• ബിനോയ് എം.ബി

”അമ്മ മുറിയില്‍ തനിച്ചായിരുന്നു. ജാലകത്തിനപ്പുറം കത്തുന്ന പകല്‍. അവരുടെ ഭര്‍ത്താവ് മുന്‍പെ മരിച്ചു പോയിരുന്നു. മക്കള്‍ വിവാഹിതരും, കുഞ്ഞുങ്ങള്‍ ഉള്ളവരുമായ അവരുടെ ആണ്‍മക്കള്‍. അവര്‍തന്നെയാണ് അമ്മയെ ആ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്ഥലം കാലിയാക്കിയത്. അമ്മയ്ക്ക് ഭ്രാന്താണത്രെ!.

മക്കള്‍ അമ്മയ്ക്ക് ഇപ്പോഴും ചെറിയ കുട്ടികള്‍. സ്വന്തം കരവലയത്തിനുള്ളില്‍ അവരെ സംരക്ഷിച്ചു പാലിക്കാന്‍ അവര്‍ കൊതിക്കുന്നു. അമ്മ ജാലകം തുറന്നു. പകല്‍ ഇതള്‍ കൊഴിയുന്നു. കണ്ണീരണിഞ്ഞ വാനം. സന്ധ്യ ഇരുട്ടിന്റെ പാമ്പുകള്‍ ഇഴഞ്ഞുവരുന്നു. അമ്മ ജനലഴിക്കുള്ളിലൂടെ കൈനീട്ടി.

കുഞ്ഞുങ്ങള്‍. താഴത്തും, തലയിലും വെയ്ക്കാതെ താന്‍ വളര്‍ത്തിയ തന്റെ കുട്ടികള്‍. അവര്‍ക്ക് ആ നിമിഷംതന്നെ മക്കളെ കെട്ടിപ്പിടിച്ച് നെറുകയില്‍ നുകര്‍ന്ന് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷേ, ഒരു ഭ്രാന്തി ആയി മുദ്രകുത്തപ്പെട്ട തന്നെ കാണാന്‍ ഇനി ഒരിക്കലും അവര്‍ വരില്ല എന്ന് ആ അമ്മ അറിഞ്ഞതേയില്ല.

നിലാവില്‍ തിളങ്ങുന്ന വീഥിയിലേയ്ക്ക് അവര്‍ വഴിക്കണ്ണും നട്ടുനിന്നു. പിന്നെ ‘എന്റെ മക്കളേ’ എന്നും വിലപിച്ച് തണുനിലത്തേയ്ക്ക് ഊര്‍ന്നിരുന്നു. ജാലകത്തിനപ്പുറം പരന്നൊഴുകിയ കദനനിലാവില്‍ ആകാശം നിറഞ്ഞ് നിന്നിരുന്ന നക്ഷത്രങ്ങള്‍ നിസ്സംഗനെടുവീര്‍പ്പോടെ കണ്‍ചിമ്മാതെ നിന്നു. നിമിഷങ്ങള്‍ അടര്‍ന്നുവീഴുന്ന ഒച്ചമാത്രം അവിടെ നിറഞ്ഞുമുഴങ്ങി!”.