ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക?

  • അനീഷ് ആശ്രാമം

മനുഷ്യന്റെ മാതൃകാപരമായ ചിന്തകളെ നല്ലതെന്നോ, ചീത്തയെന്നോ വേര്‍തിരിക്കാനാകുമോ?. ഓരോ നിമിഷവും എത്രയോ ചിന്തകളാണ് ഓരോ വ്യക്തിയുടെയും ഉള്ളില്‍ രൂപപ്പെടുന്നത്. നിയന്ത്രണമില്ലാതെ കുന്നുകൂടി കടന്നുവരുന്നവ. ജീര്‍ണ്ണിക്കുന്നവയും, സുഗന്ധമുള്ളവയും എന്ന് അവനവന് വേര്‍തിരിക്കാന്‍ പാകത്തിന് നിരവധിയായ ചിന്തകള്‍. മനുഷ്യന് അവന്റെ ചിന്തകളെ എങ്ങനെയാണ് നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുക?, അല്ലെങ്കില്‍ അവയെ എങ്ങനെയാണ് ലോകത്തിന് നന്മ പകരുന്ന രീതിയില്‍ പാകപ്പെടുത്താന്‍ സാധിക്കുക?.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തേണ്ട വലിയൊരു വിഷയം തന്നെയാണ് ഇത്. മാനസികതലങ്ങളെയും പഠനങ്ങളെയും പഠനവിഷയമാക്കേണ്ട കാലം അതിക്രമിച്ചുയെന്നതില്‍ തര്‍ക്കമില്ല. മാനസിക പിരിമുറക്കത്തിലൂടെ വലിയ വെല്ലുവിളികളിലൂടെ കുട്ടികള്‍ കടന്നുപോകുന്ന സാഹചര്യം പരിഗണിച്ച് കുറഞ്ഞത് ഹൈസ്‌ക്കൂള്‍തലത്തിലെങ്കിലും ഇത്തരം പഠനം ആരംഭിക്കേണ്ടതുണ്ട്.

സൂക്ഷ്മമായ ചിന്തകള്‍ നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലേക്ക് നാം ശ്രദ്ധയെ കേന്ദ്രീകരിക്കുകയും അതുവഴി ചിന്തകളെ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതുല്യമായ വ്യക്തിത്വങ്ങള്‍ അവതരിക്കുന്നത് കാണാം. അങ്ങനെ നിരവധിയായ നമ്മുടെ വൈഭവങ്ങളെ നാം തന്നെ നമ്മില്‍ ഉണര്‍ത്തുന്നു.

പിരിമുറുക്കങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നീ വികാരവിസ്ഫോടനങ്ങളില്‍ മുറുക്കെ പിടിച്ച് കടന്നുപോകുന്ന ചിന്തകള്‍. കാമം, ക്രോധം, ഭയം, വിദ്വേഷം എന്നീ മാനസിക വ്യാപാരങ്ങളില്‍ വിരാജിക്കുന്ന അവ ആത്മസംഘര്‍ഷങ്ങളുണ്ടാക്കുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിത്തുപാകി ആത്മാവില്‍ ഒരു തണുത്ത സ്പര്‍ശനം നല്‍കി കടന്നുപോകുന്ന ചിന്തകളാണ് ഏറെയും. മാനസികമായ നമ്മുടെ ചിന്തകളുടെ ആന്തരികമായ അടിത്തട്ടിലെ സ്ഥായീഭാവം സ്ഥിരവും ശാന്തവുമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം നമ്മുടെ ചിന്തകള്‍ വ്യതിചലിക്കാറുണ്ട്. അതിന് കാരണം പലപ്പോഴും ബാഹ്യമായ ഇടപെടലുകളാണ്.

ശാസ്ത്രീയമായ വേര്‍തിരിവ് ചിന്തകളില്‍ രേഖപ്പെടുത്താന്‍, നിയന്ത്രണവിധേയമാക്കാന്‍ മനസ്സിന് എങ്ങനെ സാധിക്കുമെന്നത് വലിയൊരു ചോദ്യമാണ്. കടന്നല്‍ കൂട് പോലെ കൂടുകൂട്ടി പാളികളായി രൂപപ്പെട്ട് വേദനിപ്പിക്കാന്‍ പാകത്തിന് രൂപപ്പെടുന്ന ചിന്തകള്‍. ശാരീരികമായ എല്ലാ തുലനതയേയും അസാധാരണമായ രീതിയില്‍ വ്യത്യാസപ്പെടുത്താന്‍ പാകപ്പെട്ട ചിന്തകള്‍. ഇവയെ എങ്ങനാണ് മനസ്സിന് ആട്ടിപ്പായിക്കാന്‍ സാധിക്കുക? ഏതെങ്കിലും തരത്തില്‍ ഭക്ഷണവും, ദിനചര്യയും, ആരോഗ്യവും ചിന്താശക്തിയെ സ്വാധീനിക്കുന്നുണ്ടോ? നല്ലത് മാത്രം സംഭവിക്കുന്ന ഒരു ജീവിതം ചംക്രമണം എപ്പോഴാണ് സംഭവിക്കുക?

അത്തരം അവസ്ഥയാണോ ഇത്തരം ബലഹീനമായ കാട്‌കേറുന്ന ചിന്തകളെ ആട്ടിപ്പായിക്കുക? അതോ മനസ്സികമായ ആരോഗ്യത്തിന്റെ അല്ലെങ്കില്‍ ഉള്‍ശക്തിയുടെ ബാലമനുസരിച്ച് എല്ലാ അസന്തുലിതമായ മാനസ്സിക വ്യാപാരങ്ങളിലും ചിന്തകളെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമോ?. അങ്ങനെ അങ്ങനെ പലപല ചിന്തകള്‍…നീളുന്നു…തുടരുന്നു.