക്കുന്ന പൈശ വേïി വരില്ല. പെയിന്റും സാധനങ്ങളും ഇങ്ങള് വാങ്ങിക്കൊട്ത്താ മതി. ഇങ്ങക്കാണേല്‍ ഇന്തി അറിയാവുന്നത് കൊï് പ്രശ്‌നോïാവൂല്ല.”
സുലൈമാന്‍ വെളുക്കെച്ചിരിച്ചു.
അയാളുടെ അമിതാവേശം കï് അതിലും വല്ല കമ്മീഷനുïോ എന്ന് ധീരജിന് സംശയമില്ലാതിരുന്നില്ല. എന്തു തന്നെയായാലും സുലൈമാന്റെ നേതൃത്വത്തില്‍ കരാര്‍ ഉറപ്പിച്ചു. പിറ്റേ ദിവസം തന്നെ ബിലാലും സംഘവും പണി തുടങ്ങി. അതിനിടയിലാണ് ബിലാലിന്റെ കുടുംബം ഉത്തരേന്ത്യയില്‍ നിന്നും വന്ന് അവനോടൊപ്പം സുലൈമാന്റെ തട്ടുംപുറത്ത് കൂടിയത്. ബിലാലിന്റെ മകള്‍ ദയ എന്ന പെണ്‍കുട്ടി വളരെ വേഗത്തില്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി. തന്റെ പറ്റുപുസ്തകത്തില്‍ തുക അല്‍പം അധികമായി വന്നതില്‍ സുലൈമാനും പെരുത്ത് സന്തോഷമായി.
എല്ലാം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. ധീരജിന്റെ വീട്ടില്‍ കള്ളന്‍ കയറി. പത്തു പവന്റെ ആഭരണങ്ങളും കുറെ അലങ്കാര മല്‍സ്യങ്ങളുമാണ് മോഷണം പോയത്. തൊട്ടടുത്ത ദിവസം ബിലാലിന്റെ ഭാര്യയും കുഞ്ഞും ബംഗാളിലേക്ക് തിരിച്ചു പോവുകയും ചെയ്തു. ധീരജിന് അലങ്കാര മത്സ്യ വില്‍പനയായിരുന്നു തൊഴില്‍. മാസത്തിലൊരിക്കല്‍ അയാള്‍ അതിനായി മൈസൂരിലേക്കു പോകും. ഇത്തവണ അയാള്‍ കുടുംബ സമേതം പോയത് അധികമാര്‍ക്കും അറിയില്ലായിരുന്നു. ചുറ്റും വീടുകളുള്ള ഗാന്ധിനഗര്‍ കോളനിയില്‍ ധീരജിന്റെ വീട്ടിലെ മാല തേടിയെത്തിയ കള്ളനെക്കുറിച്ചോര്‍ത്ത് എല്ലാരും മൂക്കത്ത് വിരല്‍ വെച്ചു. അതും പട്ടാപ്പകല്‍.
കോളനിയിലുള്ള എല്ലാവരെയും പോലീസ് ചോദ്യം ചെയ്തു. അപരിചിതരാരെങ്കിലും അവിടേക്ക് വന്നു പോയതായി ആര്‍ക്കും അറിവില്ലായിരുന്നു. പതിവു ചടങ്ങുകളെല്ലാം കഴിഞ്ഞ്
പോലീസ് പോയതിനു ശേഷമുള്ള നാട്ടുക്കൂട്ടത്തിന്റെ നിഗമനങ്ങളായിരുന്നു പിന്നീട്. ഗാന്ധിനഗര്‍ കോളനിയിലെ സിസിടിവി പിടിപ്പിച്ച കണ്ണുകളും, വാര്‍ത്താ മാധ്യമത്തമ്പുരാക്കന്‍മാരുമെല്ലാം ഒത്തു കൂടി കാക്കത്തൊള്ളായിരം അഭിപ്രായങ്ങള്‍ നിരത്തി. ധീരജിന്റെ വീടിനു മുമ്പിലെ കലുങ്കിനരികിലായിരുന്നു കോളനി മീറ്റിങ്ങ്. എല്ലാ ദിവസവും വൈകുന്നേരം പതിവുള്ള ഈ ഒത്തു ചേരലിന് കള്ളന്റെ ആഗമനത്തോടെ ഉണര്‍വും ആവേശവും വന്നു. അതിനിടയ്ക്കാണ് കൂട്ടത്തിലൊരാള്‍ ധീരജിന്റെ മുറ്റത്തെ അക്വേറിയത്തിന്റെ വശത്തായി ഇലകളുടെ നീരു കൊണ്ട് ഒരു ചിത്രം വരച്ച് വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. അതെങ്ങിനെ അവിടെ വന്നു എന്നതിന് ഒരു നിശ്ചയവും ഇല്ലായിരുന്നു.
”കോഴിക്കോട്ടും ബടഗരേലും ഗുണനച്ചിന്നം വരച്ച് പോയതിന് ശേഷം കളവ് നടത്തുന്ന ചില സംഘങ്ങളില്ലേ.. ഇനി അത് വല്ലതുമാണോ..?”
സുലൈമാന്റെ ആ അഭിപ്രായം കുറിക്കു കൊണ്ടു.
”ഗുണനച്ചിന്നം മാത്രമല്ല, പല തരത്തിലുള്ള അടയാളങ്ങളുമുണ്ട്. ഗെയ്റ്റിലും മതിലിലും ജനലുമ്മലുമൊക്കെയായിട്ട്. പിന്നാലെ വര്‌ന്നോര്‍ക്ക് സംഗതി മനസ്സിലാക്കാന്‍..”
വേദശിവപുരത്തെ ബെയ്ക്കറി മുതലാളി ജോണിച്ചേട്ടന്‍ അതേറ്റു
പിടിച്ചു.
”ഇത് അദ് തന്നെ.. യാതൊരു സംശയവുമില്ല.”
എല്ലാവരും അത് നാടോടികളുടെ കളവു നടത്തിപ്പിന്റെ അടയാളമായി അംഗീകരിച്ചു. കരിക്കട്ട കൊണ്ടും ചോക്കു കൊണ്ടും തങ്ങളുടെ കൂട്ടാളികള്‍ക്ക് പല തരത്തിലുള്ള ചിഹ്നങ്ങളാല്‍ അടയാളമിടുന്ന സംഘം ധീരജിന്റെ വീട് ലക്ഷ്യമിട്ടതായി ഗാന്ധിനഗര്‍ നാട്ടുക്കൂട്ടം ഐക്യകണ്‌ഠേന അംഗീകരിച്ചു.
അതോടു കൂടി എല്ലാവരും അക്വേറിയത്തിനു ചുറ്റും വീണ്ടും നിലയുറപ്പിച്ചു. സാമാന്യം വലിയ ഒന്നായിരുന്നു അത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വലിയ അലങ്കാര മല്‍സ്യങ്ങള്‍ അതില്‍ നീന്തിത്തുടിച്ചിരുന്നു. മുമ്പ് പലരും അതാവശ്യപ്പെട്ടെങ്കിലും ധീരജ് ആര്‍ക്കും കൊടുത്തിരുന്നില്ല. പകരം തന്റെ ബിസിനസ്സിന്റെ പരസ്യമെന്നോണം അയാളത് വീടിന്റെ പുറത്തെ ജനലിനോട് ചേര്‍ന്ന് വഴിയെ പോകുന്നവര്‍ക്കെല്ലാം കാണാവുന്ന തരത്തില്‍ സ്ഥാപിച്ചു.
അക്വേറിയത്തിന്റെ വീതി കുറഞ്ഞ വശത്തെ ഗ്ലാസ്സിനു പുറത്താണ് ചിത്രം കോറിയിടപ്പെട്ടത്. പുറമെ നിന്ന് നോക്കിയാല്‍ ആര്‍ക്കും പെട്ടെന്നത് കണ്ടു പിടിക്കാനാവുമായിരുന്നില്ല. അതൊരിക്കലും സാധാരണ രീതിയിലുള്ള അടയാളവുമായിരുന്നില്ല. ചിലരതില്‍ ദൈവത്തിന്റെ രൂപം കാണാന്‍ ശ്രമിച്ചു. മറ്റു ചിലര്‍ക്ക് അതൊരു ഹൃദയമായി തോന്നി. ജിപ്‌സികള്‍ വരഞ്ഞിടുന്നതു പോലെ കരിക്കട്ട കൊണ്ടായിരുന്നില്ല എന്നുള്ളതു തന്നെയായിരുന്നു പ്രധാന കാര്യം. എന്തു തന്നെയായാലും സാധാരണ പറഞ്ഞുകേള്‍ക്കാറുള്ള അപകട ചിഹ്നത്തില്‍ നിന്ന് വിഭിന്നമായി നോക്കി നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒരാകര്‍ഷണീയത ആ ചിത്രത്തെ വലയം ചെയ്തു നിന്നു.
പോയ പോലീസ് വീണ്ടും വന്നു. ഗാന്ധിനഗര്‍ കോളനിയിലെ വാര്‍ത്തക്കമ്പനി അവരുടെ ഊഹങ്ങളും കാഴ്ചകളും സാധ്യതകളുമെല്ലാം പോലീസിനു കൈമാറി. സുലൈമാന്‍ ഇരുചെവിയറിയാതെ പോലീസിന്റെ സഹായിയായി. ധീരജിനെപ്പോലും അറിയിക്കാത്ത തനിക്കു തോന്നിയ രഹസ്യങ്ങള്‍ സുലൈമാന്‍ പോലീസിനു ചോര്‍ത്തിക്കൊടുത്തു.
”എന്റെ സംശയം മാത്രമല്ല സാറെ, ഈ അന്യ സംസ്ഥാനക്കാര് വന്നതു മുതല്‍ തുടങ്ങിയതാ ഇവിടെ പ്രശ്‌നങ്ങള്‍. കാര്യം അവരെക്കൊണ്ട് കൊറെ ഉപകാരമൊക്കെ ഉണ്ടായിട്ടുണ്ടാവും. പക്ഷെ.. ഇവര് നാട്ട്കാര്‍ക്ക് വല്ലാത്ത തലവേദനയായിട്ട്ണ്ട്. കുട്ട്യേളെ തട്ടിക്കൊണ്ട് പോക്ക്, മോഷണം, പിടിച്ചുപറി മുതല്‍ കോലപാതകം വരെ നടക്ക്ന്ന് ണ്ട്…”
അത്രയും പറഞ്ഞ് സുലൈമാന്‍
പോലീസുകാരന്റെ മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി. താന്‍ പറയുന്നത് അയാള്‍ വിശ്വസിക്കുന്നുï് എന്ന് ഉറപ്പു വരുത്തി.
”സര്‍, ഇങ്ങള് ആ ബിലാലിനെ വിളിച്ചൊന്ന് കുടഞ്ഞാല്‍ വിവരം കിട്ടും..”
”ആരാണീ ബിലാല്‍?”
പോലീസുകാരന്‍ സുലൈമാനെ കടുപ്പിച്ചൊന്നു നോക്കി.
”എന്റെ പീട്യേന്റെ മേലെ താമസിക്കുന്നോന്‍.. കാര്യം അവനെക്കൊണ്ട് ഞമ്മക്ക് ഒരുപാട് ഉപകാരമൊക്കെയുണ്ട്. പക്ഷെ ഇമ്മാതിരി തോന്ന്യാസം കാണിക്കാന്‍ പാടില്ലല്ലോ.. ഓന്റെ മോളും കെട്ട്യോളും നാട്ട്ന്ന് വന്നിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നാ അവര് പോയത്. സാധനം അവര് കൊണ്ടുപോയെന്ന കാര്യത്തില്‍ സംശയമില്ല. ഓനാണ് ഈ വീടിന്റെ പെയിന്റിംഗ് പണിയെട്ത്തത്. കുട്ടീനേം കൂട്ടി പണിസ്ഥലത്ത് വരുമ്പഴേ എനിക്ക് സംശ്യേണ്ടായിരുന്നു. അപ്പൊത്തന്നെ എല്ലാം നോക്കി വെച്ചിട്ട്ണ്ടാവും..”
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സുലൈമാന്‍ ഒന്നുമറിയാത്ത കാഴ്ചക്കാരനെപ്പോലെ നിന്നു. അയാള്‍ ഒരേ സമയം ബിലാലിന്റെയും ധീരജിന്റെയും പോലീസിന്റെയും സഹായിയായി. സുലൈമാന്റെ കടയുടെ മുകളിലേക്ക് പോലീസ് കയറിപ്പോകുന്ന രംഗം പലരും മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പിലും ഫെയിസ് ബുക്കിലുമിട്ടു. കുറ്റം ഏല്‍ക്കാനോ നിഷേധിക്കാനോ അറിയാത്ത ബിലാല്‍ മലയാളവും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അതാരും ശ്രദ്ധിച്ചതേയില്ല. ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുപോയ ബിലാലിനെ രണ്ടാഴ്ച കൊണ്ട് എല്ലാരും മറന്നു. അല്ലെങ്കിലും ബിലാല്‍ അവിടെയൊക്കെ ഉണ്ടായിരുന്നപ്പോഴും ആരും അയാളെ ശ്രദ്ധിച്ചൊന്നുമില്ലായിരുന്നു.
ആയിടക്കാണ് ധീരജിന്റെ ഭാര്യ ധീരജിനോട് ഒരു സംശയം ചോദിച്ചത്
”അങ്ങിനെയാണെങ്കില്‍ ചേട്ടാ എങ്ങിനെയാവും കള്ളന്‍ അകത്തു കയറിയത്?”
തന്റെ മാറില്‍ തലചായ്ചു കിടന്ന നല്ലപാതിയെ സ്‌നേഹപൂര്‍വ്വം തള്ളി മാറ്റിയിട്ട് ധീരജ് പറഞ്ഞു.
”എന്തു സംശയം. പെയിന്റിംഗിനായി വന്ന സമയത്ത് അയാള്‍ വാതില്‍ തുറക്കാനുള്ള കള്ളത്താക്കോല്‍ തയാറാക്കിയിരിക്കും. നമ്മള്‍ പോകുന്ന കാര്യം എങ്ങിനെയോ മനസ്സിലാക്കി കൂട്ടുകാര്‍ക്ക് സിഗ്‌നല്‍ കൊടുത്തു അത്ര തന്നെ. ഇതിനൊക്കെയാണോ ഇത്തരക്കാര്‍ക്ക് വഴിയില്ലാത്തത്.”
”എന്നാലും..”
”ഒരെന്നാലുമില്ല. നീ കിടന്നുറങ്ങാന്‍ നോക്ക്.”
തല്‍ക്കാലം അങ്ങിനെ പറഞ്ഞു രക്ഷപ്പെട്ടെങ്കിലും ധീരജിന്റെ മനസ്സില്‍ എന്തൊക്കെയോ ഒരു വശപ്പിശക് പുകഞ്ഞു കൊണ്ടിരുന്നു. നാളെ എന്തായാലും സുലൈമാനെ ഒന്നു കാണണം. ആയൊരു തീരുമാനം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് അയാളന്ന് ഉറങ്ങിയത്.
ധീരജ് എത്തുമ്പോള്‍ സുലൈമാന്‍ കടയിണ്ടായിരുന്നില്ല. മുകളിലത്തെ നിലയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെന്നു മനസ്സിലായി. ഹൈദറിന്റെ ശബ്ദം കൂട്ടത്തില്‍ ഉയര്‍ന്നു കേട്ടു. സുലൈമാന്റെ കടയുടെ മുകളിലാണ് ബിലാല്‍ താമസിച്ചിരുന്നത് എന്ന കേട്ടുകേള്‍വി വെച്ച് അയാള്‍ കുത്തനെ ചാരി വെച്ച ഇരുമ്പു കോണിയിലൂടെ ശ്രദ്ധാപൂര്‍വ്വം മുകളിലേക്കു കയറി.
തട്ടുംപുറം വൃത്തിയാക്കുന്ന പണി അവര്‍ തല്‍ക്കാലം നിര്‍ത്തി വെച്ചിരുന്നു. പകരം ഹൈദറിന്റെ കയ്യിലെ ചിത്രത്തില്‍ നോക്കി ബാബുരാജും രാജപ്പനും അറുമുഖനുമെല്ലാം തങ്ങളാല്‍ കഴിയുന്ന അഭിപ്രായങ്ങള്‍ പറയുന്നുശകണ്ട്. അതിനിടയിലാണ് ധീരജ് അങ്ങോട്ട് കയറിച്ചെന്നത്. അവര്‍ക്കിടയിലൂടെ അയാള്‍ അതിലേക്കു നോക്കി.
ഹൃദയത്തിന്റെ രൂപത്തില്‍ വരക്കപ്പെട്ട ഒരില. അയാളുടെ തലക്കുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. അത് കറുപ്പും വെള്ളയും കലര്‍ന്ന ഒരു പുരാതന നഗറ്റീവ് രൂപമായി അയാളുടെ കണ്ണില്‍ നിന്നും പ്രപഞ്ചത്തോളം വളര്‍ന്നു. പിന്നെ ഒരു പൊട്ടു പോലെ ചെറുതായി അത് അയാളുടെ വീട്ടിനു മുന്നിലെ അക്വേറിയത്തിന്റെ ഭിത്തിയില്‍ കുഞ്ഞു കൈപ്പടയായി പതിഞ്ഞു കിടന്നു.