മലയിറങ്ങാത്ത ആശങ്കകള്‍
- സന്ദീപ് വെള്ളാരം
മലയോര ജനതയുടെ ആശങ്കയായി മാറിയിരിക്കുന്ന
ബഫര്‍ സോണ്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍
സന്ദീപ് വെള്ളാരം കൈപ്പടയുമായി സംസാരിക്കുന്നു
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇടുക്കിയുള്‍പ്പെടെ കേരളത്തിന്റെ മലയോരത്ത് വീണ്ടും സമരത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരേ ആയിരുന്നു പശ്ചിമഘട്ടം മുന്‍പ് കൊടുമ്പിരിക്കൊള്ളുന്ന സമരങ്ങള്‍ക്ക് വേദിയായതെങ്കില്‍ ഇപ്പോഴത്തേത് ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയാണ്. വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമായി ഒരു കിലോമീറ്റര്‍ പരിധി ബഫര്‍സോണാക്കി പ്രഖ്യാപിച്ച പരമോന്നത കോടതിയുടെ ഉത്തരവ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കൊന്നാകെ തിരിച്ചടിയാകുമെന്നാണ് ആശങ്ക.
ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കാലത്ത് സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന കത്തോലിക്കാ സഭ ഇത്തവണയും പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ട്. ഇടുക്കി ബിഷപ് ജോണ്‍ നെല്ലിക്കുന്നേലും തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും ഉത്തരവിനെതിരേ പരസ്യ പ്രഖ്യാപനം തന്നെ നടത്തി. ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ക്കെതിരേ ഇടുക്കി ജില്ലയില്‍ നടന്ന സമരങ്ങള്‍ ഇടുക്കി രൂപതയുടെ കീഴില്‍ രൂപീകരിക്കപ്പെട്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും മുന്‍ ഇടുക്കി ബിഷപ് അന്തരിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെയും നേതൃത്വത്തിലായിരുന്നു.
എന്നാല്‍, ഇത്തവണ ഹൈറേഞ്ച് സംരക്ഷണസമിതിയെ ഒഴിവാക്കി ഇടുക്കി രൂപത തനിച്ചാണു പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരേ അതിരൂക്ഷമായ സമരം നടന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ശുപാര്‍ശകള്‍ അതേപടി നടപ്പാക്കിയാല്‍ ഇടുക്കി ജില്ലയുടെ ഭൂരിപക്ഷം പ്രദേശങ്ങളും വനമായി മാറുമെന്നും ജനങ്ങള്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരുമെന്നും പ്രചാരണങ്ങളുണ്ടായി. രാജവെമ്പാലയെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടും, വീടിനു പച്ച പെയിന്റ് അടിക്കേണ്ടി വരും, ഇപ്പോഴത്തെ കാര്‍ഷിക വിളകളൊന്നും കൃഷി ചെയ്യാനാവില്ല എന്നൊക്കെയായിരുന്നു അന്നു കാട്ടുതീ പോലെ പ്രചരിച്ച അഭ്യൂഹങ്ങള്‍.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷക വിരുദ്ധമായി ഒന്നുമില്ലെന്ന നിലപാടെടുത്ത മുന്‍ ഇടുക്കി എംപി അന്തരിച്ച പി.ടി. തോമസ് അതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു. മുന്‍ ഇടുക്കി ബിഷപ് മാര്‍ ആനിക്കുഴിക്കാട്ടില്‍ തന്നെ തോമസിനെതിരേ രംഗത്തെത്തിയതോടെ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പി.ടി തോമസിന് സീറ്റ് നിഷേധിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേഷ്ടാവായിരുന്ന അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജ് എല്‍ഡിഎഫ് പിന്തുണയോടെ ഇടുക്കിയില്‍ നിന്നു പാര്‍ലമെന്റിലുമെത്തി.
ബഫര്‍ സോണ്‍ പ്രഖ്യാപനം വന്നതോടെ മലയോര മേഖലയില്‍ വീണ്ടും അന്നത്തെ സംഭവങ്ങളുടെ തനിയാവര്‍ത്തനത്തിനാണ് കളമൊരുങ്ങുന്നത്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായ കാലത്ത് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരായിരുന്നതിനാല്‍ ഇടതുപക്ഷത്തിന്റെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലായിരുന്നു ഇടുക്കിയില്‍ തുടര്‍ച്ചയായി ജില്ലാ ഹര്‍ത്താലുകള്‍.
ഇത്തവണ കേന്ദ്രത്തില്‍ ഭരണം എന്‍ഡിഎയ്ക്കായതിനാല്‍ എല്‍ഡിഎഫും യുഡിഎഫും അതിശക്തമായി പ്രക്ഷോഭത്തിലുണ്ട്. ഇരുപക്ഷവും ഓരോ ഹര്‍ത്താലുകള്‍ നടത്തിക്കഴിഞ്ഞു. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരെടുത്ത മന്ത്രി സഭാ തീരുമാനവും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ പുറത്തുവിടുമ്പോള്‍ കേന്ദ്രവും കേരളവും ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ജനങ്ങളെ കബളിപ്പിച്ചതെന്നാണ് എല്‍ഡിഎഫിന്റെ വാദം.
കര്‍ഷക ജനതയെ വിവിധ കാരണങ്ങളുടെ പേരില്‍ ശ്വാസംമുട്ടിച്ചു പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകളുടെ ബാക്കിപത്രമാണ് ബഫര്‍ സോണും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പോലുള്ള നീക്കങ്ങളെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ കുറ്റപ്പെടുത്തുന്നു. തകര്‍ന്ന കാര്‍ഷിക മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന പാവപ്പെട്ട ജനങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനമെന്നും ഇതിനെയാണ് ചെറുക്കേണ്ടതെന്നും കൊച്ചുപുരയ്ക്കല്‍.
അതേസമയം, ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ കാലത്തെ അനുസ്മരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ബഫര്‍സോണ്‍ വിഷയത്തിലും നടക്കുന്നതെന്നാണു പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന്‍ പറയുന്നത്. ഗാഡ്ഗില്‍ സമരകാലത്തെ പ്രധാന വാദങ്ങളിലൊന്ന് ജനങ്ങളെ കുടിയിറക്കുമെന്നായിരുന്നു. എന്നാല്‍ എട്ടുവര്‍ഷം പിന്നിടുമ്പോഴും ആരെയും കുടിയിറക്കിയിട്ടില്ല. ബഫര്‍സോണ്‍ ഉത്തരവിലും ആരെയും കുടിയിറക്കുമെന്നു പറയുന്നില്ല. ചില നിയന്ത്രണങ്ങളുണ്ടാവുമെന്നു മാത്രമേ ഉത്തരവ് അര്‍ഥമാക്കുന്നുള്ളൂ. കാര്യമറിയാതെയുള്ള തെറ്റിദ്ധരിപ്പിക്കലും സമരങ്ങളുമാണ് സഭയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ജയചന്ദ്രന്‍.
ഗാഡ്ഗില്‍ സമരകാലത്തിനു ശേഷവും ആശങ്കകള്‍ മലയിറങ്ങിയിട്ടില്ലായെന്നതാണ് ബഫര്‍സോണിനെതിരായ സമരം വെളിവാക്കുന്നത്. സമരം കത്തിപ്പടരുമോയെന്നു മാത്രമാണ് ഇനി അറിയേണ്ടത്.