• ബിന്ദു ഷിജുലാല്‍

പകര്‍ത്തി എഴുതാന്‍
കഴിയാത്ത ഭാവനയുടെ
ഇരിപ്പിടങ്ങളാണ് അടുക്കളകള്‍

അക്ഷരങ്ങള്‍ വരികളായി
രൂപപ്പെടാന്‍ എടുക്കുന്ന
സമയത്തിനുള്ളില്‍
കരിഞ്ഞു പോയ കറിയും
തിളച്ചു തൂവിയ പാലും
പിന്‍വിളി നടത്തും.

തിരികെയെത്തുമ്പോള്‍
അനുസരണയില്ലാത്ത
കുട്ടിയെപ്പോലെ വാക്കുകള്‍
പലവഴി ചിതറിയോടിയിട്ടുണ്ടാവും.

രുചികെട്ട കറിയും
കനല്‍ കെട്ട അടുപ്പും
എന്നെ നോക്കി ഇളിക്കും.

ബഹളം വയ്ക്കാനാവാത്തതിനാല്‍
എച്ചില്‍ പത്രങ്ങള്‍ എന്നെ
തുറിച്ചു നോക്കും.

നിര്‍ത്താതെ പോകുന്ന ബസിനെയും,
നഷ്ടമാകുന്ന സമയത്തെയും
ഓര്‍മിപ്പിച്ചു കൊണ്ട് ചുമരില്‍
മണി മുഴങ്ങും.

അടുക്കളയും മുറികളും
തമ്മില്‍ ഓടിയെത്താവുന്നതിലും
ദൂരക്കൂടുതല്‍ തോന്നിക്കും..

ഓട്ടത്തിനിടയില്‍ ചില്ലലമാരയില്‍
അടുക്കിവച്ച പുസ്തകങ്ങള്‍
എന്നെ പാളി നോക്കും…
നിര്‍ത്താതെ പോകുന്ന ബസിലെ
ഡ്രൈവറുടെ ഭാവമാകും എനിക്കപ്പോള്‍.

ഓടി ഓടി എത്താനാവാത്ത ദൂരം
പിന്നെയും ഓടി ദിവസങ്ങളെ ഞാന്‍
പകുത്തെടുക്കും.
അപ്പോഴും ചിതറിപ്പോയ
വാക്കുകള്‍ ഒരുമിക്കാനാവാതെ
ബാക്കിയാകും.