മനോഹരി… സോനാമാര്‍ഗ്
- എം.എം. മഞ്ജുഹാസന്‍
കശ്മീര്‍ ഇന്‍ 11 ചാപ്‌ടേഴ്‌സ് 06
കംഗനില്‍ നിന്നും ഏതാണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്തിട്ടുണ്ടാകണം. പ്രകൃതി കൂടുതല്‍ മനോഹരിയായിരിക്കുന്നു. ധവളശോഭയോടെ മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന പര്‍വ്വതനിരകളാണ് ചുറ്റുപാടും. മലയടിവാരങ്ങളില്‍ പച്ചപ്പുല്‍മേടുകളും പൈന്‍മരക്കാടുകള്‍ നിറഞ്ഞ താഴ്വരകളും. തിളങ്ങുന്ന സ്ഫടികകണങ്ങള്‍ പോലുള്ള നീരൊഴുക്കുകളുമായി കാട്ടരുവികള്‍ സിന്ധ് നദിയിലേയ്‌ക്കൊഴുകിച്ചേരുന്നു. പൂച്ചെടികളും ഹിമാലയവൃക്ഷങ്ങളും അഴകോടെ വളര്‍ന്നുനില്‍ക്കുന്ന വിശാലമായ പുല്‍മേടുകള്‍. ചാരുതയാര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ പാകത്തിനു താഴ്വരകളില്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.
ഇളംപച്ചനിറം പടര്‍ന്നോയെന്ന് സംശയിക്കത്തക്ക വിധം നിറഭംഗിയോടെ, തെളിനീരോടെ, മുത്തുമണികള്‍ കിലുക്കിയൊഴുകുന്ന സിന്ധ് എന്ന സുന്ദരി പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഒഴുകുന്നു. വശ്യമായ സൗന്ദര്യമാണ് ഹിമാലയപ്രദേശങ്ങള്‍ക്ക്. വിവരണാതീതമായ അനുഭൂതി പകരുന്ന ദൃശ്യാനുഭവങ്ങളാണ് ഹിമാലയയാത്രകളില്‍ ലഭ്യമാകുന്നത്. അതെ, സോനാമാര്‍ഗ്ഗിലേയ്ക്ക് ഞങ്ങളെത്തിക്കഴിഞ്ഞു. ധാരാളം റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം കാണാനായി. ഒരു തെരുവിലൂടെ കുറച്ചുകൂടി ഞങ്ങള്‍ മുന്നോട്ട് പോയി. അവിടെ എത്തുമ്പോഴേയ്ക്ക് , പാര്‍ക്ക് ചെയ്തിരിക്കുന്ന സുമോ ജീപ്പുകളും ഹോട്ടലുകളും കാണാം. ധാരാളം കോവര്‍ കഴുതകളും ഇവിടെ കാണാനായി. സ്ഥലമെത്തിയെന്നറിയാന്‍ ഒട്ടും പാടുപെടില്ല കേട്ടോ.
വണ്ടി ഒരിടത്തു തെരുവോരം ചേര്‍ത്തു നിറുത്തി. ദാ അപ്പോഴേക്കും കുതിരക്കാരും ( അതായത് പോണി ) ഡ്രസ്സ് വാടകയ്ക്കു നല്‍കുന്ന കടക്കാരും കൂട്ടത്തോടെ എത്തി വണ്ടിയെ പൊതിഞ്ഞു. ഇനി മുന്നോട്ട് വാഹനങ്ങള്‍ പോകില്ലായെന്നാണ് പറയുന്നത്. അലിഭായിയും അത് ശരിവെച്ചു. ടൂറിസ്റ്റു വണ്ടികള്‍ ഇവിടെ വരെയേ കൊണ്ടുവരാന്‍ പാടുള്ളൂവത്രേ. എങ്കില്‍ ശരി വണ്ടി എവിടെയെങ്കിലും പാര്‍ക്കു ചെയ്‌തോളൂ എന്ന് അലിഭായിയോടു പറഞ്ഞു. ഞങ്ങള്‍ക്ക് നടന്നു പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു. എന്തൊക്കെയാണ് സന്ദര്‍ശിക്കാനുള്ളതെന്നും അതിനുള്ള വഴി പറഞ്ഞു തരാമോയെന്നും ചോദിച്ചു. കുതിരപ്പുറത്തല്ലാതെ പോകാനാവില്ല എന്നാണ് അദ്ദേഹവും പറയുന്നത്. ഒരുപാടു ദൂരമുണ്ടെന്നും പൂരാ പഹാഡ് ( മുഴുവനും മലകയറ്റമാണ് ) ആണെന്നുമാണ് ഞങ്ങളുടെ സംഭാഷണം കേട്ടു നിന്ന കുതിരക്കാരും ആവര്‍ത്തിക്കുന്നത്.
പോണി വാടകയ്ക്കെടുക്കാതെ അവര്‍ വിടില്ലായെന്നുറപ്പിച്ച മട്ടാണ്. എങ്കില്‍പ്പിന്നെ പോണിയുടെ താരിഫ് ഒക്കെ എങ്ങിനെയാണ് എന്ന് അന്വേഷിച്ചു. കുതിരക്കാരുടെ കൂട്ടത്തിലൊരു മൂപ്പന്‍ പറഞ്ഞ റേറ്റ് കേട്ടപ്പോള്‍ ഞങ്ങള്‍ ശരിക്കും നടുങ്ങിപ്പോയി. ഒരാളെ കുതിരപ്പുറത്ത് കൊണ്ടു
പോകുന്നതിനുള്ള ചാര്‍ജ്ജ് മൂവായിരം രൂപയാണു പോലും. ജാക്കറ്റിനും ഷൂസിനുമുള്ള വാടകയായി മുന്നൂറു രൂപ വേറെയും നല്‍കണം. മഞ്ഞിലിറങ്ങാനുള്ള വസ്ത്രമായി നല്‍കുന്നത് ജാക്കറ്റും ഷൂസും മാത്രമാണ്. ഏതായാലും ആ സ്‌കീമില്‍ ഞങ്ങളില്ലായെന്നു തീര്‍ത്തു പറഞ്ഞു. അപ്പോള്‍ പുതിയ ഒരു പാക്കേജ് എടുത്തിട്ടു. ഡ്രസ്സിന് പൈസാ വേണ്ട. പത്തു സൈറ്റ് സീയിങ് പോയിന്റുകളുള്ളതില്‍ ഒന്‍പതെണ്ണം കുതിരപ്പുറത്തു കൊണ്ടുപോയി കാണിക്കും. ലാസ്റ്റ് പോയിന്റു വരെയും എത്തിക്കും. സ്‌കേറ്റിംഗ് എല്ലാം എക്‌സ്ട്രാ പൈസ മുടക്കണം.
പിന്നെ അങ്ങോട്ട് പേശല്‍ ആരംഭിച്ചു. ഞങ്ങള്‍ ആളൊന്നിനു അഞ്ഞൂറില്‍ തുടങ്ങി. പക്ഷെ നമ്മുടെ ഡ്രൈവര്‍ അലി ഭായി ‘ജല്‍ദി..ജല്‍ദി’ എന്നു പറഞ്ഞു ഞങ്ങളെ കുഴപ്പത്തിലാക്കി. റേറ്റ് അലിഭായിക്കുള്ള കമ്മീഷനും കൂടി ചേര്‍ത്തിട്ടാണെന്നു തോന്നുന്നു. ‘ സമയം പോകുകയാണ്, തനിയെ പോയാല്‍ ഒന്നും കാണാന്‍ ആവില്ല” , ”ന്യായമായ റേറ്റാണിവര്‍ പറയുന്നത് ”എന്നൊക്കെപ്പറഞ്ഞ് അലി ഭായിയും ഞങ്ങള്‍ക്കു വേണ്ടിയെന്ന പോല്‍ അവരോടൊപ്പം കൂടുന്നുണ്ട്. പക്ഷേ ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ പേശിപ്പേശി റേറ്റ് കുറയ്ക്കാന്‍ നോക്കി. ഒടുക്കം മൂന്നു പേര്‍ക്കും കൂടി ഡ്രെസ്സുള്‍പ്പെടെ അയ്യായിരം രൂപ റേറ്റുറപ്പിച്ച് പോണിയുടെ മുകളില്‍ കയറി സോനാമാര്‍ഗിലേയ്ക്ക് യാത്ര തുടങ്ങി.
ചില വളവുകളില്‍ എത്തിയപ്പോള്‍ കുതിരക്കാരന്‍ ഏതൊക്കെയോ സിനിമാ പിടിച്ച പോയിന്റ്,
പാട്ടില്‍ കാണുന്ന പോയിന്റ് എന്നൊക്കെ പറഞ്ഞു. എന്താണോ എന്തോ? മലഞ്ചെരിവുകളും മഞ്ഞു പുതഞ്ഞ വനങ്ങളും താഴ്വരകളുമാണ് സോനാമാര്‍ഗിന്റെ സൗന്ദര്യം. സിന്ധ് നദിയുടെ തീരത്ത് കൂടി കാര്‍ഗില്‍ ദ്രാസ് ലേ ലഡാക്ക് ഹൈവേ വളഞ്ഞു പുളഞ്ഞു മല കയറിപ്പോകുന്നു. റോഡിനിരുവശവും മഞ്ഞു വീണു കൊണ്ടിരിക്കുന്ന വന്‍പര്‍വതങ്ങള്‍. കണ്ണാടി പോലെ തെളിഞ്ഞ, മഞ്ഞുരുകിയെത്തുന്ന നീര്‍ക്കണങ്ങളുമായാണ് സിന്ധ് നദിയിലെ ജലപ്രവാഹം. നാലുപാടും വെള്ളിത്തിളക്കത്തോടെ വന്മലകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
പാതയോരത്തെ പാറക്കെട്ടുകള്‍ക്കിടയിയിലോ കുറ്റിക്കാടുകളിലോ അത്ര അകലമില്ലാതെ നിശ്ചിതദൂരത്തില്‍ തോക്കുകളുമായി രണ്ടു സൈനികരെ കാണാം. സാധാരണഗതിയില്‍ ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെടില്ല. ഒളിച്ചിരിക്കുന്നതു
പോലെയാണ് ഇവര്‍ പാറക്കെട്ടുകള്‍ക്കിടയിലും മറ്റും ഇരിക്കുന്നത്. ഓരോ യാത്രികരെയും അവരുടെ ചലനങ്ങളുമെല്ലാം പരിപൂര്‍ണ്ണമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ തണുപ്പില്‍ നമ്മുടെ സുരക്ഷയ്ക്കു വേണ്ടി , നമ്മുടെ മണ്ണു കാക്കുന്നതിനു വേണ്ടി ഇമവെട്ടാതെ നിതാന്തജാഗ്രതയോടെയാണ് ഓരോ പട്ടാളക്കാരനും ഇവിടെ സേവനം ചെയ്യുന്നത്. ഏതു സമയത്തും ഒരപകടം ഉണ്ടാകാമെന്ന സാഹചര്യം കാശ്മീരിലുണ്ട്. അത് തീവ്രവാദികളാലാകാം, കലാപകാരികളാലാകാം, ശത്രുരാജ്യത്തിന്റെ സേനയില്‍ നിന്നാകാം. പാറകള്‍ക്കപ്പുറത്ത് എന്തോ അനങ്ങുന്നതു പോലെ തോന്നിയപ്പോഴാണ് ഞങ്ങള്‍ ശ്രദ്ധിച്ചതും പട്ടാളക്കാരെ കണ്ടതും.
ലാസ്റ്റ് പോയിന്റില്‍ അതായത് ഐസ് ലൈനില്‍ എത്തിയപ്പോള്‍ നദിയില്‍ ഒരു ദ്വീപ് പോലെ പരന്ന പ്രദേശം കണ്ടു. അവിടേക്ക് കടന്നു ചെല്ലുവാനായി പാലമിട്ടിട്ടുണ്ട്. അതിനുമപ്പുറത്ത് പുഴയുടെ മറുകരയില്‍ മഞ്ഞു പുതഞ്ഞ താഴ്വരയാണ്. ദ്വീപ് പോലെയുള്ള പ്രദേശത്തു നിന്ന് പുഴയിലെ പാറക്കെട്ടുകളില്‍ കൂടി ചാടിക്കടന്ന് അപ്പുറത്തെത്താം. പുഴയും പുഴയുടെ നടുവില്‍ വൃക്ഷങ്ങള്‍ നിറഞ്ഞൊരു ദ്വീപും മഞ്ഞു
പുതഞ്ഞ ധവളശോഭയാര്‍ന്ന താഴ്വരയും. മനസ്സിന് കുളിരേകുന്ന കാഴ്ച്ചകളാണ് ചുറ്റിനും. നയനാനന്ദകരമായ പ്രകൃതിഭംഗികള്‍ ആവോളമാസ്വദിക്കാന്‍ സോനാമാര്‍ഗിലിടമുണ്ട്. ഞങ്ങളും പുഴയിലെ പാറക്കല്ലുകളില്‍ ചവിട്ടിക്കടന്ന് മറുകരയിലേയ്ക്ക് നീങ്ങി.
അവിടെ കുറേയേറെപ്പേര്‍ മഞ്ഞില്‍ ഉല്ലസിക്കുന്നുണ്ട്. അവിടെയും ദ്വീപിലെ ചില പരിസരങ്ങളിലും സ്‌ളെഡ്ജിങ് നടക്കുന്നുണ്ട്. താഴെ കുതിരപ്പുറത്തു കയറാന്‍ നേരത്ത് എന്തെല്ലാം കാര്യങ്ങളായിരുന്നു കേട്ടത്. സ്‌ളെഡ്ജിങ്, ഐസ് സ്‌കേറ്റിങ്ങ് ..അത് ..ഇത് ..മലപ്പുറം കത്തി എന്തെല്ലാമായിരുന്നു…. നമ്മുടെ കൊരണ്ടിപ്പലക പോലൊരു പലകയാണ് സ്‌ളെഡ്ജ്. അല്‍പ്പം കൂടി വലിപ്പമുണ്ട്. അതിന്റെ മുന്‍വശം അല്‍പ്പം വളഞ്ഞ് ഉയര്‍ന്നതാണ്. പലകയുടെ മുന്‍ഭാഗത്ത് കയറു കെട്ടിയിട്ടുണ്ട്, അത് മലഞ്ചെരുവില്‍ മുകള്‍ഭാഗത്ത് ഐസില്‍ കൊണ്ടു വയ്ക്കും. എന്നിട്ട് ആളെ പിടിച്ചിരുത്തിയിട്ട് നിന്ന് കയറില്‍ വലിയ്ക്കും. അല്ലെങ്കില്‍ മുകളില്‍ നിന്ന് തള്ളി വിടും. അപ്പോള്‍ സ്‌ളെഡ്ജ് എന്ന പലകയും അതിലിരിക്കുന്ന ആളും കൂടി മഞ്ഞിലൂടെ തെന്നി താഴേയ്ക്കു വരും. രസമാണ് ആ കാഴ്ച്ച കാണാന്‍. ഇങ്ങിനെ മഞ്ഞില്‍ക്കൂടി തെന്നിത്തെന്നി ആസ്വദിക്കാന്‍ അന്‍പതു രൂപാ മുതല്‍ ചാര്‍ജുണ്ട്. ഓരോ പലകയിലും ആളൊഴിയുന്ന മുറയ്ക്ക് സ്‌ളെഡ്ജുകാരന്‍ സന്ദര്‍ശകരെ സമീപിക്കുന്നുണ്ട്. ഹണിമൂണിനായെത്തിയവരാണ് കൂടുതലും സന്ദര്‍ശകരായുള്ളത് എന്നതിനാല്‍ സ്‌ളെഡ്ജിങ് ഉല്ലാസവിനോദങ്ങള്‍ നന്നായി നടക്കുന്നുണ്ട്. ഫോട്ടോകളെടുത്തും മഞ്ഞില്‍ കളിച്ചും തണുപ്പില്‍ കുളിരുന്ന ഈ കാലാവസ്ഥ അവര്‍ നന്നായി ആസ്വദിക്കുന്നുണ്ട് .
നമുക്ക് പലക ഇല്ലാതെ തന്നെ മഞ്ഞിലൂടെ ഊര്‍ന്നിറങ്ങി മുകളില്‍ നിന്നും താഴേക്ക് വരാം. അതിനു പൈസാ മുടക്കില്ലല്ലോ. യാതൊരു ബുദ്ധിമുട്ടുമില്ല. നല്ല ഇറക്കമുള്ള ജാക്കറ്റാണല്ലോ ഞങ്ങള്‍ ധരിച്ചിരിക്കുന്നത്. മഞ്ഞില്‍ക്കൂടി നടന്ന് മുകളില്‍ കയറുക. നല്ല ഇറക്കമുള്ള ചെരിവില്‍ ഐസിനു മുകളില്‍ ചെന്നിരിക്കുക , എന്നിട്ട് കാലുകള്‍ സ്വതന്ത്രമാക്കിയാല്‍ മാത്രം മതി. നമ്മളും തെന്നിയിറങ്ങി ഊര്‍ന്ന് താഴെയെത്തും. അങ്ങിനെ പണം മുടക്കാതെയും നമുക്ക് സ്‌ളെഡ്ജിങ് അനുഭവങ്ങള്‍ സ്വന്തമാക്കാം. ഞങ്ങള്‍ മൂവരും ഏതാണ്ട് ഇതേ മട്ടില്‍ കുറെയേറെ നേരം ഊര്‍ന്നിറങ്ങിയും ഐസില്‍ കളിച്ചും ഫോട്ടോകളെടുത്തും സമയം ചെലവഴിച്ചു. കുതിരക്കാരന്‍ പറഞ്ഞ സമയമായപ്പോള്‍ ഞങ്ങള്‍ തിരികെ റോഡിലേക്കിറങ്ങി. സീസണ്‍ സജീവമാകാത്തതിനാലാകാം സ്‌കേറ്റിങ്ങും മറ്റു വിനോദങ്ങളും പരിമിതമായത്. അതോ മഴക്കോളുള്ളതു കൊണ്ടാണോയെന്നും അറിയില്ല. കുറച്ച് വിശാലമായ പ്രദേശങ്ങളിലേയ്ക്ക് മഞ്ഞുറഞ്ഞ് വീണാല്‍ മാത്രമേ സ്‌കേറ്റിങ് ഒക്കെ ഭംഗിയായി നടക്കൂ.
കുതിരസവാരിയ്ക്ക് വേണ്ടി ഇത്രയും പൈസ ചിലവഴിക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യമോര്‍ത്തിട്ട് വിഷമം തോന്നി. ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചുകൊണ്ടാണ് ഇറങ്ങി വന്നത്. കാശ്മീരില്‍ കുതിരക്കാരും ഏജന്റുമാരും പറ്റിക്കുമെന്നു കേട്ടിട്ടുണ്ടായിരുന്നു. നടന്നു കയറാനുള്ള ദൂരമേയുണ്ടായിരുന്നുള്ളൂ. അതിന് ഇത്രയും പണം
പിടുങ്ങിക്കളഞ്ഞല്ലോ. ആദ്യമായിട്ടാണ് ഇങ്ങനെ ചെന്നുപെടുന്നത്. സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാല്‍ നമുക്ക് പറ്റുന്നതാണ് ഇത്തരം ചെറിയ അബദ്ധങ്ങളൊക്കെ. ഇനിയും മുന്നോട്ട് പോയെന്നാല്‍ കുറച്ചു കൂടി വ്യത്യസ്തമായ കാഴ്ച്ചകള്‍ ലഭ്യമായിരിക്കാം. ഇനിയും ഒട്ടേറെ സുന്ദരമായ പുല്‍മേടുകളും മഞ്ഞുപുതഞ്ഞ താഴ്വരകളും പിക്നിക് സ്‌പോട്ടുകളും ഉണ്ടായിരിക്കാം. മഞ്ഞുവീഴ്ച്ച കൂടുതലായതിനാല്‍ ഒരു പക്ഷേ അവയൊന്നും സജീവമായിട്ടുണ്ടാവില്ല. ശരിക്കും സോനാമാര്‍ഗില്‍ ഒരു ദിവസം തങ്ങണം. ഒരു പാട് മനോഹരങ്ങളായ സ്ഥലങ്ങളുണ്ട് ഈ പരിസരത്ത്.
ശ്രീനഗറില്‍ നിന്നും ലേയിലേക്കുള്ള ഹൈവേയിലാണ് സോനാമാര്‍ഗ്ഗ്. ശ്രീനഗറില്‍ നിന്ന് രണ്ടു പകല്‍ യാത്രയുണ്ട് ലേ പട്ടണത്തിലേക്ക്. രാവിലെ ശ്രീനഗറില്‍ നിന്ന് പുറപ്പെടുന്ന വാഹനങ്ങള്‍ സാധാരണ കാര്‍ഗിലിലോ ദ്രാസ്സിലോ രാത്രി തങ്ങിയിട്ട് പിറ്റേന്ന് പകലാണ് യാത്ര തുടരാറുള്ളത്. ലേയില്‍ നിന്ന് ചുരമിറങ്ങുന്ന വാഹനങ്ങളും അങ്ങിനെയാണ്. പര്‍വ്വതപ്രദേശങ്ങളും ചുരങ്ങളുമുള്ള വിനോദസഞ്ചാരകേന്ദ്രമാണ് സോനാമാര്‍ഗ്. സോജിലാപാസിലേയ്ക്ക് ഇവിടെ നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ശ്രീനഗര്‍ താഴ്വരയെയും കാര്‍ഗില്‍ മേഖലയെയും ബന്ധിപ്പിക്കുന്ന ചുരമാണ് സോജിലാ പാസ്.
പതിനൊന്നായിരത്തി അറുന്നൂറ് അടി ഉയരമുള്ള സോജിലാ ചുരം കാണാനും സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. മഞ്ഞുവീഴ്ച്ചയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലപ്പോഴൊക്കെ സോനാമാര്‍ഗിനപ്പുറത്തേയ്ക്ക് പാത അടച്ചിടാറുണ്ട്. ഇങ്ങോട്ടു വരുന്ന വഴിയില്‍ രണ്ടിടങ്ങളില്‍ ഞങ്ങള്‍ ടോള്‍ നല്‍കിയിരുന്നു. ആപ്പിള്‍, വാല്‍നട്ട്, വില്ലോ മരങ്ങള്‍ക്കിടയിലൂടെയും കടുകുപാടങ്ങള്‍ക്കു നടുവിലൂടെയും ശ്രീനഗര്‍ മുതല്‍ സോനാമാര്‍ഗ് വരെയുള്ള യാത്രയും ചുരങ്ങളും സിന്ധു നദിയും സോനാമാര്‍ഗ്ഗിലെ മഞ്ഞു പുതച്ച ഭൂപ്രകൃതിയും വേറിട്ടൊരു അനുഭവമാണ്.. കുതിരക്കാര്‍ എട്ടൊന്‍പതു സൈറ്റ് സീയിങ്ങ് എന്നൊക്കെ പറയും. എന്നിട്ട് ചെല്ലുമ്പോള്‍ ബജ്രംഗി ഭായിജാന്‍ ഇവിടെയാണ് ഷൂട്ട് ചെയ്തത് എന്നു പറഞ്ഞു നമ്മളെ പിടിച്ചു നിര്‍ത്തി ഫോട്ടോയും എടുക്കും.
തിരികെ മടങ്ങും വഴി സിന്ധ് വാലിയിലെ ധാബയില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ചോറും ദാലുമായിരുന്നു ഉച്ചഭക്ഷണം. ചെറുവിശ്രമത്തിനു ശേഷം മടക്കയാത്ര തുടര്‍ന്നു. വൈകിട്ട് ശ്രീനഗര്‍ നഗരത്തില്‍ തന്നെയുള്ള ഹസ്രത് ബാല്‍ ദേവാലയത്തില്‍ കൊണ്ടുപോകാമെന്നാണ് അലി ഭായി പറഞ്ഞിട്ടുള്ളത്. $