ഒ.വി. വിജയന്: ദാര്‍ശനികനായ കാര്‍ട്ടൂണിസ്റ്റ്
-
ഉസ്മാന്‍ ഇരുമ്പൂഴി
കാര്‍ട്ടൂണുകള്‍ കേവലം ചിരിയുതിര്‍ത്താനുള്ള കലാരൂപമല്ല, പകരം ചിന്തയെ ഉദ്ധീപിപ്പിക്കാനുള്ള ഉപാദി കൂടിയാണെന്ന് തെളിയിച്ച മഹാപ്രതിഭയായിരുന്നു ഒ.വി. വിജയന്‍
ഒ.വി. വിജയന്‍ എന്ന സര്‍ഗധനന്റെ ബഹുമുഖ സിദ്ധികളില്‍ ഏറ്റവും പ്രാമുഖ്യം സാഹിത്യത്തിനാണോ കാര്‍ട്ടൂണ്‍ രചനക്കാണോ എന്ന ചോദ്യത്തിന് വലിയ വിഭാഗം ആസ്വാദകര്‍ പ്രത്യേകിച്ചും കേരളത്തിന് പുറത്തുള്ളവര്‍ സംശയലേശമന്യേ പറയും കാര്‍ട്ടൂണിനാണെന്ന്. വിനോദോപാധി എന്നതിനപ്പുറം ഉയര്‍ന്ന മാനങ്ങള്‍ കാര്‍ട്ടൂണിലൂടെ സാധ്യമാവുമെന്ന് തെളിയിക്കാന്‍ ഒ.വി. വിജയന് കഴിഞ്ഞു. ചിരി,ചിന്ത എന്നീ രണ്ട് ”ചി” കള്‍ കൂടിച്ചേരുന്നവയായിരിക്കണം കാര്‍ട്ടൂണുകള്‍ എന്ന പക്ഷക്കാരനായിരുന്നു ഒ.വി. വിജയന്‍.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, കോളമെഴുത്തുകാരന്‍ തുടങ്ങി സാഹിത്യത്തിലെ വിവിധ മേഖലകളില്‍ വിരാചിച്ച സര്‍ഗപ്രതിഭയായിരുന്നു ഒ.വി.വിജയന്‍. എങ്കിലും അടിസ്ഥാനപരമായി അദ്ധേഹം ഒരു കാര്‍ട്ടൂണിസ്റ്റാണെന്ന് തിരിച്ചറിയാനാവും. സാഹിത്യ രചനയിലെ അദ്ധേഹത്തിന്റെ പല കഥാപാത്രങ്ങളും കാര്‍ട്ടൂണിലെന്ന പോലെ ആക്ഷേപഹാസ്യം സ്ഫുരിപ്പിക്കുന്നവരാണ്. ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ നോവല്‍ കൊണ്ട് സാഹിത്യത്തില്‍ മഹനീയമായ ഇടം നേടിയ ഒ.വി വിജയന്റെ പല സാഹിത്യ സൃഷ്ടികളും കാര്‍ട്ടൂണിന്റെ സ്വഭാവമുള്ള കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും ദര്‍ശിക്കാനാവും.
‘ധര്‍മ്മ പുരാണം’ എന്ന ആക്ഷേപഹാസ്യ കൃതിയുടെ തുടര്‍ച്ചയായി വേണം അദ്ധേഹത്തിന്റെ കാര്‍ട്ടൂണുകളെയും പഠിക്കാന്‍. ഓട്ടു
പുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍ 1930 ജൂലൈ 2ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ജനിച്ചത്. മലപ്പുറം,
പാലക്കാട്, മദിരാശി തുടങ്ങി പലയിടങ്ങളില്‍ ചിതറിക്കിടക്കുന്ന വിദ്യാഭ്യാസകാലം. പിന്നീട് ഒരു ചെറിയ കാലയളവില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അദ്ധ്യാപകനുമായി.
എഴുത്തിലും കാര്‍ട്ടൂണ്‍ രചനയിലും താല്പര്യം ഉണ്ടായിരുന്നകൊണ്ട് അധ്യാപക ജോലി ഉപേക്ഷിച്ച് ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ഡല്‍ഹിയിലേക്ക് വണ്ടി കയറിയ ഒ.വി വിജയന്‍ ശങ്കേഴ്‌സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ചേര്‍ന്നു. അത് ഒ.വി.വിജയന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
ശങ്കേര്‍ഴ്സ് വീക്കിലി, പേട്രിയോട്ട് ദിനപത്രം, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്സ് റിവ്യൂ, (ഹോങ്കോങ്ങ്) പൊളിറ്റിക്കല്‍ അറ്റ്ലസ്, ദി ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നീ പ്രസിദ്ധീകരണങ്ങള്‍ ഒ.വി. വിജയന്‍ കാര്‍ട്ടൂണുകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഒപ്പം ഇംഗ്‌ളീഷിലും മലയാളത്തിലുമായി ലേഖനങ്ങളും സാഹിത്യ രചനകളുമായി സര്‍ഗവൈഭവം പ്രകടിപ്പിച്ചു.
തന്റെ കാര്‍ട്ടൂണുകളിലൂടെ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് നിരന്തരം വേവലാതിപ്പെടുകയും വരാനിരിക്കുന്ന അപകടാവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു ഒ.വി വിജയന്‍. രാഷ്ട്രീയക്കാരെ നേരിട്ട് ആക്രമിക്കുകയെന്ന കാര്‍ട്ടൂണിന്റെ പതിവ് രീതി വിട്ട് ബുദ്ധിപരമായ നീക്കങ്ങളിലൂടെയായിരുന്നു ഒ.വി. വിജയന്‍ നേരിട്ടിരുന്നത്.
അടിയന്തിരാവസ്ഥയുടെ നാളുകളില്‍ മനുഷ്യാവകാശം ഹനിക്കപ്പെട്ട കാലത്ത് വിജയന്‍ കാര്‍ട്ടൂണുകളിലൂടെ പ്രതികരിച്ചതും ദാര്‍ശനിക മാനങ്ങളിലൂടെയാണ്. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ഇത്തിരി നേരമ്പോക്കും ഇത്തിരി ദര്‍ശനവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പര യഥാര്‍ത്ഥത്തില്‍ അധികാരി വര്‍ഗത്തിനെതിരെ മൂര്‍ച്ചയുള്ള ആയുധ പ്രയോഗമായിരുന്നു.
നിരവധി പുരസ്‌കാരങ്ങളും ഒ.വി വിജയനെ തേടിയെത്തിയിട്ടുണ്ട്. വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ എന്നീ ബഹുമതികള്‍ നേടിയ വിജയനെ 2003ല്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു..
രാഷ്ട്രീയനിലപാടുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിനേക്കാള്‍ ചോദ്യം ചെയ്യലിന്റെ കോടതിയായി മാറുന്നതാണ് ഒ വി വിജയന്റെ കാര്‍ട്ടൂണുകളിലൂടെ പലപ്പോഴും അനുവാചകര്‍ ദര്‍ശിച്ചത്. കാലം ഒരാപത്തിന്റെ വക്കിലൂടെ കടന്നുപോകുമ്പോള്‍ ഒരു പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു ഒ.വി വിജയന്‍ കാര്‍ട്ടൂണിലൂടെ നിര്‍വഹിച്ചത്.
”ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം” എന്ന കാര്‍ട്ടൂണ്‍പുസ്തകം. ഒവി വിജയന്റേതായുണ്ട്. ട്രാജിക് ഇഡിയംസ്: ഒ.വി വിജയന്‍സ് കാര്‍ട്ടൂണ്‍സ് ആന്റ് നോട്‌സ് ഓണ്‍ ഇന്ത്യ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കാര്‍ട്ടൂണുകളെക്കുറിച്ചും അവയുടെ സങ്കേതികവശങ്ങളെക്കുറിച്ചുമുള്ള നിരവധി ലേഖനങ്ങളും ഒ.വി.വിജയന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
ചിന്താര്‍ഹമായ വരകള്‍ക്ക് കാലത്തെ അതിജീവിക്കാനാകുമെന്ന് തെളിയിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ഒ.വി.വിജയന്‍. ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥകള്‍ സമ്മാനിച്ച വീര്‍പ്പുമുട്ടലുകളില്‍ മനസ് വേവലാതിപ്പെട്ടപ്പോഴായിരിക്കാം കറുത്ത ഹാസ്യത്തിനായി ഒ.വി വിജയനെന്ന എഴുത്തുകാരന്‍ കറുത്ത വരകളെ തന്നെ ആശ്രയിച്ചത്.
സാധാരണ ഗതിയില്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകള്‍ക്ക് വളരെ ചെറിയ ആയുസ്സേ ഉണ്ടാവാറുള്ളൂ. പക്ഷെ വിജയന്റെ പല കാര്‍ട്ടൂണുകളും കാലാതിവര്‍ത്തിയായി നില്‍ക്കുന്നവയാണ്. നര്‍മ്മത്തിലും പരിഹാസത്തിലും പൊതിഞ്ഞ് അവതരിപ്പിച്ച സാമൂഹിക പ്രതിബദ്ധതയുള്ള കാര്‍ട്ടൂണുകളില്‍പോലും രാഷ്ട്രീയ ശരീരങ്ങള്‍ കടന്നുവരുന്നതാണ് പലപ്പോഴും കാണാറുള്ളത്. വ്യക്തികളേക്കാള്‍ ചെയ്തികള്‍ക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ഒ.വി വിജയന്റെ കാര്‍ട്ടൂണുകള്‍ എക്കാലത്തും പ്രസക്തമാവുന്നത്.
വിജയന്റെ ലളിതമായ വരകളില്‍ തെളിഞ്ഞത് ഇന്ത്യയുടെ വിദൂരഭാവിയായിരുന്നെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ന് നമ്മള്‍ വേദനയോടെ മനസ്സിലാക്കുന്നു. കാര്‍ട്ടൂണിനെ വെറും ചിരി ഉല്‍പന്നമാക്കി മാറ്റാന്‍ വിജയന്‍ ഒരുക്കമായിരുന്നില്ല. പതിഞ്ഞ ചിരിയില്‍ ദര്‍ശനങ്ങള്‍ നിറച്ചുവെയ്ക്കാന്‍ വിജയനിലെ കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധവെച്ചു. അത് കൊണ്ട് തന്നെ ഒ.വി വിജയന്റെ കാര്‍ട്ടൂണുകള്‍ക്ക് ഏറുപടക്കത്തിന്റെ ശക്തിയുണ്ടായിരുന്നു. ഒരു ദാര്‍ശനിക വിസ്ഫോടനം എന്ന് ഇതിനെ വിശേഷിപ്പിക്കാം.
ചിന്തയിലും വരയിലുമെല്ലാം തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച് കാര്‍ട്ടൂണുകളിലൂടെ വേറിട്ടൊരു ഭാവുകത്വം സൃഷ്ടിച്ച മൗലിക പ്രതിഭയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളും ഓര്‍മ്മപ്പെടുത്തലുകളും കൊണ്ട് കറുത്തഹാസ്യം സൃഷ്ടിച്ച വിജയന്‍ കാര്‍ട്ടൂണില്‍ അതുവരെയില്ലാത്ത ഒരു വഴി തുറക്കുകയായിരുന്നു.
കാര്‍ട്ടൂണുകളെ പൊള്ളച്ചിരിക്കുള്ള ഉപാദിയാക്കി മാറ്റുന്നതിന് പകരം കാര്‍ട്ടൂണുകളില്‍ ദര്‍ശനങ്ങളെ നിറച്ചുവെയ്ക്കുകയാണ് ഒ.വി വിജയന്‍ ചെയ്തത്. ഈ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനാവാത്തതിനാലാവാം മലയാളികള്‍ ഒ.വി.വിജയന്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാതിരുന്നത.്
ഖസാക്കിന്റെ ഇതിഹാസകാരന്‍ വരയിലും, ദര്‍ശനത്തിലും ഇതിഹാസമായി മാറി എന്ന് തെളിയിക്കുന്നതാണ് ഒ.വി വിജയന്റെ കാര്‍ട്ടൂണുകള്‍. കാലത്തിനതീതമായി അവ നിലകൊള്ളുന്നു അത് കൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പേ വരച്ച രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പോലും എക്കാലത്തും പ്രസക്തമാവുന്നത്. $