തോന്നല്‍
- സുജ ശശികുമാര്‍
മഴ തോരാത്ത മരങ്ങള്‍
മാടി വിളിക്കുന്നു കാറ്റിനെ
മടിയേതുമില്ലാതെ മയങ്ങാന്‍
ഇരുളില്‍ മറയുവാന്
ഓര്‍മ്മ തന് ചില്ലയില്‍
താളം പിടിക്കുവാന്‍
എവിടെയോ മറന്ന ബാല്യത്തെ
തിരികെ കൂട്ടാന്‍
മനസ്സിലേക്കൂളിയിടാന്‍
പടിയിറങ്ങിയ പകലിനെ
മനച്ചെപ്പിലൊളിപ്പിച്ചു വെയ്ക്കാന്‍
കരിന്തിരി കത്തിയ
വിഷാദത്തെ ചിതയിലൊടുക്കാന്‍
ചിന്തകളുടെ കരിയിലക്കൂട്ടങ്ങളെ
ഉഷ്ണതയുടെ
കാറ്റില്‍ പറത്തണം
നഷ്ടസ്വപ്നങ്ങളെ
അനന്തവിഹായസ്സിലേക്കു
നക്ഷത്രങ്ങളായി പറത്തി വിടണം
വിലക്കപ്പെട്ടവന്റെ നിയമങ്ങള്‍ക്കു
വിലങ്ങു വെക്കണം
ഒറ്റപ്പെട്ടവന്റെ ചുടുനിശ്വാസം
അകത്തളത്തില്‍ ആളിപ്പടരണം.
ഒരു മിന്നല്‍ കാഴ്ച്ചയായി
എല്ലാം ഒടുങ്ങണം
കാഴ്ച്ചയ്ക്കപ്പുറം ഉള്ള
ഒരു തുറന്നിട്ട ജാലകം
മെല്ലെ അടയ്ക്കണം
അതെന്റെ മിഴികളാവണം….