•  നിബിന്‍ കള്ളിക്കാട്

തീവണ്ടിയിലെ പാട്ടുകാരെല്ലാം
ജീവിതവും കൊണ്ട്
യാത്രയാകുന്നവരാണ്,
വിഷമങ്ങളുടെ ദൂരങ്ങള്‍
ഇനിയും വ്യക്തമല്ലാത്ത
ഓരോ സ്റ്റേഷനുകളിലും
കാണുന്ന മുഖങ്ങളെ
മറവിയാല്‍ അകറ്റി
അവരും മാറി മാറി
അകന്നു പോകുന്നു ….!

അന്നത്തിനായ് നീളുന്ന
അവരുടെ കൈകളില്‍
തിരുകുന്ന നാണയതുട്ടുകള്‍
അന്നത്തെ അവരുടെ
റേഷന്‍ വിഹിതമായി
വിശപ്പകറ്റുബോള്‍,
കുതിച്ചു പായുന്നൊരാ-
രാത്രിയും പകലുകളും
അറിയാത്തൊരാ
പാട്ടുകള്‍ക്ക് വീഴുന്ന
ചില്ലറ കാശുകള്‍
കിലു കിലും താളമിടുന്നു …!

അവരുടെ പ്രാര്‍ത്ഥനകളില്‍
ഉള്ളിലെ സങ്കട കടലില്‍
ഉപ്പ് പോരെന്ന് ചൊല്ലി
കരഞ്ഞു പാടാന്‍
കണ്ണീരുപ്പിന്റെ കടലുകള്‍
നിറയ്ക്കാന്‍ നിയോഗിച്ച
ദൈവത്തെ പോലുമവര്‍
സ്തുതിച്ചു പാടവേ…

നിങ്ങളില്‍ ചിലര്‍ വെളുത്ത
കയ്യുടെ നീളന്‍ വിരലുകളാല്‍
ദൂരേക്ക് ദൂരേക്കെന്ന് ചൂണ്ടിയലറുമ്പോള്‍
അവരുടെ താളവും ഗാനവും നിലയ്ക്കുന്നു
ഒമര്‍ ഖയാമില്‍ നിന്നും കട്ടെടുത്ത
മധുവൂറുന്ന പോലെ
നെഞ്ചോടടുക്കുന്ന അവന്റെ
പാത്രത്തില്‍ ചിരിച്ചു വീണ
നിന്റെ നാണയങ്ങളിലെല്ലാം
നിന്‍ മനസ്സുപോലെ
കല്‍ക്കരി ഖനികളിലെ
അയിരുറഞ്ഞ് കറുത്തുറഞ്ഞ്,
നിറം കെട്ടു പോയതവര്‍
അറിഞ്ഞതിനാലാണോ …!

നിസ്സഹായാവസ്ഥയ്ക്ക്
ചരിത്രം കുറിക്കുവാന്‍
മറന്നു പോയവരാണവര്‍,
എഴുതി വച്ചൊരാ ശാസ്ത്രങ്ങള്‍
അറിയാതെ വിധിയുടെ
എഴുത്താണി തപ്പി അവരുടെ
ജീവിതം മാറ്റിയെഴുതാനായി
വീണ്ടും വീണ്ടും പാടി പാടി

സ്വപ്‌നങ്ങളുടെ പ്രതീക്ഷയില്‍
ദു:ഖത്തിന്‍ തീവണ്ടികളില്‍
യാതയായി ദൂരേക്ക് മറയുന്നവര്‍